സി.പി.എം കേന്ദ്ര കമ്മിറ്റി: ത്രിപുര കൈവിട്ടതിൽ വിമർശം
text_fieldsന്യൂഡൽഹി: ത്രിപുരയിൽ ആർ.എസ്.എസ്-ബി.ജെ.പി ഉയർത്തിയ വെല്ലുവിളിയെ കുറച്ചുകണ്ടുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ വിമർശനം. പാർട്ടിയിൽനിന്ന് മധ്യവർഗങ്ങളിലെയും ആദിവാസികളിലെയും ഒരു വിഭാഗം, പ്രത്യേകിച്ച് യുവജനത അകന്നുപോയത് എങ്ങനെയെന്നതിൽ സ്വയംവിമർശനാത്മകമായ പരിശോധന വേണമെന്ന് വിമർശനവും ഉയർന്നു. ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ, സംഘടന റിപ്പോർട്ടിെൻറ കരടിന് അന്തിമരൂപം നൽകാൻ ചേർന്ന കേന്ദ്ര കമ്മിറ്റിയിലായിരുന്നു ഇൗ വിമർശനം.
അതേസമയം, 25 വർഷം കൈവശമുണ്ടായിരുന്ന ഭരണം നഷ്ടപ്പെട്ടുവെങ്കിലും നല്ലൊരു വിഭാഗം, പ്രത്യേകിച്ചും കർഷകരും ദരിദ്ര ജനവിഭാഗവും സി.പി.എമ്മിനൊപ്പം നിലകൊണ്ടുവെന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി ആർ.എസ്.എസ് നേതൃത്വത്തിൽ ബി.ജെ.പിക്ക് അടിത്തറ ഉണ്ടാക്കാൻ നടത്തിയ പ്രവർത്തനത്തിെൻറ ഭീഷണി മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചു. തുടർച്ചയായ ഭരണത്തിൽ സർക്കാറിനും പാർട്ടിക്കും ജനങ്ങളുമായുള്ള ബന്ധം നിലനിർത്തുന്നതിൽ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണം. ആദിവാസി മേഖലയിൽനിന്നുള്ള, പുതിയ വിദ്യാഭ്യാസമുള്ള മധ്യവർഗത്തിലെ യുവാക്കളുടെ നിലപാട് അഭിപ്രായസ്വരൂപണത്തെ സ്വാധീനിച്ചുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഒരു മാറ്റം വേണമെന്ന ബി.ജെ.പിയുടെ പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചുവെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി.
കർണാടകയിൽ ജനതാദൾ-എസ് ഉൾപ്പെടെ പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് മത്സരിക്കണമോ എന്നത് സംസ്ഥാന ഘടകം തീരുമാനിക്കാനും ധാരണയായി. രാഷ്ട്രീയ, സംഘടന റിപ്പോർട്ടിന്മേലുള്ള ചില ഭേദഗതി നിർദേശങ്ങൾക്ക് വെള്ളിയാഴ്ച എസ്. രാമചന്ദ്രൻ പിള്ള മറുപടി നൽകും. കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ഭേദഗതി നിർദേശങ്ങൾ കേന്ദ്ര കമ്മിറ്റി പരിഗണിച്ചില്ല. കേന്ദ്ര കമ്മിറ്റി വെള്ളിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.