അന്തസ്സില്ലാത്ത നടപടി; അജിത്തിനെ കൂട്ടിയതിനെതിരെ ബി.ജെ.പി നേതാവ്
text_fieldsമുംബൈ: അജിത് പവാറിനെ ഒപ്പം കൂട്ടി സർക്കാറുണ്ടാക്കാൻ ബി.ജെ.പി നടത്തിയ ശ്രമം മഹാരാഷ് ട്രയുടെ അന്തസ്സിന് ചേർന്നതല്ലെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവ് ഏക്നാഥ് ഖഡ് സെ. ജലസേചന അഴിമതി അടക്കം നിരവധി ആരോപണങ്ങൾ നേരിടുന്ന അജിത് പവാറിെൻറ പിന്തുണ ബി.ജെ.പി സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട് കൈവശമുണ്ടായിരുന്ന തെളിവുകൾ ബി.ജെ.പി തൂക്കിവിറ്റതായി പരിഹസിക്കുകയും ചെയ്തു. താനും വിനോദ് താവ്ഡെയും ഉൾപ്പെടെ നേതാക്കന്മാരെ തഴഞ്ഞതിനാലാണ് ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടായത്.
മുതിർന്ന നേതാക്കന്മാരെ കണക്കിലെടുത്തിരുന്നെങ്കിൽ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നേടാനും ശിവസേനയുമായി ചർച്ച നടത്തി അവരെ അനുനയിപ്പിക്കാനും കഴിയുമായിരുന്നു- ഖഡ്സെ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാറിന് അദ്ദേഹം ആശംസ നേർന്നു. 2014ൽ ബി.ജെ.പി ദേശീയ നേതൃത്വം ഖഡ്സെയെ തഴഞ്ഞാണ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയത്. ഫഡ്നാവിസ് സർക്കാറിൽ റവന്യൂ മന്ത്രിയായിരുന്ന ഖഡ്സെക്ക് വ്യവസായ വകുപ്പിെൻറ ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്ന് രാജിവെക്കേണ്ടിവന്നു.
ഖഡ്സെയുടെ ദാവൂദ് ബന്ധവും വിവാദമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിക്കാൻ ശ്രമിച്ച ഖഡ്സെ മകൾക്ക് ടിക്കറ്റ് ലഭിച്ചതോടെ പിന്മാറി. എന്നാൽ, മകളെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.