ഡി. രാജ എന്ന കമ്യൂണിസ്റ്റ് നേതാവ്
text_fieldsസാമൂഹ്യ പ്രവർത്തനങ്ങളിൽ നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന വ്യക്തിയാണ് സി.പി.ഐയുടെ പുതിയ ജനറൽ സെക്രട്ടറിയായ ദുരൈസ്വാമി രാജ എന്ന ഡി. രാജ. 1947 ജൂൺ മൂന്നിന് തമിഴ്നാട് വെല്ലൂർ ജില്ലയിലെ ചിത്തത്തൂരിൽ പി. ദുരൈസ്വാമി -നായഗം ദമ്പതികളുടെ മകനായാണ് രാജയുടെ ജനനം.
മദ്രാസ് സർവകലാശാലയുടെ കീഴിലെ വെല്ലൂർ ഗുഡിയാട്ടം ജി.ടി.എം കോളജിൽ നിന്ന് ബി.എസ്.സിയും ഗവൺമെന്‍റ് ടീച്ചേഴ്സ് കോളജിൽ നിന്ന് ബി.എഡ് ബിരുദവും നേടി. ചിത്തത്തൂർ ഗ്രാമത്തിൽ നിന്നുള്ള ആദ്യ ബിരുദധാരിയാണ് അദ്ദേഹം.
1975-80ൽ ആൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ തമിഴ്നാട് സംസ്ഥാന സെക്രട്ടറി, 1985-90ൽ ആൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 1994 മുതൽ സി.പി.ഐ ദേശീയ സെക്രട്ടറി പദവിയിൽ തുടരുന്ന 70കാരനായ രാജ, രണ്ട് തവണയായി തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാ എം.പിയാണ്. ജി.എസ്.ടി ബിൽ അടക്കം രാജ്യസഭയുടെ നിരവധി സമിതികളിൽ അംഗമാണ്. എം.പി പദവിയിൽ കാലാവധി വരുന്ന ആഴ്ച പൂർത്തിയാകും.
ദലിത് ക്വസ്റ്റൈൻ (2007), ദ് വേ ഫോർവേഡ്: ഫൈറ്റ് എഗനിസ്റ്റ് അൺ എംപ്ലോയ്മെന്‍റ്, എ ബുക്ക് ലെറ്റ് ഒാൺ അൺ എംപ്ലോയ്മെന്‍റ് എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സി.പി.ഐ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ ദലിത് വിഭാഗക്കാരനാണ് അദ്ദേഹം. സി.പി.െഎ ദേശീയ കൗൺസിൽ അംഗവും മഹിള സംഘം ദേശീയ സെക്രട്ടറിയും മലയാളിയുമായ ആനിയമ്മ എന്ന ആനി രാജയെ 1990ൽ വിവാഹം കഴിച്ചു. മകൾ: അപരാജിത രാജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.