അവസാന കുതിപ്പിൽ കളമിളക്കി സ്ഥാനാർഥികൾ
text_fieldsചെങ്ങന്നൂർ: പ്രചാരണത്തിെൻറ കൊടുമുടിയിലാണ് ചെങ്ങന്നൂർ. തെരഞ്ഞെടുപ്പിന് കേവലം ഏഴുദിവസം മാത്രമെ ബാക്കിയുള്ളൂ. പ്രധാന മുന്നണികളുടെ പ്രവർത്തകരും നേതാക്കളും അഹോരാത്രം ചെങ്ങന്നൂരിെൻറ എല്ലാ ഭാഗത്തും സാന്നിധ്യമറിയിച്ച് നീങ്ങുകയാണ്. ഇനി കയറാൻ വീടുകളുണ്ടോ, കാണാൻ ഗൃഹനാഥന്മാരുണ്ടോ, സാമുദായിക നേതാക്കളുണ്ടോ, പൗരപ്രമുഖരുണ്ടോ എന്നിങ്ങനെയുള്ള വിശകലനത്തിരക്കിലാണ് പ്രാദേശിക നേതാക്കൾ. ആര് മുന്നിൽ, ആര് പിന്നിൽ എന്ന് പറയാൻ കഴിയാത്ത ഇളക്കിമറിച്ചിലാണ് തന്ത്രങ്ങളുടെ എല്ലാ അടവുകളും ആവനാഴിയിൽനിന്ന് പുറത്തെടുത്ത് പാർട്ടികൾ നടത്തുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാനും യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയും പലവട്ടം മണ്ഡലമാകെ സഞ്ചരിച്ചുകഴിഞ്ഞു. ത്രികോണ മത്സരത്തിെൻറ തീവ്രമായ ചൂടിലാണ് ഇൗ ഭൂപ്രദേശം. കലാശക്കൊട്ടിെൻറ അടുത്തേക്ക് നീങ്ങുേമ്പാൾ മണ്ഡലം ഇളക്കിമറിക്കാൻ നേതാക്കളുടെ പടയും എത്തുന്നു.
വി.എസ്. അച്യുതാനന്ദെൻറ സ്വതസിദ്ധ പ്രസംഗവൈഭവമാണ് ഞായറാഴ്ച ഇടതുമുന്നണിക്ക് മുതൽക്കൂട്ടായത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റുനേതാക്കളും തുടർദിവസങ്ങളിലെത്തും. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന-കേന്ദ്ര കമ്മിറ്റി നേതാക്കളും ദിവസങ്ങളായി ചെങ്ങന്നൂരിന് ചിരപരിചിതരാണ്. ഒരിഞ്ച് വിട്ടുകൊടുക്കാതെ നീങ്ങുകയാണ് യു.ഡി.എഫും.
പരമ്പരാഗത തട്ടകം തിരിച്ചുപിടിക്കാനുള്ള ആവേശം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇവിടെതന്നെയാണ്. വി.എം. സുധീരൻ ഉൾപ്പെടെയുള്ള നേതാക്കൾ വേറെയും. എ.കെ. ആൻറണി എത്തുന്നതോടെ യു.ഡി.എഫിെൻറ പോർമുഖത്തിന് കൂടുതൽ തിളക്കമാകുമെന്ന് അവർ പറയുന്നു.
എൻ.ഡി.എക്കുവേണ്ടി എത്തുന്നത് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്കുമാർ ദേവും പ്രതിരോധമന്ത്രി നിർമല സീതാരാമനുമാണ്. ബി.െജ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനാണ് ചെങ്ങന്നൂരിൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. മൂന്ന് മുന്നണിക്കും വേണ്ടിയുള്ള കലാജാഥകളും തകൃതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.