മതന്യൂനപക്ഷങ്ങളിൽ സ്വാധീനം വർധിപ്പിക്കണം
text_fieldsതൃശൂർ: മതന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കണമെന്നും പ്രവാസി പ്രശ്നങ്ങൾക്ക് കൂടുതൽ പരിഗണന നൽകണമെന്നും നിർദേശിക്കുന്ന റിപ്പോർട്ട് ആരാധനാലയങ്ങൾ മതതീവ്രവാദികൾ ദുർവിനിയോഗം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനും മതസൗഹാർദം വളർത്താനും പാർട്ടി പ്രവർത്തകർ മുൻകൈയെടുക്കണമെന്നും നിർദേശിക്കുന്നു. പാവങ്ങളിൽ നല്ലൊരു ഭാഗം പാർട്ടിയിൽനിന്നും അകലുന്നു. പാവങ്ങളും നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നവരിൽ ഒരു വിഭാഗവുമാണ് പാർട്ടിയിൽനിന്നും അകന്നതെന്ന് വിലയിരുത്തുന്ന റിപ്പോർട്ട് ഇൗ അവസരം ഇത്തരം സംഘടനകൾക്കൊപ്പം ബി.ജെ.പിയും അത് അനുകൂലമാക്കിയതായി പറയുന്നു.
വർഗീയ സ്വഭാവമുള്ള ചില മുസ്ലിം സംഘടനകളും തീവ്രവാദ സ്വഭാവമുള്ള ദലിത് സംഘടനകളും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്നതിൽ ഒരു പരിധിവരെ വിജയിച്ചതായും ഇത് ചെറുക്കുന്നതിൽ പാർട്ടിക്ക് ദൗർബല്യങ്ങൾ വന്നതായും റിപ്പോർട്ടിൽ സ്വയം വിമർശനമുണ്ട്. സംഘ്പരിവാർ ഭീഷണി മതന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ സി.പി.എമ്മിന് സഹായകമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാർക്കായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ പരമാവധി ജനങ്ങളിൽ എത്തിക്കുകയും അവരെ പാർട്ടിയിലേക്ക് ആകർഷിക്കുകയും ചെയ്യണം. ബ്രാഞ്ച്തലം മുതൽ പ്രവർത്തനം ശക്തമാക്കി താഴേത്തട്ടിൽ നിന്ന് പാർട്ടി കരുത്താർജ്ജിക്കണമെന്നാണ് റിപ്പോർട്ടിലുള്ള നിർദേശം
മത്സ്യത്തൊഴിലാളികൾ, പാർശ്വവത്കരിക്കപ്പെട്ടവർ, മതന്യൂനപക്ഷങ്ങൾ എന്നീ വിഭാഗങ്ങളെ കൂടുതലായി പാർട്ടിയിലേക്ക് ആകർഷിക്കണം. ന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ നടപടി വേണം. 24 ശതമാനം വരുന്ന മുസ്ലിം, 19 ശതമാനത്തോളം വരുന്ന ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നും കൂടുതൽ കേഡർമാരെ വളർത്തിക്കൊണ്ടുവരാനും ശ്രദ്ധിക്കണം. പ്രവാസി പ്രശ്നങ്ങൾക്ക് കൂടുതൽ പരിഗണന നൽകണം. മത്സ്യത്തൊഴിലാളികൾ, പരമ്പരാഗത വ്യവസായ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. കേരളത്തിലെ സാമൂഹിക ഘടനയിലെ സമീപകാല മാറ്റത്തിെൻറ സവിശേഷതകൾ മനസ്സിലാക്കി ജനങ്ങളുമായി ദൈനംദിന ബന്ധം പുലർത്തി പാർട്ടി ബ്രാഞ്ചുകൾ സജീവമാക്കുകയും കുറവുകളുണ്ടെങ്കിൽ അത് തിരുത്തുകയും വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
ആരാധനാലയങ്ങൾ മതതീവ്രവാദികൾ ദുർവിനിയോഗം ചെയ്യുന്നുവെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംഘ്പരിവാർ ശക്തികളും പള്ളികൾ കേന്ദ്രീകരിച്ച് തീവ്രവാദ സ്വഭാവമുള്ള ചില മുസ്ലിം സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. അത് ഗൗരവമായി കാണണം. ഇൗ ആരാധനാലയങ്ങളിൽ പാർട്ടി അംഗങ്ങളുടെ ഇടപെടലുണ്ടാകണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.