കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന് കോടിയേരിക്ക് കാനത്തിന്‍റെ മറുപടി
text_fieldsതിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തങ്ങള്‍ ശരി, തെറ്റെല്ലാം വേറെ ഭാഗത്ത് എന്നത് കമ്യൂണിസ്റ്റ് സമീപനമല്ളെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ ‘ജനാധിപത്യം, സോഷ്യലിസം’ എന്ന് കൊടിയില്‍ എഴുതിവെച്ചാല്‍ പോരാ. പ്രവര്‍ത്തനത്തിലും അത് വരണം. ലോ അക്കാദമി ലോ കോളജിലെ സമര വിജയികള്‍ക്ക് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോ അക്കാദമി സമരത്തില്‍ എസ്.എഫ്.ഐ നേടിയതില്‍ കൂടുതലൊന്നും പിന്നീട് ആരും നേടിയില്ളെന്നായിരുന്നു തിങ്കളാഴ്ച സി.പി.എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ കോടിയേരി പറഞ്ഞത്. കണ്ടാലും കൊണ്ടാലും പഠിക്കില്ളെന്ന് വാശിയുള്ളവരെ രക്ഷിക്കാനാവില്ളെന്ന് കാനം പറഞ്ഞു.
നന്ദിഗ്രാമില്‍ കൃഷിഭൂമി ഇടത് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകരുടെ ആദ്യ പ്രതിഷേധയോഗം നടന്നത് സി.പി.ഐ എം.എല്‍.എയുടെ വീട്ടിലായിരുന്നു. സി.പി.എമ്മിന്‍െറ എം.പിയും അതില്‍ പങ്കെടുത്തു. എന്നാല്‍, വികസനവും കൃഷിക്കാരുടെ പ്രശ്നവുമായി ഏറ്റുമുട്ടിയപ്പോള്‍ സി.പി.എം ആദ്യവും പിന്നീട് സി.പി.ഐയും സമരത്തില്‍നിന്ന് പിന്മാറി. നമ്മള്‍ പിന്മാറിയിടത്താണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വന്നതും നേതൃത്വം ഏറ്റെടുത്തതും. വികസനത്തിന് നേതൃത്വം നല്‍കിയ നേതാവ് തന്നെ പിന്നീട് തെറ്റുപറ്റിയെന്ന് പറഞ്ഞു. സി.പി.എം പി.ബി മാപ്പ് പറഞ്ഞു. ജനകീയ സമരങ്ങളില്‍നിന്ന് മുഖംതിരിഞ്ഞുനിന്നാല്‍ പാര്‍ട്ടി ജനങ്ങളില്‍നിന്ന് അകലുമെന്നതാണ് പാഠം. അത് മനസ്സിലാക്കിയാണ് സി.പി.ഐ ജനപക്ഷ നിലപാടുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
ലോ അക്കാദമി സമരത്തില്‍ സി.പി.ഐ സംഘ്പരിവാറുമായി യോജിച്ച പോരാട്ടം നടത്തിയെന്നാണ് ചിലര്‍ പറയുന്നത്. യോജിച്ച പോരാട്ടത്തിലും ജനകീയ പ്രശ്നം ഉന്നയിക്കുമ്പോഴും എന്തിനാണ് രാഷ്ട്രീയ വേര്‍തിരിവ്. ആഗോളീകരണ, നവ ഉദാരീകരണത്തിനെതിരായ സമരത്തില്‍ 11 കേന്ദ്ര തൊഴിലാളി യൂനിയന്‍ നേതാക്കളാണ് വേദി പങ്കിട്ടത്. അതില്‍ ഇടത്, വലത് പക്ഷങ്ങളുണ്ടായിരുന്നു.
സി.പി.എമ്മിനെയും സി.പി.ഐയെയും തമ്മില്‍ തെറ്റിക്കാന്‍ നോക്കേണ്ടെന്ന് കോടിയേരി പറഞ്ഞത് ശരിയാണ്. രണ്ട് പാര്‍ട്ടികളും തമ്മില്‍ രാഷ്ട്രീയ വിയോജിപ്പിന്‍െറ പ്രശ്നമില്ല. എന്നാല്‍, പ്രായോഗിക രാഷ്ട്രീയത്തിന്‍െറ വിശദാംശത്തില്‍ വ്യത്യസ്ത സമീപനമുണ്ടാവും. ആരാണ് ശരിയായ പാതയിലെന്ന് ജനം തീരുമാനിക്കട്ടെ. സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ജനാധിപത്യവും സ്വാതന്ത്ര്യവും വരണം. ഫാഷിസത്തിനെതിരായി ലേഖനം എഴുതിയാല്‍ പോരെന്നും കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.