നിലപാട് കടുപ്പിച്ചുതന്നെ സി.പി.ഐ; കൂടുതല്‍ ഒറ്റപ്പെട്ട് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിലമ്പൂരില്‍ രണ്ട് മാവോവാദികളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ. അതേസമയം, ഇക്കാര്യത്തില്‍ സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ പുലര്‍ത്തുന്ന നിശ്ശബ്ദത മുഖ്യമന്ത്രിയെ സര്‍ക്കാറിലും പാര്‍ട്ടിയിലും കൂടുതല്‍ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനുപുറമേ മജിസ്ട്രേറ്റ്തല അന്വേഷണവും മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഇടഞ്ഞുനില്‍ക്കുന്ന സി.പി.ഐയെ വിശ്വാസത്തിലെടുക്കാനും പൊതുസമൂഹത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനും ലക്ഷ്യമിട്ടാണ്.
എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നടത്തുന്ന മജിസ്ട്രേറ്റ്തല അന്വേഷണത്തിന് വിശ്വാസ്യതയുണ്ടാവില്ളെന്ന മനുഷ്യാവകാശപ്രവര്‍ത്തകരുടെ അഭിപ്രായത്തോടൊപ്പം നിന്ന് നിലപാട് കടുപ്പിക്കുകയാണ് സി.പി.ഐ.മുമ്പ് ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിലെ പൊലീസ് നടപടിയില്‍ 30 മാവോവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ സി.പി.ഐയും സി.പി.എമ്മും ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ ജുഡീഷ്യല്‍ അന്വേഷണമാണ് ആവശ്യപ്പെട്ടതെന്ന് ഓര്‍മിപ്പിച്ച് കാനം രാജേന്ദ്രന്‍ തിങ്കളാഴ്ച ഫേസ്ബുക്ക് പേജില്‍ കുറിപ്പുമിട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വസ്തുതകള്‍ പുറത്തുവരുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന് പറയാതെപറയുകയാണ് കാനം.
മാവോവാദിവിഷയത്തില്‍ കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും നിലപാടിന് വിരുദ്ധമായി മനുഷ്യാവകാശം ഉയര്‍ത്തിയുള്ള നിലപാടാണ് ഇടതുപക്ഷം അഖിലേന്ത്യാതലത്തില്‍തന്നെ സ്വീകരിക്കുന്നതെന്ന വാദമാണ് സി.പി.ഐക്ക്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം അവസാനിപ്പിച്ച് വസ്തുതകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവും അവര്‍ക്കുണ്ട്. യു.എ.പി.എ ചുമത്തല്‍ നടപടികളെയടക്കം തുറന്നെതിര്‍ത്ത സി.പി.ഐ ഈ വിഷയത്തില്‍ രാഷ്ട്രീയമായി ഏറെ മുന്നിലത്തെിയിട്ടുമുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ എല്ലാ ജനക്ഷേമപദ്ധതികളുടെയും ശോഭ കെടുത്തുന്നതായി നിലമ്പൂര്‍ സംഭവമെന്ന വിമര്‍ശനം മുന്നണിക്കുള്ളിലും പുറത്തും ഉയരുന്നുണ്ട്. സി.പി.എം സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗവും കേന്ദ്ര നേതാക്കളും ഈ അഭിപ്രായം പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.