ഗംഭീറിന്റെ ഡൽഹി ഇന്നിങ്സ് എളുപ്പമാവില്ല
text_fieldsഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന ഗൗതം ഗംഭീർ സ്ഥാനാർഥിയായതോടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ഇൗസ്റ്റ് ഡൽഹി. ബി.ജെ.പിയും ആം ആദ്മി പാർട്ടിയും ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലത്തിൽ അത്ര എളുപ്പമാവില്ല ഗംഭീറിെൻറ കന്നി മത്സരം. ശക്തരായ സ്ഥാനാർഥികളാണ് ആപ്പിനും കോൺഗ്രസിനുമുള്ളത്. ഡൽഹിയിൽ പൊതുവിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ പ്രതിഭയെന്ന് ആപ് വാഴ്ത്തുന്ന ഒാക്സ്ഫഡ് ബിരുദധാരി ആതിഷി മർലേനയെയാണ് പാർട്ടിക്കുവേണ്ടി പോരിനിറങ്ങുന്നത്. ഡൽഹി രാഷ്ട്രീയത്തിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള അർവീന്ദർ സിങ് ലൗലിയെ ആണ് കോൺഗ്രസ് മത്സരത്തിനിറക്കിയത്.
പേരിലെ മർലേന ചൂണ്ടിക്കാട്ടി അവർ ക്രിസ്ത്യാനിയാെണന്നും ജൂതമതക്കാരിയാണെന്നുമുള്ള വർഗീയ പ്രചാരണം ബി.ജെ.പിയും കോൺഗ്രസും അഴിച്ചുവിടുന്നുണ്ട്. ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍മാരായിരുന്ന വിജയ് കുമാര്‍ സിങ്ങും ത്രിപ്ത വാഹിയും മാര്‍ക്സിനോടും ലെനിനോടുമുള്ള ആരാധനയിലാണ് മകൾ ആതിഷിയുടെ പേരിനൊപ്പം മാര്‍ലേന ചേര്‍ത്തത്.
നാലുവർഷമായി ഡൽഹിയിലെ എല്ലാ പൊതു സ്കൂളുകൾ സന്ദർശിക്കുകയും രക്ഷിതാക്കളുടെ യോഗങ്ങളിൽ പെങ്കടുക്കുകയും ചെയ്യുന്ന ആതിഷിയെ മണ്ഡലത്തിലുള്ളവർക്ക് അടുത്തറിയാം. ആപ് ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി കൂടിയാണ് ആതിഷി, മറ്റു സ്ഥാനാർഥികൾ എത്തുേമ്പാഴേക്ക് നാല് തവണയെങ്കിലും പ്രചാരണം പൂർത്തിയാക്കിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൂടുതൽ പ്രചാരണത്തിനിറങ്ങിയതും ആതിഷിക്ക് വേണ്ടിയാണ്. ഗംഭീറിന് രണ്ട് വോട്ടർ കാർഡുണ്ടെന്ന് ആരോപിച്ച് ആതിഷി കോടതിയെ സമീപിച്ചിട്ടുണ്ട്. അനുമതിയില്ലാതെ റോഡ്ഷോ നടത്തിയതിനു ഗംഭീറിനെതിരെ കേസെടുപ്പിക്കുകയും ചെയ്തു.
ഉത്തർപ്രദേശിനോടും യമുന നദിയോടും ചേർന്നുകിടക്കുന്ന മണ്ഡലമാണ് ഇൗസ്റ്റ് ഡൽഹി. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ഒാഖ്ല, മലയാളികൾ ഏറെയുള്ള ജുലേന, ആശ്രം, ഇതിനു പുറമെ നിരവധി പുനരധിവാസ കോളനികൾ എന്നിവയെല്ലാം നിർണായകമാണ്. മുസ്ലിം വിഭാഗങ്ങൾക്കും മലയാളി സമൂഹത്തിനും ആപ്പിനോടാണ് താൽപര്യം. താര പരിവേഷമുണ്ടെങ്കിലും ഗംഭീറിന് നിരവധി വെല്ലുവിളികൾ അതിജീവിച്ചാൽ മാത്രമേ വെന്നിക്കൊടി പാറിക്കാൻ കഴിയൂ.
സിറ്റിങ് എം.പി മഹേഷ് ഗിരിയെ മാറ്റി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നോമിനായി മണ്ഡലത്തിൽ ഇറക്കിയ ഗംഭീറിനെതിരെ ബി.ജെ.പിക്കുള്ളിൽതന്നെ എതിർപ്പുണ്ട്. ക്രിക്കറ്റുപോലെ വഴങ്ങുന്നതല്ല രാഷ്ട്രീയമെന്ന് ഗംഭീറിെൻറ പ്രചാരണ റാലികൾ തോന്നിപ്പിക്കുന്നുണ്ട്. വോട്ടർമാരോട് ചിരിച്ചും കൈവീശിയും ഇതര സ്ഥാനാർഥികൾ വോട്ടുതേടുേമ്പാൾ വാഹനത്തിൽ ഇരുന്ന ഇരുപ്പിൽനിന്നും ഗംഭീർ അനങ്ങുന്നില്ല. പ്രചാരണത്തേക്കാളേറെ വിശ്രമമാണ് ഗംഭീറിനെന്നും പ്രവർത്തകർ തന്നെ ആരോപിക്കുന്നു.
2017ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ് സ്ഥാനാർഥി ലൗലി ചെറിയ ഇടവേളക്കുശേഷം പാർട്ടിയിൽ തിരിച്ചെത്തുകയായിരുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലയായ ഓഖ്ല ഉൾപ്പെടെയുള്ള പ്രദേശങ്ങൾ തുണക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.