തോൽവിയുടെ കാരണമെന്ത്?; പഴിയത്രയും പിണറായിക്ക്
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരിച്ചടി ചർച്ച ചെയ്ത സി.പി.എം ജില്ലതല യോഗങ്ങളിലും തോൽവിയുടെ പഴി മുഖ്യമന്ത്രി പിണറായി വിജയന്. ലോക്സഭ തെരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിക്ക് സംസ്ഥാന സെക്രട്ടേറിയറ്റിലും സമിതിയിലും പിണറായി വിജയനെ പ്രതിക്കൂട്ടിൽ നിർത്തിയതിന് പിന്നാലെയാണ് ജില്ലകളിലും വിമർശനം ഉയർന്നത്. പുറത്തുവന്ന വിവരങ്ങളനുസരിച്ച് ജില്ല കമ്മിറ്റി അവലോകനങ്ങളിലെ പിണറായി വിമർശനം കുറേക്കൂടി രൂക്ഷമാണ്.
പിണറായിയുടെ സ്വന്തം തട്ടകമായ കണ്ണൂർ ജില്ല യോഗത്തിൽ മകൾ വീണാ വിജയന്‍റെ മാസപ്പടി വിഷയം വരെ ഉന്നയിക്കപ്പെട്ടു. വീണക്കെതിരായ ആരോപണത്തിന് പാർട്ടി എന്തിന് പരിചയൊരുക്കുന്നെന്നായിരുന്നു ജില്ല നേതാക്കളുടെ ചോദ്യം. വീണ മറുപടി പറയാത്തത് എന്തുകൊണ്ട്. എ.കെ. ബാലനെപോലുള്ള മുതിർന്ന നേതാക്കൾ എന്തിന് വീണയുടെ വക്കീലിനെ പോലെ സംസാരിച്ചെന്നും ചോദ്യമുയർന്നു.
മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ ന്യായീകരിക്കാൻ പാർട്ടി സംവിധാനം ഉപയോഗിക്കാതെ കോടിയേരി ബാലകൃഷ്ണൻ കാട്ടിയ മാതൃക പിണറായിക്ക് പിന്തുടരാനായില്ലെന്നായിരുന്നു എറണാകളും ജില്ല കമ്മിറ്റിയിലെ വിമർശനം. മൈക്കിനോടും അവതാരകയോടും അരിശം കാട്ടിയ മുഖ്യമന്ത്രിയുടെ അസഹിഷ്ണുത ജനം ലൈവായി കാണുന്നുണ്ടെന്ന് മനസ്സിലാക്കണമെന്നായിരുന്നു പത്തനംതിട്ടയിൽ കേട്ട മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് കാലത്തെ വിദേശവിനോദയാത്ര ഒഴിവാക്കേണ്ടതായിരുന്നെന്നും അവിടെ അഭിപ്രായമുയർന്നു.
മുഖ്യമന്ത്രിയുടെ നവകേരള ബസ് യാത്ര ഗുണം ചെയ്തില്ലെന്നുമാത്രമല്ല തിരിച്ചടിച്ചെന്നും കോഴിക്കോട്ട് വിലയിരുത്തലുണ്ടായി. ബസിന് കരിങ്കൊടി കാണിച്ചവരെ തല്ലിയത് രക്ഷാപ്രവർത്തനമായി വിശദീകരിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം ജനത്തിന് ദഹിച്ചില്ല. ദേശീയതലത്തിൽ മോദി പ്രഭാവം എന്നതുപോലെ കേരളത്തിൽ പിണറായി പ്രഭാവവും തീരുകയാണെന്നും വീണാ വിജയൻ ഉൾപ്പെട്ട വിവാദങ്ങളും മറ്റും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും കാസർകോട്ട് വിമർശനമുണ്ടായി.
തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തെ വിമർശിച്ച ഇടതുസഹയാത്രികനായ പുരോഹിതൻ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ കടന്നാക്രമിച്ചതുപോലുള്ള പെരുമാറ്റം മുഖ്യമന്ത്രി തിരുത്തിയേ തീരൂവെന്ന് കൊല്ലം, എറണാകുളം ജില്ല കമ്മിറ്റികളിൽ ആവശ്യമുയർന്നു. ചർച്ചയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും വിമർശനത്തിനിരയായി. ഇ.പി അടക്കമുള്ളവർക്ക് മൗനാനുവാദം നൽകുന്നത് പിണറായിയെന്നും ആക്ഷേപമുയർന്നു.
തോൽവിക്ക് പല കാരണങ്ങൾ കണ്ടെത്തിയെങ്കിലും എല്ലാ ജില്ലകളിലും ഉയർന്നുകേട്ടത് പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങളാണ്. വി.എസുമായുള്ള പോരിന് ശേഷം പാർട്ടിയിൽ പിണറായി വിജയനുനേരെ കടുത്ത വിമർശനം ഉയരുന്നത് ആദ്യമാണ്. മുഖ്യമന്ത്രി കൊല്ലത്തെ കമ്മിറ്റിയിൽ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യമുയർന്നു. എന്നാൽ, നേതൃമാറ്റം പൊലുള്ള അഭിപ്രായങ്ങൾ ഒരിടത്തും ഉയർന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഘടകകക്ഷി യോഗങ്ങളിലും പ്രതി
തിരുവനന്തപുരം: സ്വന്തം പാർട്ടിക്ക് പുറമെ, ഘടകകക്ഷികളിൽനിന്നും മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങളുണ്ട്. സി.പി.ഐ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ല കമ്മിറ്റികളിൽ പിണറായി വിജയനെതിരെ അംഗങ്ങൾ രംഗത്തുവന്നു.
മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. അതു തുറന്നുപറയാനുള്ള ആർജവം സി.പി.ഐ കാട്ടണമെന്ന് തിരുവനന്തപുരം ജില്ല യോഗത്തിൽ അഭിപ്രായമുയർന്നു. മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും മാറേണ്ട സമയമായി. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്‍റെ പിടിയിലാണ്. മേജർ ഓപറേഷൻതന്നെ വേണ്ടിവരും. എന്നിങ്ങനെയാണ് എറണാകുളം, കോഴിക്കോട് ജില്ലകളിൽനിന്ന് കേട്ട വിമർശനം.
കോട്ടയത്തെ തോൽവിയിൽ കേരള കോൺഗ്രസ് മാണി വിഭാഗവും മുഖ്യമന്ത്രിയെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. നവകേരള സദസ്സിൽതന്നെ പരസ്യമായി ശകാരിച്ചത് തോൽവിക്ക് ഒരു കാരണമാണെന്ന് സ്ഥാനാർഥി തോമസ് ചാഴികാടൻ തന്നെ പാർട്ടി യോഗത്തിൽ തുറന്നടിച്ചു. സി.പി.എം രാജ്യസഭ സീറ്റ് വീട്ടുനൽകിയ സാഹചര്യത്തിൽ കടുത്ത വിമർശനം ജോസ് കെ. മാണി വിലക്കിയെങ്കിലും ചാഴികാടന്‍റെ വികാരമാണ് മാണി ഗ്രൂപ്പിൽ പൊതുവായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.