പേട്ടൽ സംവരണ വാഗ്ദാനവുമായി കോൺഗ്രസ് പ്രകടനപത്രിക
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ പാട്ടീദാർ സമുദായത്തിന് ഒ.ബി.സിക്ക് തുല്യമായ സംവരണം വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രകടനപത്രിക. പട്ടികജാതി- വർഗം, ഒ.ബി.സി എന്നിവർക്കുള്ള 49 ശതമാനം സംവരണത്തിന് പുറമെയായിരിക്കും പാട്ടീദാർ സംവരണമെന്ന് പത്രിക പറയുന്നു. പ്രത്യേക വിഭാഗത്തിൽ പെടുത്തി സംവരണത്തിന് അർഹമായ സമുദായങ്ങളെ കണ്ടെത്താൻ കമീഷനെ നിയോഗിക്കും.
ഒന്നര കോടി രൂപ വാർഷിക അറ്റാദായമുള്ള ചെറുകിട വ്യാപാരികളെയും വ്യവസായങ്ങളെയും ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കുമെന്നും വാഗ്ദാനമുണ്ട്. സൂറത്തിലെയും മറ്റും വസ്ത്രവ്യാപാരികൾ ഇൗ ആവശ്യം ഉന്നയിച്ചിരുന്നു. സംവരണ പ്രക്ഷോഭകാലത്ത് പേട്ടൽ യുവാക്കൾക്കെതിരെ ബി.ജെ.പി സർക്കാറെടുത്ത വ്യാജ കേസുകൾ പിൻവലിക്കും. ഹാർദിക് പേട്ടൽ അടക്കമുള്ള നേതാക്കൾക്കെതിരെയാണ് കേസെടുത്തിരുന്നത്.
ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാറിെൻറ മാതൃകയിൽ വൈദ്യുതി നിരക്ക് 50 ശതമാനം വെട്ടിക്കുറക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. രാജ്യത്ത് നിലവിൽ ഏറ്റവും ഉയർന്ന വൈദ്യുതി നിരക്കുള്ള സംസ്ഥാനമാണ് ഗുജറാത്ത്.
ഉനയിലടക്കം നടന്ന ദലിതുകൾക്കെതിരായ ആക്രമണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. കാംബേ ഉൾക്കടലിൽ അംബേദ്കർ പ്രതിമ സ്ഥാപിക്കും. കെവാദിയ കോളനിയിൽ സർദാർ പേട്ടലിെൻറ പ്രതിമ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാറിെൻറ നീക്കത്തിന് മറുപടിയായാണ് ഇൗ വാഗ്ദാനം.
മറ്റു പ്രധാന വാഗ്ദാനങ്ങൾ: പിന്നാക്ക മന്ത്രാലയവും പിന്നാക്ക കമീഷനും സ്ഥാപിക്കും, സച്ചാർ ശിപാർശ നടപ്പാക്കും, കാർഷിക വായ്പ എഴുതിത്തള്ളും, കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില, കർഷകർക്ക് 16 മണിക്കൂർ വൈദ്യുതി ലഭ്യമാക്കും, കൃഷിക്ക് സൗജന്യമായി ജലം, കർഷകർക്കെതിരായ വൈദ്യുതി മോഷണക്കേസുകൾ ആറുമാസത്തിനകം പിൻവലിക്കും, തൊഴിൽരഹിതവേതനമായി പ്ലസ് ടുക്കാർക്ക് പ്രതിമാസം 3000 രൂപയും ബിരുദധാരികൾക്ക് 3500 രൂപയും ബിരുദാനന്തര ബിരുദധാരികൾക്ക് 4500 രൂപയും നൽകും, പൊലീസ്, സ്കൂൾ, കോളജ് അടക്കമുള്ള സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ നികത്തും, പ്രാഥമികതലം മുതൽ ഉയർന്നതലം വരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, ലൈംഗിക ന്യൂനപക്ഷ സംരക്ഷണത്തിന് പ്രത്യേക കമീഷൻ, സർക്കാർ സ്കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ വിതരണം, ഗ്രാമീണ പെൺകുട്ടികൾക്ക് സൗജന്യമായി സൈക്കിൾ, ഹിന്ദു പിന്തുടർച്ചാവകാശ നിയമം 2005 ഭേദഗതിക്ക് നിർദേശം സമർപ്പിക്കാൻ കമ്മിറ്റി രൂപവത്കരിക്കും, സ്വാശ്രയ കോളജുകളെയും സ്കൂളുകളെയും ഫീസ് നിയന്ത്രണ നിയമത്തിൻകീഴിലാക്കും, പെട്രോൾ- ഡീസൽ വില ലിറ്ററിന് 10 രൂപ കുറക്കും, കരാർ തൊഴിൽ നിർത്തലാക്കും, പൊതുവിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യധാന്യവും മണ്ണെണ്ണയും വിതരണം പുനരാരംഭിക്കും, തൊഴിലാളികൾക്ക് വിലക്കുറവിൽ നല്ല ഭക്ഷണം നൽകാൻ ഇന്ദിര കാൻറീൻ, ഗുരുതര കുറ്റകൃത്യങ്ങളുടെ വിചാരണക്ക് അതിവേഗ കോടതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.