തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ സംഘർഷം; എ.ഐ.സി.സി അംഗം അജോയ് കുമാർ ആശുപത്രിയിൽ
text_fieldsഅഗർത്തല: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ ബി.ജെ.പി-കോൺഗ്രസ് സംഘർഷം. മജ്ലിസ്പൂരിലുണ്ടായ സംഘർഷത്തിൽ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി അംഗം ഡോ. അജോയ് കുമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അജോയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബി.ജെ.പി പ്രവർത്തകരാണ് അക്രമം നടത്തിയതെന്നും പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകർ പലരും പൊലീസ് സ്റ്റേഷനിലാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബി.ജെ.പിക്കാർ അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് എം.എൽ.എ സുദീപ് റോയ് ബർമൻ പറഞ്ഞു. മന്ത്രി സുശാന്ത് ചൗധരിയുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. മജ്ലിസ്പൂർ ഉൾപ്പെടെ അക്രമം നടന്ന അഞ്ച് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രത്യേകമായി നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ത്രിപുരയില്‍ ഫെബ്രുവരി 16നും നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ഫെബ്രുവരി 27നുമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് രണ്ടിനാണ് എല്ലായിടത്തും വോട്ടെണ്ണല്‍.
25 വര്‍ഷം ഇടതുപക്ഷം ഭരിച്ച ത്രിപുര 2018ലാണ് ബി.ജെ.പി പിടിച്ചെടുത്തത്. ആകെയുള്ള 60 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് 36 സീറ്റുകള്‍ കിട്ടി. ഇടതുപക്ഷം 16 സീറ്റിലേക്ക് ചുരുങ്ങി. ത്രിപുരയിലെ പ്രാദേശിക പാര്‍ട്ടിയായ ഐ.പി.എഫ്.ടിയും ബിജെപി സഖ്യത്തില്‍ ചേര്‍ന്നിരുന്നു. ഇത്തവണ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് ഒഴിവാക്കാൻ കോൺഗ്രസുമായി സഖ്യ ചർച്ചകളിലാണ് സി.പി.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.