ചെങ്ങന്നൂർ: മാണിയുടെ പിന്തുണയിൽ യു.ഡി.എഫിന് ആത്മവിശ്വാസമേറി
text_fieldsആലപ്പുഴ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ചെങ്ങന്നൂരിൽ കെ.എം. മാണിയുടെ പിന്തുണ ഉറപ്പാക്കാനായതിൽ യു.ഡി.എഫിന് ആവേശത്തോടൊപ്പം ആത്മവിശ്വാസവും. നിലപാടിന് കടകവിരുദ്ധമായി മാണിെയ കൂടെ കൂട്ടാൻ നടത്തിവന്ന അടവുനയം തകിടം മറിഞ്ഞതോടെ സി.പി.എമ്മിന് പൊതുവെ ക്ഷീണമായി. അനുകൂല തീരുമാനം സമ്മതിദായകരിൽ എത്തിച്ച് വോട്ടുകളായി മാറ്റുന്നതിനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് നേതൃത്വം. വ്യാഴാഴ്ച പാർട്ടിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മണ്ഡലത്തിൽ നടക്കുന്നുണ്ട്.
ചെങ്ങന്നൂർ മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ കോൺഗ്രസുമായി ഭരണം പങ്കുവെക്കുന്ന പാർട്ടി എന്ന നിലയിൽ കേരള േകാൺഗ്രസിനെ തള്ളിക്കളയാൻ യു.ഡി.എഫിന് കഴിയുമായിരുന്നില്ല. തിരുവൻവണ്ടൂരിൽ ബി.ജെ.പിയെ താഴെയിറക്കി സി.പി.എമ്മും കോൺഗ്രസും ചേർന്ന് കേരള കോൺഗ്രസിനെയാണ് പ്രസിഡൻറായി അവരോധിച്ചത്. പാണ്ടനാട്ടും മാന്നാറും കോൺഗ്രസ് ഭരിക്കുന്നത് മാണി കേരള കോൺഗ്രസിെൻറ പിന്തുണയോടെയാണ്. ചെങ്ങന്നൂർ നഗരസഭയിലെ വൈസ് ചെയർപേഴ്സൻ സ്ഥാനവും കേരള കോൺഗ്രസിനാണ്. കരാർ പ്രകാരമുള്ള ആദ്യയാളുടെ കാലാവധി അവസാനിച്ചശേഷം ഒഴിഞ്ഞുകിടക്കുന്ന സ്ഥാനം നികത്തുന്ന വിഷയം ചെങ്ങന്നൂർ വിഷയത്തിൽ കീറാമുട്ടിയായി തുടരുന്നതിനിെടയാണ് പാലായിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം മുൻനിർത്തി പ്രാദേശികമായ രാഷ്ട്രീയ സംവിധാനത്തിൽ കേരള കോൺഗ്രസ് നിർണായക ഘടകമാണ്. ചെന്നിത്തല, വെണ്മണി പ്രദേശങ്ങളിലടക്കം മൂവായിരത്തോളം വോട്ട് പാർട്ടിക്കുണ്ടെന്നാണ് കണക്കുകൂട്ടൽ. ഏതുവിധേനയും മാണിയെ കൂടെ കൂട്ടുന്നതുവഴി യു.ഡി.എഫിനെ തകർക്കാൻ സഹായകമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി.എം. അതിനായി നേരേത്ത നടത്തിയ പ്രസ്താവനകളെല്ലാം പിണറായി വിജയനും േകാടിയേരി ബാലകൃഷ്ണനും അടക്കമുള്ള നേതൃത്വം വിഴുങ്ങി ചുവപ്പുപരവതാനി വിരിച്ച് കാത്തിരിക്കുകയായിരുന്നു.
എന്നാൽ, മാണിയില്ലാതെയും എൽ.ഡി.എഫ് ചെങ്ങന്നൂരിൽ വിജയിക്കുമെന്ന് വി.എസ്. അച്യുതാനന്ദൻ ഞായറാഴ്ച മണ്ഡലത്തിൽ നടത്തിയ പ്രസ്താവന പാർട്ടി നേതൃത്വത്തിൽ അസ്വസ്ഥത പരത്തിയിരുന്നു. നേരേത്ത മുതൽ സി.പി.െഎ സ്വീകരിച്ചുപോന്ന നിലപാടിന് അടിവരയിടുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.