ഇബോബി വഴി കോണ്‍ഗ്രസ്; അസം, അരുണാചല്‍ വഴി ബി.ജെ.പി
text_fieldsരണ്ടര മാസത്തിലേറെയായി ഉപരോധത്തില്‍ ദേശീയപാതകള്‍ അടഞ്ഞുകിടന്ന് ജനം പെരുവഴിയിലായിരിക്കുമ്പോഴാണ് മണിപ്പൂരിന് മുകളില്‍ തെരഞ്ഞെടുപ്പ് വന്നുവീണിരിക്കുന്നത്. മണിപ്പൂരില്‍ പ്രത്യേക സേനാധികാരം (അഫ്സ്പ) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 16 വര്‍ഷമായി അനുഷ്ഠിച്ച നിരാഹാരം ഇറോം ശര്‍മിള അവസാനിപ്പിച്ചശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഐക്യനാഗ കൗണ്‍സിലിന്‍െറ ഉപരോധമായിരിക്കും പ്രധാന പ്രചാരണവിഷയം.
മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങിനെ മുന്നില്‍ നിര്‍ത്തി ഇത് നാലാം തവണയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 15 വര്‍ഷത്തെ ഭരണത്തിനെതിരായ വികാരമത്രയും പ്രതിഫലിക്കുമെന്ന് ഭയക്കുമ്പോഴും മണിപ്പൂരില്‍ കോണ്‍ഗ്രസിന് മുന്നില്‍ മറ്റൊരു വഴിയുമില്ല. അസമും അരുണാചല്‍പ്രദേശും പിടിച്ചെടുത്ത വര്‍ധിതവീര്യത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളൊന്നാകെ കോണ്‍ഗ്രസ് മുക്തമാക്കാനാണ് ബി.ജെ.പിയുടെ പടപ്പുറപ്പാട്.
കഴിഞ്ഞ ഏതാനും വര്‍ഷമായി സംസ്ഥാനത്തെ സംഘടനാ അംഗസംഖ്യ വര്‍ധിപ്പിച്ച ആര്‍.എസ്.എസ് ആദ്യ ബി.ജെ.പി സര്‍ക്കാറിനെ കൊണ്ടുവരുന്നതിന് അരയും തലയും മുറുക്കി രംഗത്തുണ്ട്. ജനുവരിയില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 278ല്‍ 62 സീറ്റ് ബി.ജെ.പി നേടിയിരുന്നു. ഇംഫാല്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സാന്നിധ്യമറിയിച്ചു.
ഹാട്രിക് തികച്ച ഇബോബി സര്‍ക്കാറിന് വിരാമമിടാന്‍ ബി.ജെ.പി കോണ്‍ഗ്രസിലെ അദ്ദേഹത്തിന്‍െറ വൈരികളെതന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ഇബോബിയുടെ ബദ്ധവൈരിയായിരുന്ന യുംഖും ഇറബോട്ട് സെപ്റ്റംബറിലാണ് ബി.ജെ.പിയിലേക്ക് കൂടുമാറിയത്. ഇതിന് പിറകെ ഗോത്രനേതാക്കളായ ഫ്രാന്‍സിസ് ഗജോക്പ, പാര്‍ട്ടി വക്താവും ഉപാധ്യക്ഷനുമായ എന്‍. ബിരെന്‍ എന്നിവരും ബി.ജെ.പിയെ പുല്‍കി. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഉപമുഖ്യമന്ത്രി ഗെയ്ഖംഗമിനെതിരെ 20 എം.എല്‍.എമാരുമായി പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു ബിരെന്‍.
