ന്യൂനപക്ഷങ്ങളോട് അകലം പാലിച്ച് കോണ്‍ഗ്രസ്
text_fieldsമിയാന്‍ എന്ന് പരിഹാസച്ചുവയോടെ വിളിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹ്മദ്പട്ടേലിനോട് പ്രതികാരം തീര്‍ക്കാന്‍ ബറൂച്ചില്‍ മുസ്ലിംകളെ ബി.ജെ.പി പരസ്യ പ്രചാരണത്തിനിറക്കുമ്പോള് മറുഭാഗത്ത് നേര്‍വിപരീതമാണ് കാഴ്ച. ചുവന്ന കുറി തൊട്ട് ക്ഷേത്രദര്‍ശനം നടത്തി പ്രചാരണത്തിനിറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെയോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെയോ കൂടെ അഹ്മദ് പട്ടേലെന്നല്ല, ഒരു മിയാനുമില്ല. കോണ്‍ഗ്രസ് പ്രചാരണ വാഹനങ്ങളില്‍ വശങ്ങളില് അള്ളിപ്പിടിച്ച് നിന്നിരുന്ന തൊപ്പിയും താടിയും ഇത്തവണ ഗുജറാത്തിലെ തെരുവീഥികളില്‍ കാണാനില്ല. അഹ്മദാബാദിലെ കോണ്‍ഗ്രസ് ഓഫിസില്‍ ദിനേന രണ്ടു നേരമെന്നോണം വിളിക്കുന്ന വാര്‍ത്തസമ്മേളനങ്ങളില്‍ സംസാരിക്കാന്‍ മാത്രമല്ല, വേദിയില്‍ പോലും ഒരു മുസ്ലിം, ക്രിസ്ത്യന്‍ നേതാവിനെ അടുപ്പിക്കുന്നില്ല. പ്രാദേശിക തലത്തിലുള്ള യോഗങ്ങളിലും ഗൃഹസമ്പര്‍ക്ക പരിപാടികളിലും മുസ്ലിംകള് മുന്നിട്ടിറങ്ങുന്നത് തടയാന്‍ അങ്ങേയറ്റം ജാഗ്രതയാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. ചാനല്‍ ദൃശ്യങ്ങളിലും പത്രങ്ങളിലെ ഫോട്ടോകളിലും പതിയാത്തവിധം തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ കാഴ്ചപ്പുറത്ത് നിന്നേ ന്യൂനപക്ഷ വിഭാഗങ്ങളെ തീര്‍ത്തും മാറ്റി നിര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആറ് സീറ്റുകള്‍ മുസ്ലിംകള്ക്ക് നല്‍കിയത് നിവൃത്തിയില്ലാത്തതുകൊണ്ടു മാത്രമെന്ന് തോന്നും.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് പഠിച്ച് എ.കെ. ആൻറണി കമ്മിറ്റി നൽകിയ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകളിലൊന്നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ പരീക്ഷിക്കുന്നത്. കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളോടൊപ്പമാണെന്ന തോന്നല്‍ മൂലമാണ് ഭൂരിപക്ഷ സമുദായം പാർട്ടിയെ കൈവിട്ടതെന്നും അവരുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ ഈ മുഖം കോണ്‍ഗ്രസ് മാറ്റണമെന്നുമായിരുന്നു കമ്മിറ്റിയുടെ ശിപാര്‍ശ. ഭാവിയില്‍ കോണ്‍ഗ്രസിന് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള ചാര്‍ച്ച പുന$പരിശോധിക്കാൻ മാനദണ്ഡമാകുമെന്ന നിലയില്‍ ഗുജറാത്തിെൻറ ജനവിധി ബി.ജെ.പിക്കും മോദിക്കും അമിത് ഷാക്കും മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കും നിര്‍ണായകമാകും. കോൺഗ്രസ് തന്ത്രം വിജയിച്ചാൽ രാജ്യവ്യാപകമായി പരീക്ഷിക്കാൻ പാർട്ടി തയാറാകും.
കഴിഞ്ഞകാലങ്ങളിലെ പോലെ ഹിന്ദുക്കളുടെ പാര്‍ട്ടിയും മിയാന്‍മാരുടെ പാര്‍ട്ടിയും തമ്മിലുള്ള മത്സരം എന്ന നിലയിലേക്ക് ഇത്തവണ ഗുജറാത്ത് പോരിനെ കൊണ്ടുേപാകാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല. പ്രചാരണരംഗത്തെങ്കിലും കോണ്‍ഗ്രസിന് മുന്നേറാന്‍ കഴിഞ്ഞത് പ്രഥമദൃഷ്ട്യ ഈ പരീക്ഷണത്തിെൻറ മികവായി അവര്‍ ഉയര്‍ത്തിക്കാണിക്കുന്നു. ഇതിന് പ്രത്യാഘാതവും കാണാനുണ്ട്. ഒട്ടും ജനസ്വാധീനമില്ലാത്ത ഈര്‍ക്കില്‍ പാര്‍ട്ടികളുടെ പേരില്‍ മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ ബി.ജെ.പിക്ക് എളുപ്പമായി. ഭൂരിഭാഗം മണ്ഡലങ്ങളിലും മത്സരിക്കുന്ന ബി.എസ്.പിക്ക് മാത്രമല്ല, ഏതാനും സീറ്റുകളില്‍ മത്സരിക്കുന്ന എന്‍.സി.പിക്കും സമാജ്വാദി പാര്‍ട്ടിക്കും എല്ലാം മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ നിര്ലോഭസഹായമാണ് ബി.ജെ.പി നല്‍കുന്നത്.
