മന്ത്രിമാരിൽ ‘ജനവികാരം’ അടിച്ചേൽപിക്കാൻ ഒരുക്കം
text_fieldsതൊടുപുഴ: എം.പിയുടേതടക്കം അനധികൃത കൈവശ ഭൂമിയിലേക്ക് സി.പി.എം മുൻകൈയെടുത്ത് മന്ത്രിതല സമിതി തിങ്കളാഴ്ച യാത്രതിരിക്കുന്നത്, സി.പി.െഎയെയും അതുവഴി റവന്യൂ വകുപ്പിനെയും മനംമാറ്റിക്കുക ലക്ഷ്യമിട്ട്. നിയമത്തിൽ കടിച്ചുതൂങ്ങിയും കൈയേറ്റം ഒഴിപ്പിക്കുമെന്ന നിലപാടെടുത്തും മുന്നോട്ടുപോകുന്ന റവന്യൂ മന്ത്രിയെയും പാർട്ടി നിലപാടിെൻറ പേരിൽ സി.പി.എം നിലപാടിനെതിര് നിൽക്കുന്ന വനം മന്ത്രിയെയും സ്ഥലത്തെത്തിച്ച് ‘ജനവികാരം’ അടിച്ചേൽപിച്ച് സമ്മർദത്തിലാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇൗ ഉദ്ദേശ്യത്തോടെ സന്ദർശനവേളയിൽ പലപ്പോഴായി ‘വികാര പ്രകടന’ങ്ങളുണ്ടാകുമെന്നാണ് സൂചന.
ഇത്തരം ഇടപെടൽ ലാക്കാക്കി പാർട്ടി കർഷകർക്കൊപ്പവും സി.പി.െഎ കാടിനൊപ്പവുമെന്ന പ്രചാരണം ഇതിനോടകം മേഖലയിൽ സി.പി.എം രഹസ്യമായി നടത്തിക്കഴിഞ്ഞു. മലയോരത്തെ ജനവികാരം റവന്യൂ വകുപ്പിനും സി.പി.െഎക്കും എതിരാക്കുന്നതിലൂടെ മന്ത്രിമാർ അയയുമെന്നാണ് വിലയിരുത്തൽ. കുറിഞ്ഞി ഉദ്യാനത്തിലടക്കം ജനവാസമേഖലയുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം. മറ്റ് മന്ത്രിമാരുണ്ടെങ്കിലും ജില്ലക്കാരനായ എം.എം. മണിക്കായിരിക്കും യാത്രയുടെ നേതൃത്വം. മണിയാകെട്ട ഇടുക്കി എം.പിയടക്കം അനധികൃത ഭൂമി കൈവശംവെച്ചവർക്കൊപ്പമെന്ന പ്രത്യക്ഷ നിലപാടെടുത്തിട്ടുമുണ്ട്. ഒരാളെയും ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം നയം വ്യക്തമാക്കിയിട്ടുണ്ട്. സബ് കലക്ടർ പട്ടയം റദ്ദാക്കിയതടക്കം വിഷയങ്ങളിൽ നേരിട്ട് സി.പി.െഎക്കെതിരെയും രംഗത്തുവന്നിരുന്നു മന്ത്രി മണി. പട്ടയം റദ്ദാക്കാൻ സി.പി.െഎ നേതാക്കൾ എത്ര കോഴവാങ്ങിയെന്ന കടുത്ത ആരോപണം ഉന്നയിക്കാനും അദ്ദേഹം മുതിർന്നു.
ഇൗ സാഹചര്യത്തിൽ നാട്ടുകാരുടെ പിന്തുണയോടെ വനം-റവന്യൂ മന്ത്രിമാരെ ‘കൈകാര്യം’ ചെയ്യൽ എളുപ്പമാകുമെന്ന് ഉറപ്പ്. പ്രദേശിക പാർട്ടി നേതൃത്വങ്ങൾ ഏതാണ്ടെല്ലാം തന്നെ കൈയേറ്റക്കാർക്കൊപ്പമാണെന്നതും മന്ത്രിമാർ കൂടിക്കാണുന്ന ജനപ്രതിനിധികൾ കുടിയൊഴിപ്പിക്കലിനെ എതിർക്കുന്നവരും വമ്പന്മാരുടെയടക്കം കൈവശഭൂമി സംരക്ഷിക്കണമെന്ന പക്ഷക്കാരുമാണെന്നതും സമ്മർദമേറ്റും. എം.പിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെ കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി കുറയുന്നോ കൂടുന്നോ എന്നത് തങ്ങളുടെ വിഷയമല്ലെന്നും ഇവിടെ ജനവാസമുണ്ടെന്നും സ്ഥാപനങ്ങളുണ്ടെന്നും വനം-റവന്യൂ മന്ത്രിമാരെ ബോധ്യപ്പെടുത്തുമെന്നും എസ്. രാജേന്ദ്രൻ എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. ഗ്രാൻറീസ് മാത്രമല്ല, വട്ടവടയിലും കൊട്ടക്കാമ്പൂരിലുമുള്ളത്. അവിടെ കൃഷിക്കാരും മറ്റു കൃഷികളുമുണ്ടെന്ന് മന്ത്രിമാർ കണ്ടറിയണമെന്നും അദ്ദേഹംപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.