മന്ത്രിസഭ പുനഃസംഘടനയായിരുന്നു ബിരെന്‍ ആവശ്യപ്പെട്ടിരുന്നത്. മന്ത്രിസഭയിലെടുക്കാതെ ബിരെനിന് കോണ്‍ഗ്രസ് ഉപാധ്യക്ഷ പദവി കൊടുത്തെങ്കിലും അതുകൊണ്ട് തൃപ്തിപ്പെട്ടില്ല. പ്രതിപക്ഷം ശക്തമല്ലാത്തതായിരുന്നു ഇബോബിയുടെ ജയം ഇതുവരെ അനായാസമാക്കിയത്. എന്നാലിത്തവണ കോണ്‍ഗ്രസ് നേതാക്കളുടെ നിര ബി.ജെ.പിയിലത്തെിയതോടെ ശക്തരായ എതിരാളി എന്ന നിലയിലേക്ക് അവര്‍ മാറിയിട്ടുണ്ട്. അതുകൊണ്ടാണ് സഖ്യമില്ലാതെ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബി.ജെ.പി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കാല്‍കീഴിലാക്കാന്‍ മുന്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍െറ നേതൃത്വത്തിലെ അസം സര്‍ക്കാറിനെ ഉപയോഗിച്ച് ബി.ജെ.പി തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനിടയിലാണ് മണിപ്പൂരില്‍ ഉപരോധം വന്നത്. നാഗകളുടെ ഉപരോധവും മെയ്തികളുടെ ബദല്‍ ഉപരോധവും മണിപ്പൂരിനെ സ്തംഭിപ്പിച്ചിരിക്കുകയാണ്.
മണിപ്പൂരില്‍ പുതുതായി ഏഴ് ജില്ലകളുണ്ടാക്കിയതാണ് ഉപരോധത്തിലേക്ക് നയിച്ചത്. നാഗ വോട്ടുകളെ ദുര്‍ബലപ്പെടുത്തുന്നതരത്തിലാണ് വിഭജനമെന്ന് ആരോപിച്ച നാഗകള്‍ തങ്ങള്‍ക്ക് മാത്രമായുള്ള നാഗാലിം എന്ന പഴയ ആവശ്യം ഉയര്‍ത്തി. മണിപ്പൂരിലെയും അസമിലെയും അരുണാചലിലെയും നാഗകളുടെ വാസമേഖലകളെ ഉള്‍പ്പെടുത്തി വിശാല നാഗാലാന്‍ഡ് ആണ് നാഗകളുടെ ആത്യന്തിക ലക്ഷ്യം.
ജില്ല രൂപവത്കരണത്തിനെതിരായ നാഗകളുടെ ഉപരോധത്തെ രാഷ്ട്രീയലക്ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ ഗൗനിക്കാതെ വിട്ടതാണ് സ്ഥിതി വഷളാക്കിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഉപരോധത്തിന് പിന്നിലുള്ള ഐക്യനാഗ കൗണ്‍സിലിനെ സഹായിക്കുന്ന തീവ്രവാദ സംഘടനയായ എന്‍.എസ്.സി.എന്‍ നേതാവ് ഇസാക് മ്യൂവയെ ഡല്‍ഹിയിലേക്ക് നേരിട്ട് വിളിച്ചുവരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാന കരാറുണ്ടാക്കിയ കാര്യം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
മറുഭാഗത്ത് നാഗകളുടെ എതിരാളികളായ മെയ്തികളുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കുകയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജില്ലകളുണ്ടാക്കി മുഖ്യമന്ത്രി ചെയ്തതെന്ന് ബി.ജെ.പിയും ആരോപിക്കുന്നു. ഇരു ഗോത്രങ്ങളും തമ്മിലെ പക രക്തച്ചൊരിച്ചിലുകളുടെകൂടി ചരിത്രമാണ്. 2011ല്‍ നാഗകള്‍ നടത്തിയ 100 ദിവസം നീണ്ട ഉപരോധത്തിന്‍െറ ബലിയാടായി ഉയര്‍ത്തിക്കാണിച്ചായിരുന്നു 2012ല്‍ ഇബോബിയുടെ പ്രചാരണം. അത് ഫലിക്കുകയും ചെയ്തു. ഇത്തവണ അത് ആവര്‍ത്തിക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്നു കാണണം.
കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് നിരാഹാരം അവസാനിപ്പിക്കുമ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇറോം ശര്‍മിള വ്യക്തമാക്കിയിരുന്നു.
‘പീപ്ള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ്’ എന്ന ശര്‍മിളയുടെ പുതിയ പാര്‍ട്ടി മുഖ്യമന്ത്രി ഒക്റാമിന്‍െറ മണ്ഡലമായ ഖാന്‍ഗബോകിലും ഖുറൈയിലും മത്സരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.