കെ.സി വേണുഗോപാലിന്റെ പ്രസ്താവന ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്
text_fieldsതിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയുമായി സഹകരിച്ചാണ് സി.പി.എം പ്രവർത്തിക്കുന്നതെന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തിൽ ബി.ജെ.പിക്കും സംഘപരിവാറിന്റെ നീക്കങ്ങൾക്കുമെതിരായി ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്നത് സി.പി.എം ആണെന്ന് ജനങ്ങൾക്ക് അറയാം.
കഴിഞ്ഞ ആറ് വർഷത്തെ കാലയളവിനുള്ളിൽ 11 സഖാക്കളാണ് ആർ.എസ്.എസിന്റെ കൊല ത്തിക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ചത്. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ കോർപ്പറേറ്റ് വൽക്കരണത്തിന്റെ അമിതാധികാര വാഴ്ചക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് സി.പി.എം ഉം ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്.
സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള ബി.ജെ.പി അജണ്ടകൾക്ക് എല്ലാ ഒത്താശകളും നൽകുകയാണ് കോൺഗ്രസ് ചെയ്തത്. കേന്ദ്ര ഏജൻസികൾ തെറ്റായ വഴികളിലൂടെ എൽ.ഡി.എഫ് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയപ്പോൾ അതിന് ഓശാന പാടുകയാണ് കോൺഗ്രസ് ചെയ്തത്.
ബി.ജെ.പിയുമായി യു.ഡി.എഫ് ഉണ്ടാക്കിയ കോ-ലീ-ബി സംഖ്യം കേന്ദ്രത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിൽ ഒന്നാണ്. നിയമസഭയിൽ പോലും ശക്തമായ നിലപാട് ബി.ജെ.പിക്കെതിരെ സ്വീകരിക്കാൻ ഒരിക്കലും കോൺഗ്രസ് തയാറായിട്ടില്ല. ആർ.എസ്.എസിന്റെ വർഗീയ അജണ്ടകളെ തുറന്ന് എതിർക്കുന്നതിനും കോൺഗ്രസ് തയാറായിട്ടില്ല.
ബി.ജെ.പിക്ക് കേരളത്തിൽ അക്കൗണ്ട് നേരത്തെ തുറക്കാനായത് കോൺഗ്രസ് പിൻബലത്തോടെയാണെന്ന് കേരള രാഷ്ട്രീയ മനസിലാക്കുന്ന ആർക്കും വ്യക്തമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയത്തെ പിന്തുണക്കുന്ന കേരളത്തിലെ കോൺഗ്രസ് നിലപാടിനെ തിരുത്തിക്കുന്നതിന് ഇടപെടൽ നടത്തുകയാണ് അടിയന്തിരമായി വേണ്ടത്. വസ്തുത ഇതായിരിക്കെ ഇപ്പോൾ നടത്തുന്ന പ്രസ്താവന ബി.ജെ.പിയുമായുള്ള കോൺഗ്രസിന്റെ ഒളിഞ്ഞും തെളിമയുള്ള ബന്ധത്തെ മറച്ചുവെക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.