സി.പി.എം വിശാല സഖ്യത്തിനില്ല
text_fieldsന്യൂഡല്‍ഹി: വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കാൻ ദേശീയതലത്തിൽ വിശാല സഖ്യത്തിനില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ചു. സി.പി.എം മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബി.ജെ.പിക്കെതിരെ ജയസാധ്യതയുള്ള കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ സ്ഥാനാർഥികൾക്ക് വോട്ടുചെയ്യുന്ന തരത്തിൽ സംസ്ഥാന തലങ്ങളിൽ നീക്കുപോക്കുണ്ടാക്കാനും മൂന്നു ദിവസമായി ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
2019ലെ പൊതുതെരഞ്ഞെടുപ്പിനായി പാർട്ടി മൂന്ന് അജണ്ടയാണ് ലക്ഷ്യംവെക്കുന്നതെന്നും കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും ഇപ്പോൾ പ്രഖ്യാപിച്ച അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും സി.പി.എം സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആേലാചിക്കുന്നതിനാണ് കേന്ദ്ര കമ്മിറ്റി ചേർന്നത്. മൂന്നു ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് 22ാം പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടുതന്നെ നടപ്പാക്കാൻ തീരുമാനിച്ചത്. പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കുകയെന്നത് പാർട്ടി ലക്ഷ്യമാണെന്നും ഇതിനായി സംസ്ഥാനതലങ്ങളിൽ നീക്കുപോക്കുകളുണ്ടാക്കുമെന്നും സി.പി.എം ജനറൽ സെക്രട്ടറി വ്യക്തമാക്കി.
വരുന്ന പൊതുതെരഞ്ഞെടുപ്പിൽ മൂന്ന് പ്രഖ്യാപിത ലക്ഷ്യങ്ങൾക്കുവേണ്ടിയായിരിക്കും സി.പി.എം പ്രവർത്തിക്കുക. ബി.ജെ.പി മുന്നണിയെ ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽപിക്കുക, പാർലമെൻറിൽ സി.പി.എം സാന്നിധ്യം പരമാവധി വർധിപ്പിക്കുക, കേന്ദ്രത്തിൽ മതേതര ബദൽ സർക്കാർ ഉറപ്പുവരുത്തുക എന്നിവയാണവ.
വിശാലസഖ്യത്തിനില്ലാതെ ബി.ജെ.പിയെ തോൽപിക്കുമെന്ന് പറയുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് ദേശീയതലത്തിൽ ബി.ജെ.പിക്കെതിെര വിശാല സഖ്യം പ്രായോഗികമല്ല എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. ഒാരോ സംസ്ഥാനങ്ങളിലുമുള്ള പ്രാദേശിക കക്ഷികൾ മറ്റു സംസ്ഥാനങ്ങളിൽ അപ്രസക്തമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കെതിരെ ജയസാധ്യത കോൺഗ്രസിനായതിനാൽ പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ അവർക്കായിരിക്കും വോട്ടു നൽകുക. എന്നാൽ, തെലങ്കാനയില്‍ കോൺഗ്രസിനൊപ്പം നിൽക്കില്ല. അവിടെ സി.പി.എം ബഹുജന ഇടതു മുന്നണിയുടെ ഭാഗമാകും.
കോൺഗ്രസുമായുള്ള സഖ്യം നിരാകരിച്ച് 22ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനം അടിസ്ഥാനമാക്കിയാണ് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.