റിതോബ്രതോ: നടപടി ദഹിക്കാതെ അണികളും ആരാധകരും
text_fieldsകൊൽക്കത്ത: റിതോബ്രതോയുടെ പുറത്താക്കൽ ബംഗാൾ സി.പി.എമ്മിൽ തുടർചലനങ്ങളുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി ആരാധകർക്കൊപ്പം അണികളിൽനിന്നും പുറത്താക്കലിനെതിരെ വിമർശനമുയരുന്നുണ്ട്. ഉന്നതരായ ചില നേതാക്കളുടെ വിദ്വേഷ രാഷ്ട്രീയത്തിെൻറ ഇരയാണ് റിതോബ്രതോയെന്ന് മുതിർന്ന പാർട്ടി പ്രവർത്തകൻ സുശോഭൻ ദത്ത പറഞ്ഞു. ശീതീകരിച്ച മുറികളിൽനിന്ന് പുറത്തിറങ്ങാത്ത നേതാക്കൾക്ക് സാധാരണ ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും ഒരു തെരഞ്ഞെടുപ്പിൽപോലും മത്സരിക്കാൻ കഴിയാത്തവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാരുടെ നടപടികളാണ് തൃണമൂൽ കോൺഗ്രസിന് നേട്ടമായതെന്നും അദ്ദേഹം പറഞ്ഞു.
ജനവികാരം മാനിക്കാതെയുള്ള നടപടിയാണ് പാർട്ടിയുടേതെന്ന് ജനാധിപത്യ വനിത സംഘടനയുടെ നേതാവ് ഹാഷി ദത്തഗുപ്തയും പറഞ്ഞു. ഇവർതന്നെയാണ് അസൂയകൊണ്ട് ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാകാൻ സമ്മതിക്കാതിരുന്നത്. ഇവർതന്നെയാണ് മുൻ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ഇതെല്ലാം ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. പാർട്ടിക്ക് ജനങ്ങളിൽ വിശ്വാസമില്ലാതായെന്നും ദത്തഗുപ്ത കൂട്ടിച്ചേർത്തു.
യുവനേതാവിന് മാത്രമേ പാർട്ടിയുടെ പ്രതാപം തിരിച്ചുപിടിക്കാൻ കഴിയൂവെന്ന് പാർട്ടി നേതാവ് സുകോമൾ ഖൊരായ് പറഞ്ഞു. മികച്ച വാഗ്മിയായ റിതോബ്രതോക്ക് പുതിയ തലമുറയെ ആകർഷിക്കാനുള്ള കഴിവുണ്ട്. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം കാലത്തിനനുസരിച്ച മാറ്റവും വേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിലകൂടിയ പേനയും ആപ്പിൾ വാച്ചും അഴിമതിയാകുന്നതെങ്ങനെ യെന്നായിരുന്നു എസ്.എഫ്.െഎയുടെ സജീവപ്രവർത്തകൻ നീലേഷ് ഘോഷിെൻറ ചോദ്യം. റിതോബ്രതോ കാലത്തിനൊപ്പം നീങ്ങുന്നുവെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്. ഇന്ത്യയിൽ 25 ശതമാനത്തിലേറെ യുവാക്കളാണ്. അവരെ പാർട്ടിയോട് അടുപ്പിക്കുന്നതിൽ നിലവിലെ നേതൃത്വം പരാജയമാണെന്നും ഘോഷ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.