ചെങ്ങന്നൂർ: വിഷ്ണുനാഥിന് പകരക്കാരനെ തേടി യു.ഡി.എഫ്
text_fieldsആലപ്പുഴ: എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തിയതോടെ ചെങ്ങന്നൂരിൽ ആരായിരിക്കും യു.ഡി.എഫ് സ്ഥാനാർഥിയെന്ന കാര്യത്തിൽ ചർച്ചകൾ സജീവമായി. പലരുടെയും പേരുകൾ ഉയർന്നതോടെ ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ നേതൃത്വം ആശയക്കുഴപ്പത്തിലാണ്. മണ്ഡലത്തിലെ മാന്നാർ, ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡൻറുമാർ, ഡി.സി.സി. ഭാരവാഹികൾ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനത്ത് മൂന്നിലേറെ തവണ യോഗങ്ങൾ നടന്നെങ്കിലും അഭിപ്രായ സമന്വയമുണ്ടാക്കാനായില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു യോഗങ്ങൾ.
തർക്കങ്ങളും ആരോപണ-പ്രത്യാരോപണങ്ങളുമായി ചർച്ച മുന്നോട്ടു പോയതോടെ സ്ഥാനാർഥി ആരെന്ന് കെ.പി.സി.സി തീരുമാനിച്ചു കൊള്ളാമെന്ന് പ്രഖ്യാപനം ഉണ്ടാവുകയായിരുന്നു. സർേവ നടത്തി വേണം അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ മണ്ഡലത്തിലെ അഭിപ്രായ ശേഖരണത്തിന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പാർട്ടി വക്താവ് ജോസഫ് വാഴയ്ക്കൻ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഹാട്രിക് വിജയം കരസ്ഥമാക്കിയശേഷം ശോഭന ജോർജ് 2006ൽ തിരുവനന്തപുരം വെസ്റ്റിലേക്ക് മാറിയതോടെയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡൻറായിരുന്ന കൊല്ലം ജില്ലക്കാരനായ പി.സി. വിഷ്ണുനാഥ് ചെങ്ങന്നൂരിൽ സ്ഥാനാർഥിയായത്.
രണ്ടു തവണ തിളക്കമാർന്ന വിജയം കൈവരിക്കാനായെങ്കിലും മുതിർന്ന നേതാക്കളെ അവഗണിക്കുന്നതും ചില പ്രത്യേക വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്നതായും വിഷ്ണുനാഥിനെതിരെ ആരോപണമുയർന്നിരുന്നു. വിശ്വസ്തർ മുഖേന മണ്ഡലത്തിൽ നിന്നുള്ള പ്രതികരണങ്ങൾ ആരാഞ്ഞശേഷമാണ് വിഷ്ണുവിെൻറ പിൻമാറ്റമെന്നാണ് സൂചന. ജ്യോതി വിജയകുമാർ, എബി കുര്യാക്കോസ്, കെ.എൻ. വിശ്വനാഥൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നിട്ടുള്ളത്. ആദ്യഘട്ടത്തിൽ പത്തനംതിട്ട മുൻ എം.എൽ.എ കെ.ശിവദാസൻ നായരുടെ പേരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.