ചെങ്ങന്നൂര്‍: ബി.ജെ.പിയെ സമ്മർദത്തിലാക്കി ബി.ഡി.ജെ.എസ്
text_fieldsആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എങ്ങെനയും വിജയം ഉറപ്പിക്കാനായി ബി.ജെ.പി അണിയറയിൽ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതിനിടെ സമ്മർദ തന്ത്രവുമായി ബി.ഡി.ജെ.എസ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലം മുതൽ ഇണങ്ങിയും പിണങ്ങിയും എൻ.ഡി.എ ഘടകകക്ഷിയായി തുടരുന്ന ബി.ഡി.ജെ.എസ് ഇക്കുറി മുന്നണി ബന്ധം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കടുത്ത തീരുമാനം എടുക്കുമെന്നാണ് ഭീഷണി മുഴക്കുന്നത്.
ഇതിന് മുന്നോടിയായി ഞായറാഴ്ച ചെങ്ങന്നൂരിൽ ചേരാൻ നിശ്ചയിച്ച എൻ.ഡി.എ ജില്ല നേതൃയോഗത്തിൽ പെങ്കടുക്കില്ലെന്ന് ബി.ഡി.ജെ.എസ് അറിയിച്ചു. ഇതേതുടർന്ന് യോഗം മാറ്റിവെച്ചു. എന്നാൽ, യോഗം മാറ്റിയതിൽ ബി.ഡി.ജെ.എസുമായി ബന്ധമില്ലെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ വിശദീകരണം. 14ന് ആലപ്പുഴയിൽ ചേരുന്ന ബി.ഡി.ജെ.എസ് സംസ്ഥാന എക്സിക്യൂട്ടിവും ജനറല്‍ കൗണ്‍സിലും മുന്നണി ബന്ധത്തിെൻറ കാര്യത്തിൽ നിര്‍ണായക തീരുമാനം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിലെ പാർട്ടി നിലപാട് സംബന്ധിച്ച തീരുമാനവും അന്നുണ്ടാകും. മുന്നണി ബന്ധം അവസാനിപ്പിക്കുക വഴി മാത്രേമ ബി.ഡി.ജെ.എസിന് തുറന്ന നിലപാട് സ്വീകരിക്കാൻ കഴിയൂവെന്ന അഭിപ്രായം മുതിർന്ന നേതാക്കളിൽ രൂപപ്പെട്ടിട്ടുണ്ട്. തങ്ങളെ പറഞ്ഞ് പറ്റിച്ച ബി.െജ.പിയെ പാഠംപഠിപ്പിക്കണമെന്ന അഭിപ്രായമുള്ളവരാണ് ഇവർ.
പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനമായിരുന്നു ആദ്യം പറഞ്ഞു കേട്ടത്. പല മന്ത്രിസഭ പുനഃസംഘടനകൾ കഴിഞ്ഞപ്പോഴും തുഷാർ അവഗണിക്കപ്പെട്ടു. പിന്നീട് നാളികേരള വികസന ബോർഡിെൻറയോ കയർബോർഡിെൻറയോ അധ്യക്ഷ പദവിയാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഇൗ പദവികളിലേക്ക് വേറെയാളുകളെ നിശ്ചയിച്ചപ്പോഴും പാർട്ടി പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ രാജസ്ഥാനിൽനിന്ന് രാജ്യസഭ അംഗത്വം എന്നത് ഏറക്കുറെ തീരുമാനമായെങ്കിലും പിന്നീട് ഇതിലും ഉറപ്പില്ലാതായതോടെ നേതൃത്വം പരസ്യമായി അതൃപ്തി രേഖപ്പെടുത്തി തുടങ്ങി. അണികളിൽ പാർട്ടി നേതൃത്വത്തെക്കുറിച്ച് അവമതിപ്പ് ഉണ്ടാകുമെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിന് പിന്നിൽ.
പാര്‍ലമെൻറ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബൂത്തുതലം മുതല്‍ പാര്‍ട്ടി കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശകലനമാണ് അടുത്ത നേതൃയോഗത്തിെൻറ പ്രധാന അജണ്ടയായി കഴിഞ്ഞ കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്. പ്രതിഷേധ സ്വരങ്ങളുയര്ത്തിയപ്പോഴൊക്കെ ബി.ജെ.പി ദേശീയ നേതൃത്വം ഇടപെട്ട് മോഹന വാഗ്ദാനങ്ങള്‍ നല്കി ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കുകയായിരുന്നു.
ഇനി ഇത്തരത്തില്‍ മുന്നോട്ടുപോയാൽ പാർട്ടിയുടെ അടിത്തറ തകരുമെന്നും സമുദായപിന്തുണ പൂർണമായും നഷ്ടപ്പെടുമെന്നും തിരിച്ചറിഞ്ഞ നേതൃത്വത്തിന് സാമൂഹികനീതിയെന്ന അടിസ്ഥാന മുദ്രാവാക്യത്തിൽ മുന്നേറുന്നതാണ് അഭികാമ്യമെന്ന തോന്നലുമുണ്ട്. ഇൗ മുദ്രാവാക്യത്തിന് എൻ.ഡി.എ മുന്നണിയിൽ ഒട്ടും വില ലഭിക്കുന്നില്ലെന്ന അഭിപ്രായവും ബി.ഡി.ജെ.എസിനുണ്ട്. തങ്ങൾ മുന്നണി വിട്ടാൽ ബി.ജെ.പിയുടെ വോട്ടിങ് ശതമാനത്തില്‍ കുറവുണ്ടാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ചെങ്ങന്നൂരിൽ 19 ശതമാനം ഇൗഴവ വോട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.