ചെങ്ങന്നൂരിൽ യു.ഡി.എഫിന് കേരളാ കോൺഗ്രസ് പിന്തുണ
text_fieldsകോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കാൻ കേരള കോൺഗ്രസ് എം തീരുമാനം. പാലായിൽ പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ വസതിയിൽ ചേർന്ന ഉപസമിതി യോഗമാണ് ഡി. വിജയകുമാറിനെ പിന്തുണക്കാൻ തീരുമാനിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കാർഷികവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് കെ.എം. മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുന്നണി പ്രവേശനം ഇപ്പോഴത്തെ അജണ്ടയിലില്ല. ഉപതെരഞ്ഞെടുപ്പിെൻറ കാര്യത്തിൽ മാത്രമാണ് ഇൗ തീരുമാനം. യു.ഡി.എഫുമായുള്ള ശത്രുത അവസാനിച്ചോയെന്ന ചോദ്യത്തിന് ശത്രുക്കളോടുപോലും ക്ഷമിക്കുന്നതാണ് തെൻറ രീതിയെന്നായിരുന്നു മറുപടി. ഉപസമിതി യോഗം ചേരുംമുമ്പ് പി.ജെ. ജോസഫും മാണിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ചെങ്ങന്നൂരിൽ കേരള കോൺഗ്രസ് എം സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലേക്ക് യു.ഡി.എഫ് സ്ഥാനാർഥിയെ ക്ഷണിക്കും.
വർഗീയതയെ ചെറുക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ പങ്കാളികളാകുന്ന സഖ്യത്തിന് മാത്രമേ കഴിയൂവെന്ന പാഠമാണ് കര്‍ണാടക തെരെഞ്ഞടുപ്പ് നല്‍കുന്നതെന്ന് ഉപസമിതി വിലയിരുത്തി. മതനിരപേക്ഷ സഖ്യത്തിനെ ശക്തിപ്പെടുത്തുന്ന നിലപാടാണിത്. ഇൗ മാസം 11ന് ചേർന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ചെങ്ങന്നൂർ നിലപാട് സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായഭിന്നത ഉടലെടുത്തത്.
എൽ.ഡി.എഫിലേക്ക് പോകണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടപ്പോൾ യു.ഡി.എഫിനെ പിന്തുണക്കണമെന്ന ആവശ്യം പി.ജെ. ജോസഫ് വിഭാഗം മുന്നോട്ടുവെച്ചു. തുടർന്ന് അഭിപ്രായസമന്വയം രൂപപ്പെടുത്താനാണ് ഉപസമിതിയെ ചുമതലപ്പെടുത്തിയത്. ഇതോടെ മാണിയെ കൂടെനിർത്താനുള്ള ചർച്ചകൾ യു.ഡി.എഫിൽ സജീവമായി. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ തിങ്കളാഴ്ച മാണിയെ വീട്ടിലെത്തി കണ്ടതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.