പി.ബി യോഗം എ.കെ.ജി സെന്‍ററില്‍; കേന്ദ്ര കമ്മിറ്റി ഹോട്ടലില്‍
text_fieldsതിരുവനന്തപുരം: സി.പി.എമ്മിന്‍െറ ശക്തികേന്ദ്രമായ കേരള ഘടകം ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്ന പി.ബിയോഗം ചേരുക പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്‍ററില്‍. എന്നാല്‍, കേന്ദ്ര കമ്മിറ്റി ചേരുക സ്വകാര്യ ഹോട്ടലിലാവും. ജനുവരി ആറു മുതല്‍ എട്ടു വരെയാണ് നിര്‍ണായക പി.ബിയും കേന്ദ്ര കമ്മിറ്റിയും. പി.ബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ ബുധനാഴ്ച മുതല്‍ തലസ്ഥാനത്ത് എത്തിച്ചേരും.
പി.ബി യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുന്ന ഹാളിലാണ് ചേരുക. 16 അംഗങ്ങള്‍ മാത്രമുള്ള പി.ബിക്ക് എ.കെ.ജി സെന്‍ററില്‍തന്നെ യോഗം ചേരാനാവും. എന്നാല്‍, സ്ഥിരംക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളും പി.ബി അംഗങ്ങളും ഉള്‍പ്പെടെ 101 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. ഇവരില്‍ മുഴുവന്‍പേരും എത്തിയില്ളെങ്കില്‍കൂടിയും യോഗം ചേരാന്‍ പാര്‍ട്ടി ആസ്ഥാനത്ത് സ്ഥലസൗകര്യമില്ല. അതിനാല്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയ ഹോട്ടല്‍ ഹൈസിന്തിലാവും കേന്ദ്ര കമ്മിറ്റിയോഗം നടക്കുക.
കൊച്ചിയിലും അതിനുമുമ്പ് കോഴിക്കോട്ടും കേന്ദ്ര കമ്മിറ്റിയോഗം ചേര്‍ന്നിട്ടുണ്ട്. പ്രത്യേക സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നടന്നതിന്‍െറ ഭാഗമായി മാത്രമേ തലസ്ഥാനത്ത് കേന്ദ്ര കമ്മിറ്റി ചേര്‍ന്നിട്ടുള്ളൂ. ജനുവരിയില്‍ കേന്ദ്ര കമ്മിറ്റി ഡല്‍ഹിക്ക് പുറത്ത് കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് ചേരുക പതിവ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, മണിക് സര്‍ക്കാര്‍, ബിമന്‍ബസു, വൃന്ദ കാരാട്ട്, സൂര്യകാന്ത് മിശ്ര, എം.എ. ബേബി, എ.കെ. പദ്മനാഭന്‍, ഹന്നന്‍മുള്ള എന്നിവരാണ് ആദ്യം എത്തുന്ന നേതാക്കള്‍. നാലിന് അവര്‍ എത്തും. അഞ്ചിന് സുഭാഷിണി അലി, തപന്‍സെന്‍, ബി.വി. രാഘവലു, മുഹമ്മദ് സലിം എന്നിവരത്തെും.
ദേശീയ രാഷ്ട്രീയ സാഹചര്യം അനുസരിച്ചുള്ള ചര്‍ച്ച കേന്ദ്ര കമ്മിറ്റിയില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്കും രൂപം നല്‍കും. യോഗത്തിന്‍െറ അജണ്ട അഞ്ചിലെ പി.ബി യോഗത്തിലാവും തീരുമാനിക്കുക. വി.എസ്. അച്യുതാനന്ദന്‍െറയും നേതൃത്വത്തിന്‍െറയും പരാതിയിലുള്ള പി.ബി കമീഷന്‍ റിപ്പോര്‍ട്ട് അടക്കം പരിഗണിക്കണമോയെന്നത് അപ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഏഴിന് സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വൃന്ദ കാരാട്ട്, ബിമന്‍ബസു ഉള്‍പ്പെടെയുള്ളവരെയും എല്ലാ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും അണിനിരത്തി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം മൈതാനിയില്‍ പൊതുയോഗവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.