സി.പി.എം പാർട്ടി കോൺഗ്രസ്: മല്ലു സ്വരാജ്യം പതാക ഉയര്‍ത്തും; 763 പ്രതിനിധികള്‍
text_fieldsഹൈദരാബാദ്: മുഹമ്മദ് അമീന് നഗറില്‍ (ആർ.ടി.സി കല്യാണ മണ്ഡപം) ബുധനാഴ്ച സി.പി.എമ്മിെൻറ 22 ാം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ത്തുന്നത് അവശേഷിക്കുന്ന സ്ഥാപക അംഗമായ വി.എസ്. അച്യുതാനന്ദന് ആവില്ല. പുതുതായി രൂപവത്കരിച്ച തെലുങ്കാന സംസ്ഥാനത്ത് നടത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസിെൻറ പതാക ഉയര്‍ത്തുന്നത് തെലുങ്കാന സായുധ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനി മല്ലു സ്വരാജ്യം ആവും. മുന്‍ സംസ്ഥാന സമിതിയംഗവും നിലവില്‍ സമിതിയില്‍ ക്ഷണിതാവുമായ 87കാരിയായ അവര്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവാണ്.
95 വയസ്സായ വി.എസാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന ഏറ്റവും മുതിര്‍ന്ന അംഗം. എന്നാല്‍, പത്താം വയസ്സില്‍ നിസാം ഭരണത്തിന് എതിരായ പ്രക്ഷോഭത്തില്‍ പങ്കാളിയായവരാണ് മല്ലു സ്വരാജ്യം. സെമീന്ദാര്മാര്ക്ക് എതിരായി പൊരുതിയ ഒരു കമ്യൂണിസ്റ്റ് ദലത്തിെൻറ കമാൻഡറായി ഉയര്‍ന്ന അവരുടെ തലക്ക് അക്കാലത്ത് 10,000 രൂപയാണ് വിലയിട്ടിരുന്നത് ഭരണാധികാരികള്‍. ആന്ധ്ര മഹാസഭ എന്ന ബാനറിന് കീഴില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ സായുധ സമരത്തിലും ഇവര്‍ സജീവമായിരുന്നു. നല്‍ഗൊണ്ട മണ്ഡലത്തെ പാര്‍ലമെൻറില്‍ പ്രതിനിധാനം ചെയ്തിരുന്നു.
ഏപ്രില്‍ 18ന് ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി 763 പ്രതിനിധികള്‍ പങ്കെടുക്കും. കഴിഞ്ഞ രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകളിലായി വിദേശ പ്രതിനിധികളെ ക്ഷണിക്കാത്തതിനാല്‍ ഇത്തവണയും അതുണ്ടാവില്ല. ഏപ്രില്‍ 22 വരെ നടക്കുന്ന കോണ്‍ഗ്രസില്‍ ആദ്യ രണ്ട് ദിവസം കരട് രാഷ്ട്രീയ പ്രമേയ അവതരണത്തിനും ചര്‍ച്ചക്കായും മാറ്റിവെക്കും. ഏകദേശം 6,000ല്‍ അധികം ഭേദഗതി നിർദേശങ്ങളാണ് പ്രമേയത്തിന്മേല് നേതൃത്വത്തിന് ലഭിച്ചത്. ഇതില്‍നിന്ന് എത്ര നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് ഏപ്രില്‍ 17ന് ചേരുന്ന കേന്ദ്ര കമ്മിറ്റിക്ക് മുന്നില്‍ പി.ബി വെക്കും. രാഷ്ട്രീയ- സംഘടന റിപ്പോര്‍ട്ട് 21ന് അവതരിപ്പിക്കും. അതിന്മേല് 22 വരെ ചര്‍ച്ച തുടരും. ചൊവ്വാഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റിയാവും കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് എന്നിവ ആര് അവതരിപ്പിക്കും എന്നതില്‍ അന്തിമമായി ധാരണയില്‍ എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.