താഴേത്തട്ടിൽ മേൽക്കൈ; ആറിടത്ത് വിജയം സുനിശ്ചിതമെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽ.ഡി.എഫിന് താഴെതട്ടിൽ ന ല്ല മേൽക്കൈ ലഭിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വിലയിരുത്തൽ. ഒരു മണ്ഡല ത്തിലും ഇടതുമുന്നണിക്ക് എതിരായ ധ്രുവീകരണം ഉണ്ടായിട്ടില്ലെന്നതിെൻറ കൂടി അടിസ്ഥാനത്തിലാണ് 18 സീറ്റുകളിൽ ജയസാധ്യതയെന്ന കണക്കുകൂട്ടലിലേക്ക് സി.പി.എം എത്തിയത്. എല്ലാ മണ്ഡലം കമ്മിറ്റികളിലും നിന്നുള്ള അവലോകന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആറ് മണ്ഡലങ്ങളിലാണ് സുനിശ്ചിത വിജയം കണക്കാക്കുന്നത്. ആറ്റിങ്ങൽ, ആലപ്പുഴ, തൃശൂർ, ആലത്തൂർ, പാലക്കാട്, കാസർകോട് എന്നിവയാണവ.
ശേഷിക്കുന്നയിടങ്ങളിൽ കടുത്ത മത്സരത്തിന് ഒടുവിൽ വിജയിക്കുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ ജയസാധ്യത പൂർണമായും തള്ളി, എൽ.ഡി.എഫ് സ്ഥാനാർഥികൾ കടുത്ത പോരാട്ടത്തിനൊടുവിൽ വെല്ലുവിളി കടക്കുമെന്നാണ് രണ്ട് മണ്ഡലം കമ്മിറ്റികളുടെയും റിപ്പോർട്ട്. തിരുവനന്തപുരത്ത് കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് മറിയുമെന്ന വ്യക്തമായ സൂചന പുറത്തുവന്നതോടെ ന്യൂനപക്ഷ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചു. ഇത് വിജയസാധ്യത വർധിപ്പിച്ചു. ബി.ഡി.ജെ.എസിെൻറ മാവേലിക്കര, വയനാട് മണ്ഡലങ്ങളിൽ ബി.ജെ.പി പ്രവർത്തകർ ബൂത്തുതലത്തിൽപോലും സജീവമായില്ല. ആറ്റിങ്ങലിൽ മത്സരം കടുത്തു. എന്നാൽ, അവസാന ലാപ്പിൽ കടക്കും. കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ നല്ല മത്സരം കാഴ്ചവെച്ചത് നേട്ടമാവും. വടകരയിൽ കോൺഗ്രസിലേക്ക് ബി.ജെ.പി വോട്ടുകൾ മറിഞ്ഞു. അത് ഇടത് ശക്തികേന്ദ്രമായ തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ വോട്ടിൽ മറികടക്കും. ആർ.എം.പി വെല്ലുവിളിയല്ല. കാസർകോട് മണ്ഡലത്തിൽ സ്ഥാനാർഥിയുടെ അടുത്ത ബന്ധുവിനുള്ള ആർ.എസ്.എസ് ബന്ധം വഴി ബി.ജെ.പി േവാട്ടുകൾ സമാഹരിക്കാൻ ശ്രമമുണ്ടായി.
ശബരിമല പ്രചാരണം തെക്കൻ കേരളത്തിലാണ് ബി.ജെ.പി നന്നായി ഉപയോഗിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരത്തും ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലും അതിന് ശ്രമിച്ചു. വടക്കൻ കേരളത്തിൽ ഏശിയില്ല. മുന്നാക്ക സമുദായ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഇടതു നിലപാടുള്ള സി.പി.എം അംഗങ്ങളല്ലാത്തവരുടെയും മതനിരപേക്ഷ വോട്ടർമാരുടെയും അനുകൂല സമീപനം ഭൂരിപക്ഷ വോട്ട് കേന്ദ്രീകരണമെന്ന ബി.ജെ.പി തന്ത്രത്തെ പ്രതിരോധിച്ചു. ഒപ്പം ന്യൂനപക്ഷത്തിൽനിന്ന് ഹിന്ദുത്വ വർഗീയതക്കെതിരായ ഇടതു നിശ്ചയദാർഢ്യത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ട് കേന്ദ്രീകരണം യു.ഡി.എഫിന് എന്ന സമവാക്യം കാലഹരണപ്പെട്ടതാണെന്നും സി.പി.എം വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.