ചർച്ച തുടങ്ങി; മേയർമാരാകാൻ ആരെല്ലാം...?
text_fieldsഏതൊരു ദേശത്തും ഏറ്റവും ശ്രദ്ധേയമായ പദവികളിലൊന്നാണ് തലസ്ഥാന നഗരിയുടെ മേയർസ്ഥാനം. ഇത്തവണ വനിത സംവരണമായതോടെ മൂന്നു മുന്നണികളും ശക്തരായ വനിതകളെയാണ് ഗോദയിലിറക്കുന്നത്. സി.പി.എമ്മിെൻറ കുത്തകയായ മേയർ കസേരയിലിരുത്താനായി മുൻ എം.പിയും ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സനുമായ ഡോ. ടി.എൻ. സീമയെ സി.പി.എം ജില്ല നേതൃത്വം ആദ്യം നോട്ടമിട്ടിരുന്നെങ്കിലും രാജ്യസഭ എം.പിയായിരുന്ന നേതാവിനെ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇറക്കിക്കളിക്കുന്നതിനോട് സംസ്ഥാന നേതൃത്വം താൽപര്യം കാണിച്ചില്ല.
തുടർന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും ഓള് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) പ്രസിഡൻറുമായ പ്രഫ. എ.ജി. ഒലീനയെയാണ് മുഖ്യസാരഥിയായി ഇടതുപക്ഷം കണ്ടെത്തിയത്. ജില്ല കമ്മിറ്റി അംഗവും നിലവിലെ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ എസ്. പുഷ്പലതയും ലിസ്റ്റിലുണ്ട്.
കോൺഗ്രസിനുവേണ്ടി അർജുന അവാർഡ് ജേതാവും മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡൻറുമായ പത്മിനി തോമസിനെ രംഗത്തിറക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ടെലിവിഷൻ അവതാരകയുമായ വീണ എസ്. നായരും മുഖ്യപരിഗണനയിലുണ്ട്. കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്ടപ്പെട്ട ബി.ജെ.പി മഹിള മോർച്ച സംസ്ഥാന അധ്യക്ഷ പ്രഫ. വി.ടി. രമയെ മത്സരരംഗത്തേക്ക് കൊണ്ടുവന്ന് സി.പി.എമ്മിനെ വെല്ലുവിളിക്കാനുള്ള ശ്രമത്തിലാണ്. രമ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അങ്ങനെയെങ്കിൽ സിറ്റിങ് കൗൺസിലർമാരായ സിമി ജ്യോതിഷ്, ഷീബ മധു എന്നിവർക്കാവും നിയോഗം.
കൊല്ലത്തിെൻറ കൊടിയേന്താൻ നായികമാരൊരുങ്ങുന്നു
ഇരുപത് വർഷം മുമ്പ് കോർപറേഷനാക്കി ഉയർത്തിയ കൊല്ലത്തിെൻറ ആദ്യ മേയർ വനിതയായിരുന്നു. പിന്നെയും രണ്ട് വനിതകൾ മൂന്ന് തവണ നഗരസാരഥ്യം വഹിച്ചു. ഇക്കുറി വീണ്ടും മേയർ സ്ഥാനം വനിത സംവരണം ആയതോടെ യോജിച്ച വനിതയെ മുൻനിർത്തി പോരാട്ടം തുടങ്ങാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.
സജീവ പാർട്ടി പ്രവർത്തകരെയും ഒപ്പം പൊതുസമ്മതരെയും പരിഗണിക്കുമെന്ന് രണ്ട് കൂട്ടരും വ്യക്തമാക്കുന്നു. സി.പി.എമ്മിൽനിന്ന് മുൻ മേയർ പ്രസന്ന ഏണസ്റ്റ് തന്നെ മേയർ സ്ഥാനാർഥിയാവാനാണ് സാധ്യത. എസ്.എൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. അനിത ശങ്കറുടെ പേരും കേൾക്കുന്നുണ്ട്. യു.ഡി.എഫിൽ പേരുകൾ സജീവമായിട്ടില്ല.
