ചൗധരി കുടുംബക്കോട്ട പിടിക്കാൻ പൗരത്വ സമര പോരാളി
text_fieldsമാൾഡയെന്നാൽ ചൗധരിക്കോട്ടയാണ്. ബംഗാളിൽ സി.പി.എം, തൃണമൂൽ ആധിപത്യത്തിലും തകരാത്ത കോൺഗ്രസ് കോട്ട. സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ രണ്ട് തവണ മാത്രമേ കോൺഗ്രസിന് ഇവിടെ തോൽവിയുടെ രുചിയറിയേണ്ടിവന്നിട്ടുള്ളൂ.1980 മുതൽ ചൗധരി കുടുംബത്തിന് കീഴിലാണ് മാൾഡയിലെ കോൺഗ്രസ്. 2004 വരെ ഖനിഖാൻ ചൗധരിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2006 മുതൽ ബന്ധു അബൂഹസൻ ഖാൻ ചൗധരിക്ക് മണ്ഡലം കൈമാറി. അബൂഹസൻ ഖാന്റെ മകൻ ഇഷാ ഖാൻ ചൗധരിയാണ് ഇത്തവണ ജനവിധി തേടുന്നത്.
മുസ്ലിം ന്യൂനപക്ഷം തിങ്ങിപ്പാർക്കുന്ന, ബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന നോർത്ത് മാൾഡ സാമുദായിക ദ്രുവീകരണം വഴി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിടിച്ചെടുക്കാൻ ബി.ജെ.പിക്കായി. എന്നാൽ, ലോക്സഭയിൽ ഇവിടെനിന്ന് പ്രതിനിധിയെ അയക്കാൻ തൃണമൂൽ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കുറി മണ്ഡലം പിടിക്കാൻ എല്ലാ അടവും തൃണമൂൽ കോൺഗ്രസ് പയറ്റുന്നുണ്ട്.
ഇതിനായി മാൾഡ സൗത്തിൽ മമത ഇറക്കിയിരിക്കുന്നത് പൗരത്വസമര പോരാളിയും ഓക്സ്ഫഡ് ഗവേഷക വിദ്യാർഥിയുമായ ഷാനവാസ് അലി റൈഹാനെയാണ്. തൃണമൂൽ കോൺഗ്രസുമായി മുൻകാല രാഷ്ട്രീയ ബന്ധമില്ലാത്ത, രാഷ്ട്രീയത്തിൽ പുതുമുഖക്കാരനായ ഷാനവാസിനെ മണ്ഡലത്തിലെ ജനസ്വാധീനം തിരിച്ചറിഞ്ഞ പാർട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. വിദ്യാഭ്യാസ രംഗത്തും സമൂഹിക രംഗത്തും രാജ്യത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന മാൾഡ, മുർഷിദാബാദ് മേഖലയിൽ ഹ്യുമൻ വെൽഫയർ ഫൗണ്ടേഷനുമായി സഹകരിച്ച് ഷാനവാസ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
60 ശതമാനത്തോളം മുസ്ലിം വോട്ടുബാങ്കുള്ള മണ്ഡലത്തിൽ, മത സംഘടന നേതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ഷാനവാസിനെ മത്സരരംഗത്ത് ഇറക്കി മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീതി സൃഷ്ടിക്കാൻ തൃണമൂൽ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മാൾഡയിലെ 12ൽ 10 സീറ്റും പിടിച്ചെടുത്ത ആത്മവിശ്വാസവും തൃണമൂൽ കോൺഗ്രസിനുണ്ട്.
മമതയും പാർട്ടി നേതൃത്വവും മാൾഡയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനം. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മണ്ഡലത്തിൽ പൗരത്വവിഷയം തന്നെയാണ് പ്രധാന പ്രചാരണം. കോൺഗ്രസും സി.പി.എമ്മും അടങ്ങുന്ന സഖ്യത്തിന് വോട്ട് ചെയ്താൽ അത് ബി.ജെ.പിക്കാണ് സഹായകരമാവുകയെന്നും അതിന് അവസരം നൽകരുതെന്നുമാണ് മണ്ഡലത്തിൽ ഓടിനടന്ന് പ്രസംഗിക്കുന്ന മമതക്ക് പറയാനുള്ളത്.
പൗരത്വ ഭേദഗതി ചൂണ്ടിക്കാട്ടി ധ്രുവീകരണത്തിലൂടെയാണ് ബി.ജെ.പി വോട്ടുപിടിത്തം. ത്രികോണ മത്സരത്തിലും മാൾഡയിലെ വോട്ടർമാർ തങ്ങൾക്കൊപ്പം നിൽക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസും ചൗധരി കുടുംബവും. സി.പി.എമ്മിന് സാന്നിധ്യമുള്ള മണ്ഡലത്തിൽ അവരുടെ വോട്ടുകൂടി ലഭിക്കുന്നതോടെ വിജയം കൈവിടില്ലെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.