ബി.ജെ.പിക്കെതിരെ പ്രായോഗിക കൂട്ടുകെട്ടാണ് സി.പി.എം നയം; കോൺഗ്രസും മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി
text_fieldsബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റാൻ ഓരോ സംസ്ഥാനത്തും പ്രാദേശിക പാർടികളുമായി പ്രായോഗിക കൂട്ടുകെട്ട് ഉണ്ടാക്കണമെന്നതാണ് സി.പി.എം നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണ്ട് ഞങ്ങൾ കേമന്മാരായിരുന്നുവെന്ന് പറഞ്ഞ് നിൽക്കാതെ യാഥാർഥ്യം അംഗീകരിച്ച് കോൺഗ്രസും മുന്നോട്ട് വരണം - മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കുംവേണ്ടി പോരാടാൻ ഇടതുപക്ഷ പ്രതിനിധികൾക്കുമാത്രമേ കഴിയൂ. അത് പാർലമെന്റിൽ തെളിഞ്ഞതാണ്. അതിനാൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ അബദ്ധം സംസ്ഥാനത്ത് ആവർത്തിക്കരുത്.
ജുഡീഷ്യറിയെക്കൂടി കാൽക്കീഴിലാക്കാനാണ് ബി.ജെ.പി നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ മറച്ചുവയ്‌ക്കാൻ അവർ വർഗീയത ഇളക്കി വിടുകയാണ്. പാർലമെന്റിൽ ജനകീയ പ്രശ്‌നങ്ങൾ ഉയരുമ്പോൾ അംഗങ്ങൾ കുറവായിട്ടും ഇടതുപക്ഷമാണ് ശക്തമായ നിലപാട് സ്വീകരിക്കുന്നത്. കോൺഗ്രസിന് ഇതിന് കഴിയുന്നില്ല. ഒരിക്കൽക്കൂടി ബി.ജെ.പി ഭരണത്തിലെത്തിയാൽ രാജ്യം തകരും. മതനിരപേക്ഷ ശക്തിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുമായി സമരസപ്പെടുകയാണ്.
ബി.ജെ.പിയും കോൺഗ്രസും ഒരേ മനസ്സോടെയാണിന്ന് സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭത്തിന് തിരിയുന്നത്. വേണമെങ്കിൽ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ് കോൺഗ്രസിനെ നയിക്കുന്നത്. സംസ്ഥാനത്തിന് ഗുണംവരുന്ന കാര്യങ്ങൾ നടപ്പാക്കാൻപോലും കോൺഗ്രസ് പ്രതിനിധികൾ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.