കൊച്ചിയിൽ മുൻ എം.എൽ.എമാരും മേയർമാരും
വനിത സംവരണമായിരുന്നതിനാൽ അടക്കിവെച്ചിരുന്ന മോഹങ്ങളും വാശികളുെമല്ലാമെടുത്ത് കൊച്ചി മഹാനഗരത്തിെൻറ മേയർ കുപ്പായമണിയാനുള്ള ഓട്ടം തുടങ്ങിയിരിക്കുകയാണ് മുന്നണികളുടെ മുൻനിര നേതാക്കൾ. യു.ഡി.എഫിലാണ് തുടക്കം മുതലേ മേയർ സ്ഥാനാർഥി ചർച്ച സജീവമായത്. എൽ.ഡി.എഫിലും എൻ.ഡി.എയിലും പ്രമുഖർ രംഗത്തുണ്ട്.
കോൺഗ്രസിൽ മുൻ എം.എൽ.എ ഡൊമിനിക് പ്രസേൻറഷൻ, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് ഉച്ചത്തിൽ കേൾക്കുന്നത്. നിലവിലെ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, മുൻ മേയർ ടോണി ചമ്മണി എന്നിവർക്കും വലിയ സാധ്യതയുണ്ട്.
എൽ.ഡി.എഫിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മേയറുമായ സി.എം. ദിനേശ്മണി, യുവജനങ്ങൾക്കിടയിൽ സ്വീകാര്യനായ ഏരിയ കമ്മിറ്റി അംഗം കെ.എം. റിയാദ് എന്നിവരെയാണ് മുഖ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അഞ്ചുവർഷത്തെ പ്രവർത്തനമികവ് പരിഗണിച്ച് കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണിക്കും സാധ്യത കൽപ്പിക്കപ്പെടുന്നു. എൻ.ഡി.എയിൽ ബി.ജെ.പി മധ്യമേഖല സെക്രട്ടറി സി.ജി. രാജഗോപാലിെൻറ പേരാണ് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്.
തൃശൂരിൽ ആദ്യമേ 'തീരുമാനിച്ചു'
തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർഥികളെ കണ്ടെത്തലുമെല്ലാം തുടങ്ങുന്നതിന് മുേമ്പ തൃശൂർ കോർപറേഷനിൽ എൽ.ഡി.എഫും യു.ഡി.എഫും മേയർമാരുടെ കാര്യം ഏറക്കുറെ 'തീരുമാനിച്ചു'. യു.ഡി.എഫിനുവേണ്ടി കോൺഗ്രസിെൻറ മുൻ മേയർ കൂടിയായ നിലവിലെ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലനെ പരിഗണിക്കുേമ്പാൾ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ദേശീയ സമിതി അംഗവുമായ പി.കെ. ഷാജനെയാണ് എൽ.ഡി.എഫ് കണ്ടുെവച്ചിരിക്കുന്നത്.
നിലവിൽ പാർലെമൻററി പാർട്ടി നേതാവും ജില്ല കമ്മിറ്റി അംഗവുമായ വർഗീസ് കണ്ടംകുളത്തിയെയും സി.പി.എം പരിഗണിക്കുന്നുണ്ട്. യുവനേതാവ് അനൂപ് ഡേവിസ് കാടയാണ് സി.പി.എം പട്ടികയിലുള്ള മറ്റൊരാൾ.
