‘അതെല്ലാം മറന്നേക്കൂ’ ബംഗാളിൽ വീണ്ടും കോൺഗ്രസുമായി കൈകോർത്ത് സി.പി.എം
text_fieldsന്യൂഡൽഹി: കോൺഗ്രസുമായുള്ള രാഷ്ട്രീയ സഖ്യത്തിെൻറയും ചങ്ങാത്തത്തിെൻറയും വിദൂര സാധ്യതപോലും കേന്ദ്ര കമ്മിറ്റി ആവർത്തിച്ച് തള്ളുേമ്പാഴും പശ്ചിമ ബംഗാളിൽ കോൺഗ്രസ്- സി.പി.എം തെരഞ്ഞെടുപ്പ് കൂട്ടുകെട്ട്. ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന ദുപ്ഗുരി, ബുനിയാദ്പുർ മുനിസിപ്പാലിറ്റികളിലാണ് തൃണമൂൽ േകാൺഗ്രസിനെയും ബി.ജെ.പിയെയും നേരിടാൻ സി.പി.എമ്മും കോൺഗ്രസും കൈകോർക്കുന്നത്.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് വീണ്ടും മത്സരിപ്പിക്കാനും അതുവഴി കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ബന്ധം നിലനിർത്താനുമുള്ള സി.പി.എം ബംഗാൾ സംസ്ഥാന ഘടകത്തിെൻറ നിർദേശം കേന്ദ്ര കമ്മിറ്റി വൻ ഭൂരിപക്ഷത്തോടെ തള്ളിയതിന് പിന്നാലെയാണ് ഇത്.
തൃണമൂൽ കോൺഗ്രസ് ഒാരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ അധീശത്വം ഉൗട്ടിയുറപ്പിക്കുകയും മമത ബാനർജി വിരുദ്ധ വോട്ടുകൾ സാമുദായിക വിഭജനത്തിലൂടെ ബി.ജെ.പി തങ്ങളുടെ പെട്ടിയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിെൻറ എതിർപ്പുകളെ അവഗണിച്ച് പ്രാദേശിക നേതൃത്വത്തിെൻറ നീക്കം.
യെച്ചൂരിയെ സ്ഥാനാർഥി ആക്കാത്തതിൽ പ്രതിഷേധിച്ച് സ്വന്തം സ്ഥാനാർഥിയെ നിർത്താൻ കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിർദേശിച്ചിരുന്നു. സി.പി.എം സംസ്ഥാന നേതൃത്വത്തെപ്പോലെ രാഷ്ട്രീയ ബന്ധം കാംക്ഷിക്കുന്ന കോൺഗ്രസ് സംസ്ഥാന നേതൃത്വവും ഹൈകമാൻഡിെൻറ ഇടപെടലിനെ തുടർന്നാണ് സ്വന്തം സ്ഥാനാർഥിയെ രാജ്യസഭയിൽ നിർത്തിയത്.
എന്നാൽ, തേദ്ദശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുന്നത് സി.പി.എമ്മിനെപ്പോലെ തങ്ങൾക്കും കോട്ടം മാത്രമേ സമ്മാനിക്കൂവെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. തുടർന്നാണ് രണ്ട് പാർട്ടികളുടെയും സംസ്ഥാന നേതൃത്വത്തിെൻറ മൗനസമ്മതത്തോടെ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും പരസ്പരം കൈകോർത്തിരിക്കുന്നത്.
ദുപ്ഗിരിയിൽ 2012ൽ നടന്ന മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ തൃണമൂൽ 11 വാർഡുകളിൽ വിജയിച്ചപ്പോൾ ഇടതിന് നാലും ബി.ജെ.പിക്ക് ഒന്നും ലഭിച്ചു. ജയിച്ച നാലുപേരിൽ രണ്ടുപേർ പിന്നീട് തൃണമൂലിൽ ചേർന്നു. ഇത്തവണ ഇടതും ബി.ജെ.പിയും തൃണമൂലും മുഴുവൻ വാർഡുകളായ 16ലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് മൂന്ന് വാർഡുകളിൽ മാത്രമാണ് സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്. ബാക്കിയുള്ള വാർഡുകളിൽ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.
പുതുതായി രൂപവത്കരിച്ച ബുനിയാദ്പുരിൽ തൃണമൂലും ഇടതുപക്ഷവും ബി.ജെ.പിയും 14 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി. കോൺഗ്രസ് രണ്ട് വാർഡുകളിൽ മാത്രമാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.