സി.പി.െഎക്ക് മൂക്കുകയർ; അതിർത്തി പുനർനിർണയം എം.പിയെ ‘രക്ഷിക്കാൻ’
text_fieldsതൊടുപുഴ: റവന്യൂ വകുപ്പിലൂടെ സി.പി.െഎ തീരുമാനമെടുത്തിരുന്ന മൂന്നാർ ഭൂപ്രശ്നങ്ങളിൽ ഇനി മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിനു പുറമെ വൈദ്യുതി മന്ത്രിയുടെ മൂക്കുകയറും. മന്ത്രിസഭ ഉപസമിതിയെ നിശ്ചയിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത് ഇതാണ്. ജോയിസ് ജോർജ് എം.പിയെ പട്ടയ വിവാദത്തിൽനിന്ന് രക്ഷിച്ചെടുക്കാൻ സി.പി.എം ജില്ല നേതൃത്വം മുഖ്യമന്ത്രിയെ ഇടപെടുത്തി തയാറാക്കിയ ഫോർമുലയാണ് മന്ത്രി എം.എം. മണിക്ക് വിഷയം കൈകാര്യം ചെയ്യാനാകും വിധത്തിലുള്ള സമിതി രൂപവത്കരണം. വ്യക്തമായ പഠനം നടത്താതെ 2006ൽ കുറിഞ്ഞി സേങ്കതമായി പ്രഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതിൽ ജനങ്ങളുടെ പ്രയാസം പരിഹരിക്കാനും അതിരുകൾ പുനർനിർണയിക്കാനുമാണ് മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളത്.
എം.പിയുടെ പട്ടയം റദ്ദാക്കിയ വിഷയത്തിൽ സി.പി.െഎ നിലപാട് അനുകൂലമല്ലാതെ വന്നപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടത്. ഇതേ കുറിഞ്ഞി സേങ്കതത്തിെൻറ ഭാഗമായ കൊട്ടക്കാമ്പൂരിൽ എം.പി കൈവശംവെച്ച ഭൂമിയുടെ പട്ടയമാണ് സബ്കലക്ടർ റദ്ദാക്കിയത്. ജനങ്ങളെ കുടിയൊഴിപ്പിക്കാതെ വേണം പുനർനിർണയമെന്ന മുഖ്യമന്ത്രിയുടെ നിലപാടും മന്ത്രി മണിയുടെ ഇടപെടലും എം.പിക്ക് ഗുണകരമാകും. റവന്യൂ വകുപ്പിെൻറയും സി.പി.െഎയുടെയും കടുത്ത വിമർശകനായ മണി, മുഖവും ചട്ടവും നോക്കാത്ത സമീപനമാകും വിഷയത്തിലെടുക്കുക. അതിർത്തി പുനർ നിർണയത്തിന് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ നിയോഗിച്ചതും എം.പിയെ രക്ഷിച്ചെടുക്കൽ നടപടിയുടെ ഭാഗം തന്നെ.
റവന്യൂ മന്ത്രിയുടെ താൽപര്യം മറികടന്നാണ് കുര്യനെ മുഖ്യമന്ത്രി നിലനിർത്തിയിട്ടുള്ളത്. കുറിഞ്ഞി ഉദ്യാനം 3200 ഹെക്ടറാണെങ്കിലും പട്ടയഭൂമി ഒഴിവാക്കിയാൽ 2000 െഹക്ടറിലേറെ വരില്ലെന്നുമാണ് കുര്യൻ മുഖ്യമന്ത്രിയുടെ യോഗത്തിൽ പറഞ്ഞത്. ഒഴിപ്പിക്കൽ വേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മണി ഉൾപ്പെട്ട സമിതി വിഷയം പഠിക്കുന്നതോടെ റവന്യൂ മന്ത്രിക്കടക്കം ‘ജനരോഷം’ കണക്കിലെടുക്കേണ്ടിവരും. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയും കടുംപിടിത്തത്തിനു നിൽക്കാതെയും ഒത്തുതീർപ്പിനാണ് സർക്കാർ നിർദേശമെന്നതിനാൽ ചട്ടങ്ങൾക്കപ്പുറം ജനവികാരത്തിനാകും ഉൗന്നൽ കിട്ടുക.
പഞ്ചായത്തുതലം മുതലുള്ള ജനപ്രതിനിധികളെ ഒന്നിച്ചിരുത്തി മൂന്നാർ സിറ്റിങ്ങിലൂടെ അഭിപ്രായം കേട്ട് നടപടിയെടുക്കുന്ന സാഹചര്യം നിലവിൽ റവന്യൂവകുപ്പ് കണ്ടെത്തിയ അനധികൃത കൈവശങ്ങൾ മുഴുവൻ സാധൂകരിക്കുന്നതിലാകുമെത്തുക. മൂന്നാറിൽ രാഷ്ട്രീയ പാർട്ടികളെല്ലാം ഒരേ നിലപാടുകാരാണെന്നതാണ് ഇതിനു കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.