സി.പി.െഎയിൽ കലഹം; കാനത്തിനെതിെരയും പടയൊരുക്കം
text_fieldsമലപ്പുറം: സി.പി.െഎയിൽ വിഭാഗീയതയും വെട്ടിനിരത്തലും മറനീക്കി പുറത്തുവരുന്നുവെന്ന സൂചന നൽകി സംസ്ഥാന സമ്മേളനം പുരോഗമിക്കുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏകാധിപതി ചമയുകയാണെന്നും എതിർശബ്ദങ്ങൾ ഇല്ലാതാക്കുകയാണെന്നും ആരോപിച്ച് ഒരുവിഭാഗം പടയൊരുക്കം ആരംഭിച്ചു. കാനത്തിനെതിരെ സെക്രട്ടറി സ്ഥാനത്തേക്ക് ആളെ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രവർത്തന റിപ്പോർട്ടിന്മേൽ ചൂടേറിയ ചർച്ചക്ക് ഇടം നൽകുന്ന നിലയിലേക്ക് വിഷയം മാറുകയാണ്.
അതിനിടെ, സംസ്ഥാന നേതൃത്വത്തിനെതിരെ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിൽ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. ഇസ്മായിൽ വിദേശയാത്ര നടത്തി പണപ്പിരിവ് നടത്തി, ആഡംബര ജീവിതം നയിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കൺട്രോൾ കമീഷൻ റിപ്പോർട്ട് പ്രവർത്തന റിപ്പോർട്ടിെൻറ ഭാഗമാക്കി പ്രതിനിധികൾക്ക് കൈമാറിയതാണ് ഇസ്മായിലിനെ ചൊടിപ്പിച്ചത്. ‘ഇത് സംഘടന വിരുദ്ധമാണ്. മൂന്നുവർഷമായി തന്നെ നിരന്തരം വേട്ടയാടുകയാണ്. കേന്ദ്രനേതൃത്വം വിഷയത്തിൽ ഇടപെടണം. ഈ രീതി തുടർന്നാൽ തനിക്ക് പാർട്ടി പ്രവർത്തനം ഉപേക്ഷിച്ച് പല കാര്യങ്ങളും തുറന്നുപറയേണ്ടി വരും’- ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢിക്ക് നൽകിയ പരാതിയിൽ ഇസ്മായിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം രാത്രി സുധാകർ റെഡ്ഢി താമസിക്കുന്ന ഹോട്ടലിൽ എത്തിയാണ് പരാതി കൈമാറിയത്.
പരാതിയിൽ സുധാകർ റെഡ്ഢി സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയതായാണ് വിവരം. പരാതി കിട്ടിയ കാര്യം നിഷേധിക്കാതെ, പരാതിയുണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്ന് സുധാകർ റെഡ്ഢി പ്രതികരിച്ചു. കൺട്രോൾ കമീഷൻ റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കുകയോ അതിൽ ചർച്ച നടക്കുകയോ ഉണ്ടായില്ലെന്നും ഇന്ന് മാത്രമേ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂവെന്നും സമ്മേളന നടപടികൾ വിശദീകരിച്ച സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.പി. രാജേന്ദ്രൻ പറഞ്ഞു. എന്നാൽ, ഇത്തരത്തിലുള്ള റിപ്പോർട്ട് ഉണ്ടോയെന്നും അത് പ്രതിനിധികൾക്ക് കൈമാറിയിട്ടുണ്ടോയെന്നും വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. റിപ്പോർട്ട് പുറത്തായതുൾപ്പെടെ കാര്യങ്ങൾ പാർട്ടി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറച്ചുകാലമായി പാർട്ടിക്കുള്ളിൽ മാത്രം ഒതുങ്ങിനിന്ന ഗ്രൂപ് തർക്കങ്ങൾ മലപ്പുറം സമ്മേളനത്തിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഇന്ന് നടക്കുന്ന പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ കാനം രാജേന്ദ്രെൻറ പ്രവർത്തനങ്ങളിലെ അതൃപ്തി രേഖപ്പെടുത്താനും കൺട്രോൾ കമീഷൻ റിപ്പോർട്ട് ഉൾപ്പെടുത്തിയത് തെറ്റായിപ്പോയിയെന്ന അഭിപ്രായ പ്രകടനം നടത്താനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇസ്മായിലുമായി അടുത്തബന്ധമുള്ളവർക്ക് സ്വാധീനമുള്ള അഞ്ചിലധികം ജില്ലകളുണ്ട്. അവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾക്ക് സംസ്ഥാന കൗൺസിലിൽ പ്രാതിനിധ്യം ലഭിക്കുന്നതിനുള്ള ശ്രമങ്ങളും ഒരു വിഭാഗം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.