കോൺഗ്രസിൽ ഗ്രൂപ് വീതം വെക്കലിെൻറ കാലാവധിയും ധാരണയായിട്ടുണ്ട്. ഭരണം ലഭിച്ചാൽ ആദ്യ റൗണ്ടിൽ 'എ' ഗ്രൂപ് നോമിനിയായി രാജൻ പല്ലൻ തന്നെയാവും മേയർ. രണ്ടാം പകുതി 'ഐ' ഗ്രൂപ്പിന് നൽകും. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദും ഫ്രാൻസിസ് ചാലിശ്ശേരിയുമാണ് ഇവരുടെ പട്ടികയിലുള്ളത്. അതേസമയം, എ ഗ്രൂപ്പിൽ മുൻ ഉപനേതാവും കെ.പി.സി.സി സെക്രട്ടറിയുമായ ജോൺ ഡാനിയേലും പരിഗണനയിലുണ്ട്. എ ഗ്രൂപ്പിെൻറ കാലാവധി പകുത്ത് നൽകിയാണ് ഇത് നടപ്പാക്കുക.
കോഴിക്കോടിനെ നയിക്കും പുതുമുഖ നായികമാർ
വനിതാ സാരഥ്യം പ്രഖ്യാപിക്കപ്പെട്ട കോഴിേക്കാട് കോർപ്പറേഷനെ നയിക്കാൻ ഇത്തവണ ഇരുമുന്നണികളും പുതുമുഖങ്ങളെ അവതരിപ്പിക്കും. ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന എൽ.ഡി.എഫിെൻറ മേയർ സ്ഥാനാർഥിപ്പട്ടികയിൽ പുതുമുഖങ്ങളായ ജയശ്രീ സുരേഷ്, ബീന ഫിലിപ് എന്നിവരുണ്ട്. ബീന നടക്കാവ് വി.എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പലും ജയശ്രീ സുരേഷ് മീഞ്ചന്ത ആർട്സ് കോളജ് മുൻ പ്രൻസിപ്പലുമാണ്. കോഴിക്കോട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് കാനത്തിൽ ജമീലയും പരിഗണനപട്ടികയിലുണ്ട്.
യു.ഡി.എഫിലെ കോൺഗ്രസിൽ പുതുമുഖം ഡോ. ഹരിപ്രിയ, നിലവിലെ കൗൺസിലർ വിദ്യ ബാലകൃഷ്ണൻ എന്നിവരെയാണ് അവതരിപ്പിക്കുന്നത്. ഹരിപ്രിയ എ.െഎ.സി അംഗമാണ്. വിദ്യ ബാലകൃഷ്ണൻ യൂത്ത് കോൺഗ്രസിെൻറ അഖിലേന്ത്യ കോഒാഡിനേറ്ററാണ്. കെ.പി.സി.സി സെക്രട്ടറികൂടിയായ ഉഷ ദേവി ടീച്ചറേയും പരിഗണിച്ചേക്കും.
കണ്ണൂരിൽ പടക്കുള്ള ആളുകൾ
ഇടത് ആധിപത്യമുള്ള കണ്ണൂർ ജില്ലയിൽ യു.ഡി.എഫിെൻറ ഏറ്റവും വലിയ പ്രതീക്ഷ കോർപറേഷൻ ഭരണമാണ്. അതിനാൽ, മേയർ കുപ്പായം തുന്നി നിരവധി പേർ ഒരുക്കം തുടങ്ങി. മുൻ മേയർ സുമ ബാലകൃഷ്ണൻ, നിലവിലെ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.ഒ. മോഹനൻ എന്നിവരൊക്കെയാണ് പ്രധാന മുഖങ്ങൾ.
കണ്ണൂരിലെ കോൺഗ്രസിെൻറ അവസാന വാക്കായ കെ. സുധാകരെൻറ പിന്തുണ അഡ്വ. മാർട്ടിൻ ജോർജിനാണ്. ഭരണം ഇടതുപക്ഷത്തിന് ലഭിച്ചാൽ മുതിർന്ന നേതാവ് കെ.പി. സഹദേവനാണ് സാധ്യത. എന്നാൽ, കണ്ണൂർ കോർപറേഷനിൽ ഇക്കുറി സി.പി.എം വലിയ പ്രതീക്ഷവെക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.