ചെങ്ങന്നൂരിൽ വിധിയെഴുതാൻ 1,99,340 വോട്ടർമാർ
text_fieldsആലപ്പുഴ: ചെങ്ങന്നൂരിൽ വിധിയെഴുതാൻ 1,99,340 സമ്മതിദായകർ. ഉപതിരഞ്ഞെടുപ്പിെൻറ ഭാഗമായി നടത്തിയ കൂട്ടിചേർക്കലുകൾക്കും തിരുത്തലുകൾക്കും ശേഷമുള്ളതാണ് ഈ കണക്ക്. ഈ വർഷമാദ്യം പ്രസിദ്ധീകരിച്ച അന്തിമപട്ടിക പ്രകാരം 1,88,632 വോട്ടർമാരായിരുന്നു മണ്ഡലത്തിൽ. 10,708 വോട്ടർമാരുടെ വർധനയാണ് ഉണ്ടായത്. ഈ തെരഞ്ഞെടുപ്പോടെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന കന്നിവോട്ടർമാരുടെ എണ്ണം 5039 ആണ്.
മെയ് എട്ടുവരെയുള്ള കൂട്ടിചേർക്കലുകളും ഒഴിവാക്കലും ഉൾപ്പെടെ ഇപ്പോൾ മണ്ഡലത്തിൽ 92,919 പുരുഷ വോട്ടർമാരും 1,06,421 വനിത വോട്ടർമാരുമാണുള്ളത്. ഈ വർഷമാദ്യത്തെ പട്ടികയിൽ ഇത് യഥാക്രമം 87,795, 1,00,907 എന്നിങ്ങനെയായിരുന്നു. വനിത വോട്ടർമാരുടെ എണ്ണത്തിൽ 5559 പേരുടെ വർധനയുണ്ടായപ്പോൾ 43 പേരെ ഒഴിവാക്കി. പുരുഷവോട്ടർമാരിൽ 52 പേരെ ഒഴിവാക്കിയപ്പോൾ പുതുതായി ചേർത്തത് 5174 പേരെയാണ്. മണ്ഡലത്തിൽ ഭിന്നലിംഗ വോട്ടർമാർ ആരുമില്ല.
മണ്ഡലത്തിലെ വോട്ടർമാരിൽ നിർണായക സ്വാധീനമുള്ള പ്രായ ഗ്രൂപ്പ് 30-39 വയസുള്ളവരും 40-49 വയസുള്ളവരുമാണ്. ആകെ വോട്ടർമാരിൽ 16.52 ശതമാനം പേർ അതായത് 39,265 വോട്ടർമാർ 30-39 പ്രായ ഗ്രൂപ്പിൽ നിന്നുള്ളവരാണ്. 38779 (16.32 ശതമാനം) വോട്ടർമാർ 40-49 സംഘത്തിൽ നിന്നുള്ളവരാണ്.
50-59 പ്രായഗ്രൂപ്പുകാരായി 34,182 (14.38 ശതമാനം) വോട്ടർമാരും മണ്ഡലത്തിലുണ്ട്.60-69 പ്രായഗ്രൂപ്പുകാരായി 27,889 വോട്ടർമാരും 70-79 സംഘത്തിൽ 14,543 വോട്ടർമാരും മണ്ഡലത്തിലുണ്ട്. 20-29 ഗ്രൂപ്പിലുള്ള 34,070 വോട്ടർമാരും 80 വയസിനു മുകളിലായി 5573 വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്.
തെരഞ്ഞെടുപ്പിനാവശ്യമായ വോട്ടർപട്ടിക അച്ചടി പൂർത്തിയായി. അന്തിമപട്ടികക്ക് ശേഷമുള്ള കൂട്ടിചേർക്കൽ പട്ടിക ഇതിനകം അച്ചടിച്ചു കഴിഞ്ഞു. സ്ഥാനാർഥികൾക്കുള്ള പട്ടിക ഇന്നലെ വിതരണം ചെയ്തു. വോട്ടർമാർക്കുള്ള സ്ലിപ്പുകളുടെ അച്ചടിയും പൂർത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.