കർണാടക ഫലം: ഇന്ത്യയിൽ മോദിപ്രഭാവം മങ്ങുന്നതിന് തെളിവെന്ന് തോമസ് ഐസക്ക്
text_fieldsതിരുവനന്തപുരം : ഇന്ത്യയിൽ മോദിപ്രഭാവം മങ്ങുകയാണെന്ന് കർണാടക തെരഞ്ഞെടുപ്പു തെളിയിച്ചുവെന്ന് മുൻ മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്. ഹിജാബിനെതിരെ വിഷം തുപ്പിയും മുസ് ലീം സംവരണം ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ചും കർണാടകത്തെ നെടുകെ വിഭജിച്ച് സംസ്ഥാന ഭരണം നിലനിർത്താമെന്നായിരുന്നു വ്യാമോഹം. ഏറ്റവുമൊടുവിൽ കേരള സ്റ്റോറിയെന്ന ഒരു തല്ലിപ്പൊളി സിനിമയിറക്കിയും ഭാഗ്യം പരീക്ഷിച്ചു നോക്കി.
കേരളത്തിനെതിരെ അധിക്ഷേപപ്രസംഗവുമായി സാക്ഷാൽ അമിത് ഷാ തന്നെ രംഗത്തിറങ്ങി. അതൊന്നും വിലപോയില്ല. ഇനി അറിയേണ്ടത് ഒരു കാര്യം മാത്രം. ബി.ജെ.പിയുടെ പണച്ചാക്കിൽ കർണാടകത്തിലെ കോൺഗ്രസ് എം.എൽ.എമാർ വീഴുമോയെന്നാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ മോദിപ്രഭാവം മങ്ങുകയാണെന്നും ഈ തിരഞ്ഞെടുപ്പു തെളിയിച്ചു. എന്ത് അക്രമം കാണിച്ചാലും എത്ര അഴിമതി കാണിച്ചാലും മോദിയെക്കൊണ്ടൊരു കെട്ടുകാഴ്ചക്ക് ഇറക്കിയാൽ വോട്ടു മുഴുവൻ തങ്ങളുടെ പെട്ടിയിൽ വീഴുമെന്നായിരുന്നു ബി.ജെ.പിയുടെ അഹങ്കാരം. ആ പ്രതീക്ഷയും പാളീസായി. നരേന്ദ്രമോദി റോഡിലിറങ്ങി കൈവീശിയാൽ ജനം ക്യൂനിന്ന് വോട്ടു ചെയ്യുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷ തെറ്റുന്നത് ഒരു നിത്യസംഭവമായിട്ടുണ്ട്. ഹിമാചൽ പ്രദേശും ദൽഹി മുനിസിപ്പൽ കോർപറേഷനും ബി.ജെ.പിക്കു നഷ്ടപ്പെട്ടു.
ഈയിടെ തിരഞ്ഞെടുപ്പു നടന്ന ത്രിപുര, നാഗലാന്റ്, മേഘാലയ സംസ്ഥാനങ്ങളിൽ ആകെ 180 സീറ്റുകളുണ്ട്. ശതമാനം എടുത്താൽ ബി.ജെ.പിക്ക് ത്രിപുരയിൽ 39 ശതമാനവും നാഗലാന്റിൽ 19 ശതമാനവും മേഘാലയിൽ ഒമ്പത് ശതമാനവും വോട്ടാണ് നേടാനായത്. മഹാരാഷ്ട്രയിലെയും പശ്ചിമബംഗാളിലെയും ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തോറ്റു. ഇപ്പോൾ കർണാടകത്തിലും. ഇത് രാജ്യത്തു വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്.
വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിയും. ആ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പു ഫലമാണ് കർണാടകം കാണിച്ചു തരുന്നത്. വടക്കേ ഇന്ത്യയും ബി.ജെ.പിയുടെ ഉരുക്കു കോട്ടയൊന്നുമല്ല. പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ പരാജയപ്പെടുത്താവുന്ന ജനപിന്തുണയേ ബി.ജെ.പിക്കുള്ളൂ. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഓരോ സംസ്ഥാനത്തും അനുയോജ്യമായ നിലപാടുകൾ സ്വീകരിക്കാൻ പ്രതിപക്ഷ കക്ഷികൾക്കു കഴിയണം. വിഷലിപ്തമായ വർഗീയ പ്രചരണം നടത്തിയ ബി.ജെ.പിയുടെ കരണം പുകച്ചിരിക്കുകയാണ് കർണാടകത്തിലെ ജനങ്ങളെന്നും അദ്ദേഹം എഫ്.ബിയിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.