കോൺഗ്രസ് ശപഥം കോട്ടയത്ത് ഫലിച്ചു; ഷോക്ക് ജോസ് കെ. മാണിക്ക്
text_fieldsകേരള രാഷ്ട്രീയത്തിൽ അതികായരായ ഉമ്മൻ ചാണ്ടിയുടെയും കെ.എം. മാണിയുടെയും തട്ടകമായ കോട്ടയം ലോക്സഭ മണ്ഡലത്തിൽ വിജയിക്കുക എന്നത് കേരള കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങൾക്ക് അഭിമാന പോരാട്ടമായിരുന്നു. അതിനായി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പുതന്നെ ഇരുവിഭാഗങ്ങൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് അനൗദ്യോഗികമായി പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 44 വർഷത്തിന് ശേഷം കേരള കോൺഗ്രസുകളുടെ നേരിട്ടുള്ള ഏറ്റുമുട്ടലിൽ വിജയം മാത്രമാണ് ഇരുപാർട്ടികളുടെയും മുന്നിലുണ്ടായിരുന്നത്.
ഇതിനായി അവസാന പാർലമെന്‍റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ 100 ശതമാനം എം.പി ഫണ്ട് ചെലവഴിച്ചെന്ന് ചൂണ്ടിക്കാട്ടി സിറ്റിങ് എം.പിയായ തോമസ് ചാഴിക്കാടന്‍റെ ബോർഡുകൾ മണ്ഡലത്തിലുടനീളം മാണി വിഭാഗം സ്ഥാപിച്ചു. 2019ലെ തെരഞ്ഞെടുപ്പിൽ തോമസ് ചാഴിക്കാടൻ കോട്ടയത്ത് നിന്ന് ജയിച്ചു കയറിയത് യു.ഡി.എഫ് സ്ഥാനാർഥിയായിട്ടാണ്. പിന്നീട് മാണി വിഭാഗം എൽ.ഡി.എഫിനൊപ്പം ചേർന്നതോടെ തെരഞ്ഞെടുപ്പിൽ സ്വഭാവികമായും കോൺഗ്രസും ജോസഫ് വിഭാഗവുമായി മുഖ്യ ശത്രുക്കൾ.
മാണിയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്‍റെ മകൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എം എൽ.ഡി.എഫിനൊപ്പം പോയത് ജില്ലയിലെ കോൺഗ്രസിനെയും നേതാക്കളെയും ചെറുതായല്ല പ്രകോപിപ്പിച്ചത്. മുന്നണിവിട്ട കേരള കോൺഗ്രസിന്‍റെ പ്രതിനിധി ഇനി ലോക്സഭ കാണില്ലെന്ന കടുത്ത തീരുമാനത്തിലായിരുന്നു കോട്ടയത്തെ കോൺഗ്രസും യു.ഡി.എഫും. ഈ വെല്ലുവിളി കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി. ജോസഫും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മേൽനോട്ടത്തിലാണ് ഏകോപിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന നാളുകളിലേക്ക് കടക്കുന്ന സമയത്താണ് ജോസഫ് വിഭാഗം ജില്ല പ്രസിഡന്‍റും യു.ഡി.എഫ് ജില്ല ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ മോൻസ് ജോസഫ് എം.എൽ.എക്കെതിരെ ആരോപണം ഉന്നയിച്ച് പദവികൾ രാജിവെച്ച് ആഭ്യന്തര കലഹത്തിന് തിരി കൊളുത്തിയത്. ഇത് വലിയ തോതിൽ തന്നെ യു.ഡി.എഫിനെ പ്രതികൂലമായി ബാധിച്ചു.
അപരന്മാരുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിരോധത്തിലായ എൽ.ഡി.എഫിന് സജിയുടെ രാജി പ്രഖ്യാപനം വീണുകിട്ടിയ ആശ്വസവടിയാക്കി മാറ്റാൻ ശ്രമിച്ചു. തർക്കത്തിൽ മുങ്ങുന്ന മുന്നണിയെന്ന പ്രതികരണത്തിനൊപ്പം ജോസഫ് വിഭാഗം ഇല്ലാതായെന്ന പ്രചാരണത്തിനും ഇവർ തുടക്കമിട്ടു. സജിയെ പരോക്ഷമായി പിന്തുണച്ച് മന്ത്രി വി.എൻ. വാസവനടക്കം രംഗത്തെത്തുകയും ചെയ്തു.
എന്നാൽ, ഉണർന്നു പ്രവർത്തിച്ച യു.ഡി.എഫ് നേതൃത്വം പുതിയ ചെയർമാനെ പ്രഖ്യാപിച്ച് പ്രചാരണം പഴയ നിലയിലേക്ക് മാറ്റി. കോട്ടയത്ത് നിന്ന് കേരള കോൺഗ്രസ് പ്രതിനിധി ലോക്സഭയിൽ എത്തിക്കില്ലെന്ന കോൺഗ്രസിന്‍റെ ശപഥമാണ് ഫ്രാൻസിസ് ജോർജിന്‍റെ തിളക്കമാർന്ന വിജയത്തിലൂടെ യു.ഡി.എഫ് യാഥാർഥ്യമാക്കിയത്.
ഒടുവിലത്തെ കണക്കുകൾ പ്രകാരം ഫ്രാൻസിസ് ജോർജിന്‍റെ ഭൂരിപക്ഷം 85,477 വോട്ട് ആണ്. ഫ്രാൻസിസ് ജോർജ് 351844ഉം തോമസ് ചാഴിക്കാടനും 266367 വോട്ടും എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി 159787 വോട്ടും നേടി. 2019ൽ 1,06,259 ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴിക്കാടൻ വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻ 3,14,787 വോട്ടും എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസ് 1,06,259 വോട്ടും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.