ഗോവയും മണിപ്പൂരും ‘കൈ’വിടുന്നു; കണ്‍മിഴിച്ച് കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി മാറാന്‍ കഴിഞ്ഞിട്ടും ഗോവയിലും മണിപ്പൂരിലും ഭരണം ബി.ജെ.പിയുടെ കൈയിലേക്കു വഴുതിപ്പോകുന്നതിനുമുന്നില്‍ കണ്‍മിഴിച്ച് കോണ്‍ഗ്രസ്. രണ്ടിടത്തും കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലെയാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയായത്.
ഗോവയില്‍ അധികാരം നിലനിര്‍ത്തേണ്ടത് അഭിമാനപ്രശ്നമായെടുത്ത് പ്രതിരോധമന്ത്രിയെ രാജിവെപ്പിച്ച് ഗോവയിലേക്കയക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസിന്‍െറ കുത്തക സംസ്ഥാനമായ മണിപ്പൂരില്‍ അക്കൗണ്ടു തുറക്കുക മാത്രമല്ല, അധികാരം പിടിക്കുന്നതും ബി.ജെ.പിക്ക് അഭിമാനപ്രശ്നം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇമേജ് വര്‍ധിച്ചതിന്‍െറയും കേന്ദ്രാധികാരത്തിന്‍െറ ബലത്തില്‍ ഇതിനായി നടക്കുന്ന പിന്നാമ്പുറ നീക്കങ്ങള്‍ക്കുംമുന്നില്‍ നിഷ്പ്രഭരായി കോണ്‍ഗ്രസ്.
യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി വലിയ വിജയം നേടിയപ്പോള്‍ പഞ്ചാബ് അടക്കം തെരഞ്ഞെടുപ്പു നടന്ന മറ്റു മൂന്നിടങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വരുമെന്ന സ്ഥിതി കോണ്‍ഗ്രസിന് വലിയ പിടിവള്ളിയായിരുന്നു. എന്നാല്‍, പിന്നാമ്പുറ ജാലവിദ്യയിലൂടെ മണിക്കൂറുകള്‍ കൊണ്ട് ബി.ജെ.പി അത് അട്ടിമറിച്ചു.
കേരളത്തില്‍നിന്നുള്ള രണ്ടു നേതാക്കളാണ് സീറ്റു നിര്‍ണയം മുതല്‍ ഗോവയിലും മണിപ്പൂരിലും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കായിരുന്നു മണിപ്പൂരിന്‍െറ ചുമതല. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍തന്നെ അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് ചെന്നിത്തല പ്രകടിപ്പിച്ചുപോന്നത്.
ലോക്സഭയിലെ കോണ്‍ഗ്രസിന്‍െറ ഉപനേതാവ് കെ.സി. വേണുഗോപാല്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലും വോട്ടെണ്ണലിനുശേഷമുള്ള കരുനീക്കങ്ങളിലും പങ്കാളിയായിരുന്നു. ഗോവയില്‍ പ്രചാരണത്തിനുപോയ ഉമ്മന്‍ ചാണ്ടിക്കും ഇക്കുറി ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന വിശ്വാസമായിരുന്നു.
ന്യൂനപക്ഷങ്ങള്‍ തങ്ങളോട് അടുക്കുന്നുവെന്ന വാദമുഖം വോട്ടെണ്ണല്‍ കഴിഞ്ഞതുമുതല്‍ ഉന്നയിച്ചു വരുന്ന ബി.ജെ.പിക്ക് അത് സാധൂകരിക്കാനുള്ള മാര്‍ഗംകൂടിയാണ് മണിപ്പൂര്‍, ഗോവ ഭരണം. രണ്ടിടവും ക്രൈസ്തവരുടെ സ്വാധീന മേഖലകളാണ്. യു.പിയിലെ ചില മണ്ഡലങ്ങളില്‍ മുസ്ലിംവോട്ട് കിട്ടിയെന്നും ബി.ജെ.പി അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.