ആദ്യം വീട്ടുകാര്യം, പിന്നെ വോട്ടുകാര്യം; കോട്ടക്കൽ നഗരസഭയിലേക്ക് ദമ്പതികൾ ജനവിധി തേടുന്നു
text_fieldsകോട്ടക്കൽ: വീട്ടുകാര്യങ്ങൾ പൂർത്തിയാക്കി ഭാര്യയും ഭർത്താവും പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ്, കോട്ടക്കൽ വലിയപറമ്പിൽ.
നഗരസഭയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥികളായി തത്രംപള്ളി കുടുംബത്തിൽനിന്ന് ടി.പി. സുബൈറും ഭാര്യ സെറീന സുബൈറുമാണ് ജനവിധി തേടുന്നത്. നിലവിൽ 11ാം വാർഡായ വലിയപറമ്പിലെ കൗൺസിലറും സി.പി.എം നേതാവുമാണ് സുബൈർ. വനിത സംവരണമായതോടെ ഇവിടെ ഇക്കുറി നറുക്ക് വീണത് സെറീനക്ക്.
രാഷ്ട്രീയ കക്ഷിഭേദമന്യേ വികസന പദ്ധതികൾ നടപ്പാക്കിയെന്ന് സുബൈർ പറയുന്നു. മുസ്ലിം ലീഗിെൻറ കുത്തക വാർഡ് കഴിഞ്ഞ തവണ അട്ടിമറിച്ച യുവനേതാവിന് ഇത്തവണ മറ്റൊരു വാർഡ് നൽകിയിരിക്കുകയാണ് സി.പി.എം നേതൃത്വം. 13ാം വാർഡ് പാപ്പായിലാണ് സുബൈർ മത്സരിക്കുന്നത്.
കോഡൂരിലെ പാർട്ടി കുടുംബത്തിൽപെട്ട സെറീന പാർട്ടി പരിപാടികളിൽ സജീവമാണ്. 20 വർഷമായി മേഖലയിൽ ഉണ്ടെന്നും ഭർത്താവിെൻറ വികസന പദ്ധതികളുടെ തുടർച്ചയാണ് ലക്ഷ്യമെന്നും ഇവർ പറയുന്നു. 2005ൽ ആദ്യമായി മത്സരിച്ച സുബൈർ പരാജയപ്പെട്ടിരുന്നു. പിന്നീട് പഞ്ചായത്ത് മാറി നഗരസഭയായതോടെ 2015ൽ ലീഗ് നേതാവും നഗരസഭ ഉപാധ്യക്ഷനുമായ പാറൊളി മൂസക്കുട്ടി ഹാജിയെ തോൽപിച്ചാണ് കൗൺസിലറായത്.
വിദ്യാർഥികളായ മുഹമ്മദ് ഫിദൽ, മുഹമ്മദ് നാദിൽ എന്നിവർ മക്കളാണ്. യു.ഡി.എഫിൽനിന്ന് സുബൈദ കറുമണ്ണിലും ഇ.പി. റഫീഖുമാണ് യഥാക്രമം സെറീനയുടെയും സുബൈറിെൻറയും എതിർ സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.