അഞ്ചുപേരെ നിര്‍ത്തിയ സി.പി.എമ്മും ഗുജറാത്തില്‍ പേരിനുപോലുമില്ലാഞ്ഞിട്ടും ആറ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ഇന്ത്യന്‍ നാഷനല്‍ ലീഗും ബി.ജെ.പിക്ക് ഒരിക്കല്‍ കൂടി ഭരണത്തിലെത്താനായി തങ്ങളുടെ പങ്ക് നിറവേറ്റുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും 31 സീറ്റുകളില്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം 1,000 വോട്ടില്‍ താഴെയാണെന്നതിനാല്‍ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ പിടിക്കുന്ന അത്രയും വോട്ട് മതി കോണ്‍ഗ്രസിെൻറ അത്താഴം മുടക്കാന്‍.
നിശ്ശബ്ദരായി ന്യൂനപക്ഷ സമുദായങ്ങള്‍
സ്വന്തം ലേഖകന്‍
അഹ്മദാബാദ്: അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറ അഹ്മദാബാദില്‍ എല്ലാ പ്രധാന മുസ്ലിം സംഘടനകളുടെയും യോഗം വിളിച്ചുചേര്‍ത്ത് തങ്ങളുടെ 13 ഇന ആവശ്യങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറിയത് വാര്‍ത്തയാകാതിരിക്കാന്‍ കോണ്‍ഗ്രസ് മാത്രമല്ല മുശാവറയും അങ്ങേയറ്റം ശ്രദ്ധിച്ചു. ഇതില്‍നിന്ന് ന്യൂനപക്ഷ വകുപ്പ് സ്ഥാപിക്കുക എന്ന ആവശ്യം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ തയാറായ കോണ്‍ഗ്രസും അത് ചര്‍ച്ചയാക്കാതിരിക്കാന്‍ ശ്രമിച്ചു.
മജ്ലിസെ മുശാവറ ചെയ്തതാണ് ശരിയെന്ന് അഹ്മദാബാദ് ആര്‍ച് ബിഷപ് ക്രിസ്ത്യന്‍ സമുദായ അംഗങ്ങള്‍ക്ക് അയച്ച കത്ത് പുറത്തായതിനെ തുടർന്നുള്ള പുകിലുകൾ തെളിയിച്ചു. ആർച് ബിഷപ്പിെൻറ ദേശീയതക്കെതിരായ ഫത്വ എന്നാണ് നരേന്ദ്ര മോദി അതിനെ വിശേഷിപ്പിച്ചത്. അത്തരം വിവാദങ്ങളില്‍ കക്ഷിയാകാതെ അകന്നുനില്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
മുസ്ലിംകള്ക്ക് സര്‍ക്കാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോലും വഴിയടഞ്ഞ രാഷ്ട്രീയ സാഹചര്യമാണെന്ന് ഇസ്ലാമിക് റിലീഫ് കമ്മിറ്റി സെക്രട്ടറി ഉമര്‍ വഹോറ പറഞ്ഞു. മുസ്ലിംകള്ക്ക് തങ്ങളനുഭവിക്കുന്ന റാലിയോ ധര്‍ണയോ നടത്താന്‍ കഴിയുന്നത് പോകട്ടെ, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള നിവേദനവുമായി ആത്മവിശ്വാസത്തോടെ അധികാരികളെ സമീപിക്കാന്‍ കൂടി കഴിയാത്ത സാഹചര്യമാണ്.
ഗുജറാത്ത് കലാപാനന്തരം ഇരകളുടെ പുനരധിവാസത്തിനും നിയമയുദ്ധത്തിനും വേണ്ടിയുണ്ടാക്കിയതാണ് റിലീഫ് കമ്മിറ്റി. മുസ്ലിംകൾ സമുദായമെന്ന നിലയില്‍ നീതിനിഷേധം ഉന്നയിച്ചാല്‍ അതിന് ചെവികൊടുക്കുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയമാണെന്ന് വിമര്‍ശിക്കുന്ന ബി.ജെ.പി പാട്ടീദാറുമാർ ജാതീയമായി സംഘടിക്കുന്നതിനെ അങ്ങനെ കാണാത്തത് വോട്ട്ബാങ്ക് രാഷ്ട്രീയമായി കാണാത്തതാണ് രാഷ്ട്രീയത്തിലെ കാപട്യമെന്ന് ഉമര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.