സി.പി.എം ലക്ഷ്യം കത്തോലിക്ക സഭ പിന്തുണയോടെ തുടർ ഭരണം
text_fieldsതിരുവനന്തപുരം: ജോസ് കെ. മാണിയെ ഇടതു മുന്നണിയിൽ എത്തിച്ച് സി.പി.എം ലക്ഷ്യമിടുന്നത് കത്തോലിക്ക സഭ പിന്തുണയോടെ തുടർഭരണം. യു.ഡി.എഫിൽ കോൺഗ്രസ് മുസ്ലിം ലീഗിന് നൽകുന്നതിന് തുല്യമായ പരിഗണനയാണ് ജോസ് പക്ഷത്തിന് സി.പി.എം വാഗ്ദാനം.
കാലങ്ങളായി ഇടതുപക്ഷത്തോട് മുഖംതിരിച്ചുനിൽക്കുന്ന കത്തോലിക്ക വിശ്വാസികളെ ആകർഷിക്കാൻ ലൗ ജിഹാദും കർഷക പ്രശ്നങ്ങളുമാണ് പുതിയ കൂട്ടുകെട്ട് മുന്നോട്ടുവെക്കുന്നത്. ഇതിനുള്ള പ്രചാരണങ്ങൾ വിവിധ ഗ്രൂപ്പുകളിൽ സജീവമാണ്.
അനുകൂല സമീപനം പല ബിഷപ്പുമാരും സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്. ഉത്തരേന്ത്യയിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലടക്കം കത്തോലിക്ക വിശ്വാസികൾക്ക് സംരക്ഷണമൊരുക്കുന്നത് സി.പി.എം ആണെന്ന പ്രചാരണവും സജീവമാണ്.
കോൺഗ്രസ്, മുസ്ലിം ലീഗിന് അമിത പ്രാധാന്യം നൽകുന്നതിൽ ക്രിസ്ത്യൻ നേതാക്കൾക്ക് അതൃപ്തിയുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ സമരം ചെയ്ത സി.പി.എമ്മിനെ പിന്തുണച്ചാൽ പട്ടയം അടക്കം പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന വിശ്വാസം മലയോര കർഷകരിലും പ്രചരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 92 സീറ്റിലാണ് സി.പി.എം മത്സരിച്ചത്. 63ൽ വിജയിച്ചു. 27 മണ്ഡലങ്ങളിൽ ഫലം അനുകൂലമാകാൻ കാരണം ബി.ജെ.പി കൂടുതൽ വോട്ട് നേടിയതാണ്. കൂടുതലും കോൺഗ്രസിന് ലഭിച്ചിരുന്നതാണ് ഈ വോട്ടുകൾ. സഭ പിന്തുണയുള്ള ജോസ് കെ. മാണി വിഭാഗത്തെ കൂടെ നിർത്തിയാൽ യു.ഡി.എഫ് വോട്ടിൽ കാര്യമായ കുറവുണ്ടാക്കാനാവുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ.
സി.പി.ഐ മത്സരിച്ച 27 സീറ്റിൽ 19ലാണ് ജയിച്ചത്. ഒമ്പതിടത്ത് ബി.ജെ.പി നേടിയ അധിക വോട്ടാണ് സി.പി.ഐക്ക് ഗുണമായത്. ജെ.ഡി.എസ് വിജയിച്ച ചിറ്റൂർ, തിരുവല്ല എന്നിവിടങ്ങളിലും എൻ.സി.പി ജയിച്ച കുട്ടനാട്ടിലും ബി.ജെ.പി അധികവോട്ട് നേടിയിട്ടുണ്ട്. കോൺഗ്രസ് എസിന് കണ്ണൂരിലും സി.എം.പിക്ക് ചവറയിലും ഈ രീതിയിൽ ഗുണം കിട്ടി.
പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഇടുക്കി, തൊടുപുഴ, കുറ്റ്യാടി, പേരാവൂർ, പെരുമ്പാവൂർ, പിറവം സീറ്റുകൾ ജോസിന് നൽകാൻ ഏതാണ്ട് ധാരണയായിട്ടുണ്ട്. ഒപ്പം ചാലക്കുടിയും റാന്നിയും വേണമെന്ന് ജോസ് ആവശ്യപ്പെടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിച്ച ഏഴ് മണ്ഡലങ്ങൾ കേരള കോൺഗ്രസ് സഹായത്തിൽ പിടിച്ചെടുക്കാമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. മഞ്ചേശ്വരം, അഴീക്കോട്, കുറ്റ്യാടി, പെരിന്തൽമണ്ണ, മങ്കട, വടക്കാഞ്ചേരി, കുന്നത്തുനാട് തുടങ്ങിയവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.