തെരഞ്ഞെടുപ്പ് ‘യുദ്ധമുറി’: ആൻറണി കോർ കമ്മിറ്റി തലവൻ
text_fieldsന്യൂഡൽഹി: അടുത്തവർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കെട്ടുമുറുക്കൽ കോൺഗ്രസിൽ സജീവമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും തന്ത്രരൂപവത്കരണത്തിലും നിർണായക പങ്കുവഹിക്കുന്നതിനായി കഴിഞ്ഞ മാസം രൂപവത്കരിച്ച മൂന്നു സമിതികളുടെ തലവന്മാരായി തലമുതിർന്ന നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച നിശ്ചയിച്ചു. തെരഞ്ഞെടുപ്പ് തന്ത്രരൂപവത്കരണ-ഏകോപന ചുമതലയുള്ള സുപ്രധാന സമിതിയായ കോർ കമ്മിറ്റി തലവൻ എ.കെ. ആൻറണിയാണ്.
പ്രകടനപത്രിക സമിതി ചെയർമാനായി പി. ചിദംബരം, പ്രചാരണ സമിതി ചെയർമാനായി ആനന്ദ് ശർമ എന്നിവരെയും നിയമിച്ചു. മറ്റൊരു മുതിർന്ന നേതാവ് ജയ്റാം രമേശ് ആണ് കോർ കമ്മിറ്റി കൺവീനർ. പാർട്ടി ഗവേഷണ വിഭാഗം തലവനായ രാജീവ് ഗൗഡ എം.പിക്ക് പ്രകടനപത്രിക സമിതി കൺവീനർ ചുമതലയും നൽകിയതായും സംഘടനാ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി അശോക് െഗഹ്ലോട്ട് അറിയിച്ചു. പവൻ ഖേരയാണ് പ്രചാരണ സമിതി കൺവീനർ.
പാർട്ടി അധ്യക്ഷൻ എല്ലാ സമിതികളുടെയും യോഗം വിളിച്ചു കഴിഞ്ഞുവെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്തുവെന്നും െഗഹ്ലോട്ട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തിസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലെ പ്രവർത്തനം രാഹുൽ വിലയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമ്പതംഗ കോർ കമ്മിറ്റിയിൽ എ.കെ. ആൻറണി, പി. ചിദംബരം, അശോക് െഗഹ്ലോട്ട്, ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ, അഹ്മദ് പേട്ടൽ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവരാണ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.