മധ്യപ്രദേശിൽ കോൺഗ്രസും ബി.എസ്.പിയും ഒന്നിച്ച്
text_fieldsന്യൂഡൽഹി: കൈരാന അടക്കം ഉപതെരഞ്ഞെടുപ്പുകളിൽ നേടിയ വിജയത്തിെൻറ അകമ്പടിയോടെ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ പാർട്ടികൾ പുതിയ െഎക്യശ്രമങ്ങളിൽ. ഇൗ വർഷാവസാനം നടക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനീങ്ങാൻ കോൺഗ്രസും മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയും (ബി.എസ്.പി) തത്ത്വത്തിൽ തീരുമാനിച്ചു.
മധ്യപ്രദേശിനു പുറമെ രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ പിന്തുണക്കുന്ന നിലപാട് ഇവിടങ്ങളിൽ വോട്ടുബലം കുറഞ്ഞ ബി.എസ്.പി സ്വീകരിക്കും. വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചിതറിപ്പോകാതിരിക്കാനാണ് ശ്രദ്ധിക്കുകയെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു. ഒാരോ സംസ്ഥാനത്തും വ്യത്യസ്ത സാഹചര്യങ്ങളാണ്. അതിനിടയിലും പ്രതിപക്ഷ െഎക്യത്തിെൻറ വികാരം കാത്തുസൂക്ഷിക്കും.
മധ്യപ്രദേശിൽ ബി.എസ്.പിയുമായി ഒന്നിച്ചു നീങ്ങുമെന്ന് സംസ്ഥാന പി.സി.സി പ്രസിഡൻറ് കമൽനാഥാണ് വ്യക്തമാക്കിയത്. രണ്ടു പതിറ്റാണ്ടായി മധ്യപ്രദേശിൽ സ്ഥിരമായി ഏഴു ശതമാനം വോട്ട് നേടുന്ന ബി.എസ്.പിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 37 ശതമാനം വോട്ട് നേടിയ കോൺഗ്രസും ഒന്നിച്ചാൽ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറത്താക്കാനാകുമെന്നാണ് കരുതുന്നത്. ബി.ജെ.പിക്ക് 45 ശതമാനം വോട്ടാണ് കഴിഞ്ഞ തവണ കിട്ടിയത്. എന്നാൽ, മൂന്നു തവണയായി ഭരണത്തിൽ തുടരുന്ന ബി.ജെ.പിക്കെതിരെ ഇക്കുറി ഭരണവിരുദ്ധ വികാരം ശക്തമാണ്.
അടുത്തിടെ നടത്തിയ ലോക് നീതി-സി.എസ്.ഡി.എസ് സർവേയിൽ രാജസ്ഥാനിലേക്കാളെറെ ഭരണവിരുദ്ധ വികാരം ബി.ജെ.പി മധ്യപ്രദേശിൽ നേരിടുന്നുണ്ട് എന്ന് വ്യക്തമായിരുന്നു. ബി.എസ്.പിക്ക് സമാന വോട്ട് വിഹിതമുള്ള രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ വിശാല സഖ്യത്തിെൻറ മുന്നൊരുക്കമാണ് മധ്യപ്രദേശിലെ സഖ്യമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രണ്ടു സാധ്യതകളാണ് ഇരുപാർട്ടികളും മധ്യപ്രദേശിൽ ആലോചിക്കുന്നത്. െതരഞ്ഞെടുപ്പിന് മുമ്പുള്ള പരമ്പരാഗത സഖ്യമാണൊന്ന്. രണ്ടാമത്തേത് ഒാരോ മണ്ഡലത്തിലും ബി.ജെ.പിയുടെ വോട്ട് വിഹിതം കുറക്കുന്ന സ്ഥാനാർഥികളെ വിന്യസിക്കുന്ന തന്ത്രപരമായ ധാരണയാണ്.
മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാൻ സർക്കാറും കേന്ദ്രത്തിലെ മോദി സർക്കാറും ദുരന്തമാണെന്നും അവരെ നേരിടാൻ പ്രതിപക്ഷ െഎക്യനിര ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ലക്ഷക്കണക്കിന് വ്യാജ വോട്ടർമാർ കടന്നുകൂടിയത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിപ്പെടാൻ ഡൽഹിയിൽ എത്തിയ കമൽനാഥ് വ്യക്തമാക്കി.
കിഴക്കൻ മധ്യപ്രദേശിൽ സ്വാധീനമുള്ള ഗോണ്ടവന ഗൺതന്ത്ര പാർട്ടിയുമായും സഖ്യചർച്ചയിലാണെന്നും കമൽനാഥ് പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയുമായി സഹകരിച്ചു നീങ്ങുമെന്ന പ്രചാരണങ്ങൾ കഴിഞ്ഞ ദിവസമുണ്ടായിരുന്നെങ്കിലും രണ്ടു പാർട്ടിയുടെയും നേതൃത്വങ്ങൾ അത് നിഷേധിച്ചു. ആം ആദ്മി പാർട്ടിയുമായി സഹകരിച്ചു നീങ്ങാൻ ഒരുവിധത്തിലും കഴിയില്ലെന്ന് പി.സി.സി പ്രസിഡൻറ് അജയ് മാക്കൻ പറഞ്ഞു. ബി.ജെ.പി വിരുദ്ധ പാർട്ടികൾക്ക് കോൺഗ്രസിനെ ഒപ്പംകൂേട്ടണ്ട കാര്യമില്ലെന്നാണ് കൈരാന തെളിയിച്ചതെന്ന് എ.എ.പി തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.