തെരഞ്ഞെടുപ്പ് കാര്യങ്ങളിൽ കർക്കശക്കാരനായ കെ.സി
text_fieldsബംഗളൂരു: നഗരത്തിലെ അലി അസ്കർ റോഡിലുള്ള അഞ്ചാം നമ്പർ വീട്. രാവിലെ തന്നെ കുറെ പേപ്പറുകളും കൈയിൽപിടിച്ച് ഏതാനും പ്രവർത്തകർ ആരെയോ പ്രതീക്ഷിക്കുന്നു. അധികം വൈകിയില്ല, വീട്ടിനുള്ളിലേക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി കയറിവന്നു. കാത്തുനിന്നവരെയെല്ലം കൈവീശി ചെറുപുഞ്ചിരിയിൽ പരിചയം പുതുക്കി. ചിരിയിൽ നിറയുന്നത് ആത്മവിശ്വാസം. നേരെ വീട്ടിനുള്ളിലെ ‘വാർ റൂമി’ലേക്ക്.
സീറ്റിലിരുന്ന് മേശപ്പുറത്തെ കമ്പ്യൂട്ടർ തുറക്കുന്നു. പിന്നാലെ, പ്രവർത്തകർ ഓരോരുത്തരായി മുറിയിലേക്ക് കയറിവന്നു. കൈയിലെ പേപ്പറുകൾ ഓരോന്നായി നൽകിയതോടെ പുഞ്ചിരിയെല്ലാം ഗൗരവത്തിലേക്ക് വഴിമാറി. പേപ്പറുകളിലൂടെ കണ്ണോടിച്ചു പോകുന്നതിനിടെ കർക്കശക്കാരെൻറ ഭാവം. കർണാടകയിലെ 56,451 കോൺഗ്രസ് ബൂത്തു കമ്മിറ്റികളുടെയും തലേന്നത്തെ വിവരങ്ങൾ രാവിലെ മേശപ്പുറത്തെത്തിയിരിക്കണം. മന്ത്രിയും കോൺഗ്രസിെൻറ ലിംഗായത്ത് മുഖവുമായ എം.ബി. പാട്ടീലിെൻറ വസതിയാണ് തൽക്കാലത്തേക്ക് പാർട്ടിയുടെ വാർ റൂമാക്കി മാറ്റിയിരിക്കുന്നത്.
ഒരു ഡിജിറ്റൽ യുദ്ധത്തിനുള്ള സന്നാഹങ്ങളുണ്ട് മുറിയിൽ. ലാപ്ടോപ്പുകളും ഭിത്തികളിൽ ചാനൽ ബ്രേക്കിങ് വാർത്തകൾ നിറയുന്ന സ്ക്രീനുകളും. ആശയവിനിമയത്തിന് 13,000ത്തോളം വാട്സ് ആപ് ഗ്രൂപ്പുകൾ. ബൂത്തു കമ്മിറ്റി ഭാരവാഹികൾ വിരൽത്തുമ്പിലുണ്ട്. പ്രവർത്തകർക്കു ബന്ധപ്പെടാൻ പ്രത്യേക കൺട്രോൾ റൂം. വേണുഗോപാൽ നേരിട്ട് നിയന്ത്രിക്കുന്ന വാർ റൂമിലുള്ളത് വിദഗ്ധരായ സംഘങ്ങൾ. എതിരാളികളുടെ വിമർശനങ്ങൾക്ക് നവമാധ്യമങ്ങളിലൂടെ അപ്പപ്പോൾ അതേ നാണയത്തിൽ മറുപടി നൽകിയുള്ള ‘ഡിജിറ്റൽ യുദ്ധം’.
കർണാടക ശനിയാഴ്ച ബൂത്തിലേക്ക്, എന്താണ് പ്രതീക്ഷകൾ?
ആത്മവിശ്വാസത്തോടെ പറയുന്നു, കോൺഗ്രസ് ഒറ്റക്ക് ഭൂരിപക്ഷം നേടും. ബി.ജെ.പി എല്ലാവിധ കുതന്ത്രങ്ങളും ഉപയോഗിക്കുന്നു. ഒരു തെരഞ്ഞെടുപ്പിലും കാണാത്ത തരംതാണ വിദ്യകളും പരാമർശങ്ങളുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും നടത്തുന്നത്. ഇതിനെയൊക്കെ അതിജീവിക്കാൻ കോൺഗ്രസിന് സാധിക്കും.
