കോടിയേരി പച്ചക്കൊടി കാട്ടിയാലും മാണി എൽ.ഡി.എഫിലുണ്ടാകില്ല
text_fieldsകോട്ടയം: കെ.എം. മാണിയുമായുള്ള ബന്ധത്തിൽ സി.പി.എമ്മിനെ കടന്നാക്രമിച്ച് സി.പി.െഎ. കോടിയേരി ബാലകൃഷ്ണൻ എത്ര പച്ചക്കൊടികാട്ടിയാലും മാണി എൽ.ഡി.എഫിലുണ്ടാകില്ലെന്ന് സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറി സി.കെ. ശശിധരന് വ്യക്തമാക്കി. സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണിക്കെതിരെ പ്രതിഷേധിച്ചവർ ഇപ്പോൾ അദ്ദേഹത്തെ മഹത്വവത്കരിക്കുന്നത് ശരിയല്ല. ബാര്‍ കോഴ കേസിനെ തുടർന്ന് മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ നിയമസഭയില്‍ പോരാട്ടം നടത്തിയവര്‍ അതിനെക്കുറിച്ചെല്ലാം മറന്ന മട്ടാണ്. മാണിയെ വിശുദ്ധനാക്കാനാണ് പുതിയ നീക്കം.
മാണിയെ എൽ.ഡി.എഫില്‍ എത്തിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. കാഴ്ചയില്‍ സുന്ദരന്മാരുമായി കൂട്ടുകൂടാന്‍ നടക്കുമ്പോള്‍ മുമ്പ് അവര്‍ക്കെതിരെ പറഞ്ഞ കാര്യങ്ങളും നടത്തിയ സമരങ്ങളും ഓര്‍ക്കുന്നത് നന്നാവും. മാണിക്കെതിരെ സമരം നടത്തി പൊലീസിെൻറ തല്ല് മേടിച്ചവരോട് എന്ത് വിശദീകരണമാണ് നൽകാനുണ്ടാകുക. ഇപ്പോൾ മാണിയുടെ നോട്ടെണ്ണുന്ന യന്ത്രം എവിടെ പോയി. സി.പി.എം കമ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണെന്നും ശശിധരൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം സമാപിച്ച സി.പി.എം കോട്ടയം ജില്ല സമ്മേളനത്തിൽ സി.പി.െഎക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഇതിന് മറുപടിയായിട്ടായിരുന്നു സി.പി.ഐ ജില്ല സെക്രട്ടറിയുടെ പരാമർശം. ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസുമായിട്ടുണ്ടാക്കിയ സഖ്യം തുടരുമെന്നും സി.പി.എം ജില്ല സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.