പദവികളിൽ തർക്കം; ജെ.ഡി.എസ്- എൽ.ജെ.ഡി ലയനം നീളും
text_fieldsകൊച്ചി: ജെ.ഡി.എസ്-എൽ.ജെ.ഡി ലയനത്തിന് വിലങ്ങുതടിയായി പാർട്ടി പദവികളെയും നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെയും ചൊല്ലിയുള്ള തർക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം സാധ്യമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ചർച്ചകൾ ഇതോടെ പാതിവഴിയിലായി.
ഇരുപാർട്ടികളും ഒന്നാകുമ്പോൾ സംസ്ഥാന പ്രസിഡൻറ് സ്ഥാനം തങ്ങൾക്ക് ലഭിക്കണമെന്ന് എൽ.ജെ.ഡി നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, അത് കഴിയില്ലെന്നും വർക്കിങ് പ്രസിഡൻറ്, സെക്രട്ടറി ജനറൽ സ്ഥാനങ്ങൾ നൽകാമെന്നുമായിരുന്നു ജെ.ഡി.എസ് നേതൃത്വത്തിെൻറ മറുപടി. ഇത് സ്വീകാര്യമല്ലെന്ന് എൽ.ജെ.ഡി അറിയിച്ചതോടെ ലയനം ഉടനുണ്ടാകാനുള്ള സാധ്യത മങ്ങി.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാകില്ലെന്ന് എൽ.ജെ.ഡി നേതാക്കൾ വ്യക്തമാക്കി. തുടർ ചർച്ചകൾ തെരഞ്ഞെടുപ്പിനുശേഷം മതിയെന്നാണ് തീരുമാനം. ഒരു കാരണവശാലും സംസ്ഥാന പ്രസിഡൻറ് സ്ഥാനം വിട്ടുകൊടുക്കാനാകില്ലെന്ന് ജെ.ഡി.എസിലെ മാത്യു ടി. തോമസിെന അനുകൂലിക്കുന്ന വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. പദവി വീതംവെക്കുമ്പോൾ സ്ഥാനം നഷ്ടപ്പെടാനുള്ള സാഹചര്യം മുന്നിൽകണ്ട് ഇരുപാർട്ടികളിലെയും ഒരുവിഭാഗം ജില്ല പ്രസിഡൻറുമാർ ലയനത്തിന് എതിരാണ്.
ഞായറാഴ്ച കൊച്ചിയിൽ നടന്ന ജെ.ഡി.എസ് അഡ്ഹോക് കമ്മിറ്റി യോഗത്തിൽ ലയന ചർച്ചകൾക്കായി മാത്യു ടി. തോമസ്, കെ. കൃഷ്ണൻകുട്ടി എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ഇരുപാർട്ടികളിലെയും നേതാക്കൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.