അവസാനഘട്ടത്തിൽ ബി.ജെ.പി പ്രചാരണത്തിൽ മുന്നേറിയിട്ടില്ലേ?
ഒരിക്കലുമില്ല, അത് ഉപരിതലത്തിൽ മാത്രമാണ്. ഒട്ടനവധി നേതാക്കന്മാരെ പ്രചാരണത്തിന് കൊണ്ടുവന്നു എന്നത് ശരിയാണ്. ഉത്തരേന്ത്യയിൽനിന്ന് നിരവധി മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും പ്രചാരണത്തിനിറക്കി. ഒരുപാട് പണം വിതരണം ചെയ്തു. പക്ഷേ, കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് തന്ത്രം ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ഞങ്ങൾ സംസ്ഥാന നേതാക്കളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഏതാനും ദേശീയ നേതാക്കൾ മാത്രമാണ് പ്രചാരണത്തിനെത്തിയത്. എന്നാൽ, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മൊത്തമായി നിയന്ത്രിക്കുന്നത് ഉത്തരേന്ത്യൻ നേതാക്കളാണ്.
പ്രധാനമന്ത്രി വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കടക്കുന്നുണ്ടോ?
വ്യക്തിപരമായ അധിക്ഷേപം മാത്രമല്ല, ചരിത്രവസ്തുതകളെ വരെ വളച്ചൊടിക്കുകയാണ് നരേന്ദ്ര മോദി. പച്ചനുണയാണ് മോദി പറയുന്നത്. കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര സംവിധാനങ്ങളെ ഉപയോഗിക്കുന്നു. നിയമം നടപ്പാക്കുന്നതിന് ആരും എതിരല്ല. എന്നാൽ, തെരഞ്ഞെടുപ്പ് സമയങ്ങളിൽ സ്ഥാനാർഥികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് കയറിയിറങ്ങുന്നു. ഒരു ബി.ജെ.പി നേതാവിെൻറ വീട്ടിലും റെയ്ഡ് നടക്കുന്നില്ല. ബി.ജെ.പിയുടെ ലക്ഷ്യം 15 സീറ്റുകളിൽ തെരഞ്ഞെടുപ്പ് മാറ്റിവെപ്പിക്കുക എന്നതായിരുന്നു.
തൂക്കുസഭയാണെങ്കിൽ കോൺഗ്രസ് നിലപാട് എന്തായിരിക്കും?
അഭിപ്രായ സർവേകൾ ഞാൻ വിശ്വസിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. കോൺഗ്രസ് ഒറ്റക്ക് ഭൂരിപക്ഷത്തിലെത്തും.
തെരഞ്ഞെടുപ്പ് സിദ്ധരാമയ്യ വേഴ്സസ് മോദിയാണോ?
ഒരിക്കലുമല്ല. ഇവിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ബി.എസ്. യെദിയൂരപ്പയുമാണ് പോരാട്ടം. മോദിക്ക് കർണാടക രാഷ്ട്രീയത്തിൽ എന്താണ് കാര്യം. സിദ്ധരാമയ്യ സർക്കാറിെൻറ അഞ്ചു വർഷത്തെ ഭരണവും യെദിയൂരപ്പയും തമ്മിലാണ് പോരാട്ടം.
കോൺഗ്രസിെൻറ കർണാടക ചുമതലക്കാരനായ കെ.സി. വേണുഗോപാൽ മാസങ്ങളായി ഇവിടെത്തന്നെയാണ്. നാലോ അഞ്ചോ തവണ മാത്രമാണ് ആലപ്പുഴയിലേക്ക് പോയത്. കർണാടകയിൽ കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനരീതികളിൽ അടിമുടി മാറ്റംവരുത്താനായിട്ടുണ്ടെന്ന് അഭിമാനത്തോടെ കെ.സി. ഇതിനിടെ മുറിയിലേക്ക് പി.എ കയറിവന്ന് സമയമായെന്ന സൂചന നൽകി. 10ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് കെ.സി യാത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.