'ഒന്നുകിൽ ബി.ജെ.പിയിലേക്ക്, അല്ലെങ്കിൽ ജയിലിലേക്ക്'; ഇതാണ് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യമെന്ന് ഉദ്ധവ്
text_fieldsമുംബൈ: കഠിനമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന ബാലാസാഹെബ് വിഭാഗം അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ഒന്നുകിൽ ബി.ജെ.പിയിലേക്ക്, അല്ലെങ്കിൽ ജയിലിലേക്ക് എന്നതാണ് രാഷ്ട്രീയ നേതാക്കൾക്ക് മുന്നിലെ വഴിയെന്നും അദ്ദേഹം പറഞ്ഞു. മഹാ വികാസ് അഘാഡി സഖ്യനേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ്.
ഛത്രപതി ശിവജിയുടെ കാലത്ത്, ഒന്നുകിൽ തന്‍റെ കൂടെ ചേരാനോ അല്ലെങ്കിൽ ശിക്ഷ നേരിടാനോ തയാറാകൂവെന്നായിരുന്നു ഔറംഗസേബ് രാജാക്കന്മാരോട് പറഞ്ഞത്. എന്നാൽ, ജീവന് നേരെയുള്ള ഭീഷണി ഭയക്കാതെ നിരവധി പേർ ശിവജിയോട് കൂറുകാട്ടി. സമാന സാഹചര്യമാണ് രാജ്യത്ത്. രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. ബി.ജെ.പിയുടെ കിരാത ഭരണത്തിനെതിരെ സധൈര്യം പോരാടാൻ തയാറുള്ളവരെയാണ് ഞങ്ങൾക്ക് വേണ്ടത് -ഉദ്ധവ് പറഞ്ഞു.
ജനാധിപത്യത്തെ സംരക്ഷിക്കാൻ നമ്മൾ ഒരുമിച്ച് നിന്ന് പോരാടണം. ജനാധിപത്യത്തിന്‍റെ നാല് തൂണുകളിൽ മൂന്നെണ്ണം ഇതിനകം തന്നെ വീണു കഴിഞ്ഞു. നാലാംതൂണായ മാധ്യമങ്ങൾ ബി.ജെ.പി അജണ്ടയിലാണ് പ്രവർത്തിക്കുന്നത്. ജുഡീഷ്യറിയിൽ മാത്രമാണ് ഇപ്പോൾ പ്രതീക്ഷ. ജനാധിപത്യത്തെ കൊലചെയ്യാൻ ജുഡീഷ്യറി അനുവദിക്കില്ല എന്ന് തന്നെയാണ് പ്രതീക്ഷ.
മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. തോൽക്കുമെന്ന ബി.ജെ.പിയുടെ ഭയമാണ് ഇതിന് പിന്നിൽ. 2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം തദ്ദേശ തെരഞ്ഞെടുപ്പുകൾ തീരെ ഉണ്ടാവില്ലെന്നാണ് ഇപ്പോൾ പറഞ്ഞുകേൾക്കുന്നത്. അത് ജനാധിപത്യത്തിന്‍റെ അവസാനമാകും -ഉദ്ധവ് താക്കറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.