പേര് ഉറപ്പിച്ചു, ഡി.എം.കെ; ഇന്ന് അൻവറിന്‍റെ നിർണായക പ്രഖ്യാപനം
text_fieldsമലപ്പുറം: പി.വി. അൻവർ ഇന്ന് പ്രഖ്യാപിക്കാൻ പോകുന്ന പുതിയ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന് തന്നെ. ഇന്ന് വൈകീട്ട് മഞ്ചേരിയിൽ നടക്കുന്ന സമ്മേളനത്തിൽ പാർട്ടിയുടെ പേരും നയനിലപാടുകളും ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
ഇന്ന് വൈകിട്ട് 5 മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിലാണ് അൻവർ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം. ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് അൻവർ അവകാശപ്പെട്ടത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെയും ലോറി ഉടമ മനാഫിന്‍റെയും ചിത്രങ്ങളും നവോത്ഥാന നായകരും മഞ്ചേരിയിലെ യോഗ സ്ഥലത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകളിലുണ്ട്.
പുതിയ പാര്‍ട്ടി മതേതര സ്വഭാവമുള്ളതാകുമെന്ന് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഡി.എം.കെയിലെ സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കൾക്കൊപ്പമുള്ള അൻവറിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതോടൊപ്പം തമിഴ്‌നാട്ടിലെ ലീഗ് നേതാക്കളെയും അന്‍വര്‍ കണ്ടതായാണ് വിവരം. നേരത്തെ, മുഖ്യമന്ത്രിക്കെതിരെ വാർത്തസമ്മേളനം നടത്തിയതിന് പിന്നാലെ കേരള ഡി.എം.കെ നേതാക്കളും അൻവറിനെ കണ്ടിരുന്നു.
നിയമസഭയില്‍ അന്‍വറിന്റെ സ്ഥാനം കഴിഞ്ഞ ദിവസം പ്രതിപക്ഷ സ്ഥാനത്തേക്ക് മാറ്റിയിരുന്നു. അതേസമയം, മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി.വി അന്‍വറിന്റെ പിറകെ പോകേണ്ടതില്ലെന്നാണ് സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം. എന്നാൽ, അൻവർ ഡി.എം.കെക്കൊപ്പം നിലയുറപ്പിച്ചാൽ അത് കേരളത്തില്‍ വേരുറപ്പിക്കാനുള്ള ഡി.എം.കെയുടെ ശ്രമങ്ങള്‍ക്ക് കൂടുതൽ കരുത്തേകുന്നതായിരിക്കും.
പുതിയ പാർട്ടി രൂപീകരിച്ചാൽ അയോഗ്യത നേരിടേണ്ടിവരുമെന്ന പ്രതിസന്ധി അൻവറിന് മുന്നിലുണ്ട്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ‘ഒരാള്‍ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായല്ലാതെ തെരഞ്ഞെടുക്കപ്പെടുകയും തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയും ചെയ്താല്‍ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും. അപ്പോൾ സ്വാഭാവികമായും പുതിയ പാര്‍ട്ടി രൂപീകരിച്ചാൽ അന്‍വര്‍ അയോഗ്യനാക്കപ്പെടും. ഇത് മറികടക്കാനുള്ള ശ്രമങ്ങളാണ് അൻവർ നടത്തുന്നതെന്നാണ് വിലയിരുത്തലുകൾ.
ദ്രാവിഡ മുന്നേറ്റ കഴകവുമായുള്ള അൻവറിന്റെ ഡി.എം.കെയുടെ സഹകരണം എങ്ങനെയായിരിക്കുമെന്ന് ഇന്നത്തെ സമ്മേളനത്തിൽ വിശദീകരിക്കും. അൻവറിന്റെ നിയമസഭ മണ്ഡലം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതാണ്. അദ്ദേഹത്തിന് തമിഴ്നാടുമായി ബിസിനസ് ബന്ധവും ഉണ്ട്. മലയോരമേഖലയിലെ വന്യമൃഗശല്യം അദ്ദേഹം ഏറ്റെടുക്കുന്ന പ്രധാന വിഷയമാണ്. തമിഴ്നാട് പരിധിയിലെ വനവുമായി കേരളത്തിലെ മലയോര മേഖലയിലെ വന്യമൃഗപ്രശ്നത്തിന് ബന്ധമുണ്ട്. ഇത് പരിഹരിക്കാൻ തമിഴ്നാട് ഭരണകൂടത്തിന്റെ പിന്തുണ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.