പ്രാദേശിക പാർട്ടികളിൽ സമ്പന്നർ ദ്രാവിഡ കക്ഷികൾ
text_fieldsചെന്നൈ: രാജ്യത്തെ പ്രാദേശിക രാഷ്്ട്രീയ പാർട്ടികളിലെ സമ്പന്നരിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ തമിഴ്നാട്ടിലെ ബദ്ധവൈരികളായ പ്രധാന ദ്രാവിഡ കക്ഷികൾക്ക്. 2015 -16 കാലയളവിലെ പ്രതിപക്ഷമായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് 77.63 കോടി രൂപ സംഭാവന ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക് 54.93 കോടി കിട്ടി. ഇരു പാർട്ടികൾക്കും ചെലവ് തുച്ഛം. ഡി.എം.കെ 6.9 കോടിയും അണ്ണാ ഡി.എം.കെ 7.06 കോടിയുമാണ് ചെലവഴിച്ചത്. അതായത്, വരുമാനത്തിെൻറ 91.11 ശതമാനം ഡി.എം.കെയും 87.08 ശതമാനം അണ്ണാ ഡി.എം.കെയും ചെലവഴിച്ചിട്ടില്ല. ആന്ധ്രാപ്രദേശ് ഭരിക്കുന്ന തെലുഗുദേശം പാർട്ടിക്കാണ് വരുമാനത്തിൽ മൂന്നാം സ്ഥാനം. 15.97 കോടി.
കഴിഞ്ഞവർഷം രാജ്യത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച വരുമാനത്തിെൻറ കണക്ക് ജനാധിപത്യ നവീകരണ സംഘടനയാണ് (അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്) പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് കമീഷന് പാർട്ടികൾ നൽകിയ വരവ്-ചെലവ് കണക്കാണ് പുറത്തായത്.
47 അംഗീകൃത പ്രാദേശിക കക്ഷികളിൽ 32 എണ്ണമാണ് കണക്ക് സമർപ്പിച്ചത്. ബാക്കി 15 പാർട്ടികൾ ഇതുവരെ കണക്ക് നൽകിയിട്ടില്ല. 34.6 ലക്ഷം രൂപ സംഭാവന ഇനത്തിൽ ലഭിച്ചെന്ന് വ്യക്തമാക്കി ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് 13 ലക്ഷം രൂപയുടെ നികുതി മാത്രമാണ് അടച്ചത്. 20,000 രൂപ മുതൽ നൽകിയവരുടെ കണക്കിെൻറ അടിസ്ഥാനത്തിലാണിത്. ബക്കറ്റ് പിരിവിലൂടെയാണ് തുക സമാഹരിച്ചതെന്ന് ലീഗ് വ്യക്തമാക്കുന്നു. എന്നാൽ, മുസ്ലിം ലീഗും ഒാൾ ഇന്ത്യ മജ്ലിസ് ഇത്തിഹാദുൽ മുസ്ലിമീനും അപൂർണമായ കണക്കാണ് നൽകിയതെന്ന് ജനാധിപത്യ നവീകരണ സംഘടന പറയുന്നു. വരുമാനത്തിൽ 80 ശതമാനവും മജ്ലിസ് ചെലവഴിച്ചിട്ടില്ല. 3.36 കോടി രൂപ ലഭിച്ചപ്പോൾ 1.06 കോടി മാത്രമാണ് ചെലവഴിച്ചത്. 2.06 കോടി ലഭിച്ചപ്പോൾ 2.63 കോടി ചെലവഴിച്ചെന്നാണ് ജനതാദൾ സെക്കുലർ കാണിച്ചത്.
പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ആം ആദ്മി പാർട്ടിയാണ്. 5.16 കോടി. തെരഞ്ഞെടുപ്പിന് പണം ഒഴുക്കിയതിൽ മുമ്പൻ ജനതാദൾ-യു (14.03 കോടി). വ്യക്തവും അവ്യക്തവുമായ വരുമാന സ്രോതസ്സുകളിലൂടെ 18 പാർട്ടികൾ സമാഹരിച്ചത് 206.21 കോടിയാണ്. തങ്ങൾക്ക് ബാധ്യതകളുണ്ടെന്ന് 14 പാർട്ടികൾ സത്യവാങ്മൂലം നൽകി. സാമ്പത്തിക സ്രോതസ്സിെൻറ കൃത്യമായ വിവരം വെളിപ്പെടുത്താത്ത പാർട്ടികൾ തെലുങ്കാന രാഷ്ട്ര സമിതി (7.24 കോടി), തെലുഗുദേശം പാർട്ടി (6.88), എസ്.എ.ഡി (6.59 കോടി) എന്നിവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.