കീഴാറ്റൂർ: വാശി വേണ്ടെന്ന് സി.പി.എം തീരുമാനം
text_fieldsകണ്ണൂർ: കേന്ദ്രത്തിെൻറ പുതിയസംഘം പുനഃപരിശോധന നടത്താനിരിക്കെ, കീഴാറ്റൂർ വിഷയത്തിൽ ഇനി വാശി വേണ്ടെന്ന് സി.പി.എം ജില്ല നേതൃത്വത്തിന് മേൽഘടകം നിർദേശം നൽകിയതായി അറിയുന്നു. വിവാദത്തിൽ മൂന്നു സാധ്യതകളാണ് പാർട്ടി കണക്കാക്കുന്നത്. പുനഃപരിശോധനക്കുശേഷവും നിലവിലെ അലൈൻമെൻറ് അനുസരിച്ച് മുന്നോട്ടുപോയാലുള്ള പ്രശ്നമാണ് ഒന്ന്. അത് യാഥാർഥ്യമായാൽ വയൽക്കിളികളുടെ പിന്നിൽ അവശേഷിച്ചവരെ പൂർണമായും നിരായുധരാക്കാം. സമരംകൊണ്ട് ഒന്നും നേടിയില്ല എന്ന നിരാശ ഇപ്പോൾതന്നെ ചിലർക്കുണ്ട്.
പുതിയ അെലെൻമെൻറ് രൂപപ്പെടുേമ്പാഴുള്ള പ്രശ്നമാണ് രണ്ടാമത്തേത്. എത്ര സൂക്ഷ്മത പാലിച്ചാലും നിലവിലെ അലൈൻമെൻറിെൻറ മൂന്നിരട്ടി വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടാതെ പുതിയൊരു അലൈൻമെൻറ് ഉണ്ടാവില്ല. ഇത് സമരക്കാരുടെ പരിമിതിയായി മാത്രമേ ജനം വിലയിരുത്തുകയുള്ളൂ. ഇതിലൂടെ പാർട്ടി പ്രതിച്ഛായ മെച്ചപ്പെടും. ഇപ്പോഴത്തെ അനിശ്ചിതത്വം തുടരുകയും പദ്ധതിതന്നെ നീളുകയും ചെയ്യുേമ്പാഴുള്ള മൂന്നാമത്തെ സാഹചര്യവും വയൽക്കിളികൾക്ക് വിരുദ്ധമാകുമെന്നാണ് പാർട്ടി കണക്കുകൂട്ടൽ. വയൽക്കിളി കാരണമാണ് വികസനം മുടങ്ങിയത് എന്ന് പാർട്ടിക്ക് ജനങ്ങളോട് പറയാം. ഇൗ മൂന്നു കാരണങ്ങളാലും ഇപ്പോൾ പ്രതിരോധവാശിയുമായി പാർട്ടിവൃത്തങ്ങൾ ഒൗദ്യോഗികമായി രംഗത്തിറങ്ങരുതെന്നാണ് മേൽഘടകം നിർദേശിച്ചിരിക്കുന്നത്.
കുമ്മനം രാജശേഖരൻ പരാതി നൽകിയതനുസരിച്ച് അന്വേഷിച്ച കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം റിസർച് ഒാഫിസർ ജോൺ തോമസ് സമർപ്പിച്ച റിപ്പോർട്ടിൽ കീഴാറ്റൂർ വയൽ കുറുകെ മുറിക്കുന്നതിന് പകരം ഒരുഭാഗത്തേക്ക് മാറ്റാമെന്നല്ലാതെ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് ഉൗന്നിപ്പറയുന്നുണ്ട്. ഇതനുസരിച്ച് പുറത്തിറക്കിയ മൂന്ന്-ഡി വിജ്ഞാപനം നടപ്പിലാക്കുന്നതിന് സാവകാശം കിട്ടുംമുമ്പ് രാഷ്ട്രീയമായി നീക്കംനടത്താൻ വയൽക്കിളികൾക്ക് അവസരം ഉണ്ടായത് സി.പി.എം ജില്ല നേതൃത്വത്തിെൻറ എടുത്തുചാട്ടമാണെന്നാണ് പൊതുമരാമത്ത് വകുപ്പ് സി.പി.എം സംസ്ഥാനനേതൃത്വത്തിൽ പരാതിപ്പെട്ടിട്ടുള്ളത്. കേന്ദ്രമാണ് പാത ഒരുക്കുന്നതെന്നും തങ്ങൾക്കതിൽ പങ്കില്ലെന്നും ബി.ജെ.പി വഞ്ചനനയമാണ് തുടരുന്നതെന്നും സി.പി.എം ജില്ല സെക്രട്ടറി പ്രസ്താവന നടത്തിയതോടെയാണ് ഡൽഹി കേന്ദ്രീകരിച്ച നീക്കം ശക്തിപ്പെട്ടത്.
മൂന്ന്-ഡി വിജ്ഞാപനം മുന്നിൽവെച്ച് സ്ഥലമെടുപ്പ് ത്വരിതപ്പെടുത്താൻ പൊതുമരാമത്ത് രഹസ്യമായി നടപടി സ്വീകരിച്ചുവരുന്നതിനിടയിലാണ് ഇൗ പ്രസ്താവനയും ഡൽഹി നീക്കവും പ്രതിസന്ധി ഉണ്ടാക്കിയത്. കണ്ണൂർ നേതൃത്വത്തെ നിയന്ത്രിക്കണം എന്നനിലയിൽ പൊതുമരാമത്ത് വകുപ്പ് പാർട്ടിയുടെ മുമ്പാകെ പരാതി നൽകിയതിെൻറ തുടർച്ചയാണ് ‘ഇനിയൊരു പ്രതിരോധവാശി വേണ്ട’ എന്ന നിലപാടിലെത്താൻ കാരണം. കീഴാറ്റൂർ സമരത്തിൽ വയൽക്കിളികളെ ഒറ്റപ്പെടുത്തി റോഡ് വികസനം യാഥാർഥ്യമാക്കുക എന്ന അടവുനയമാണ് ഇനിയും തുടരേണ്ടത് എന്ന് സംസ്ഥാനനേതൃത്വം വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.