‘പൂതന’ ആയുധമാക്കി യു.ഡി.എഫ്; പ്രതിരോധവുമായി എൽ.ഡി.എഫ്
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ, ഉപതെരഞ്ഞെടുപ്പ് നടക് കുന്ന അരൂരിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ പോരുമുറുകുന്നു. റോഡുപണി തടസ്സപ്പെടുത്തുകവഴി ഷാനിമോൾ വികസനത്തിനെതിരാണെന്ന് വരുത്തിതീർക്കുകയായിരുന്നു എൽ.ഡി.എഫ് നീക്കം. എന്നാൽ, ഇതിനെ ബോധപൂർവം കേസിൽ കുടുക്കാനുള്ള നീക്കമായി സ്ഥാപിച്ചെടുക്കാനുള്ള സാധ്യതകളാണ് യു.ഡി.എഫ് തേടിയത്. അതിനുള്ള നീക്കം നടക്കുന്നതിനിടെയാണ് മന്ത്രി ജി. സുധാകരെൻറ ‘പൂതന’ പ്രയോഗം നിനച്ചിരിക്കാതെ വീണുകിട്ടിയത്. കഴിഞ്ഞ ദിവസം ചേർത്തല തൈക്കാട്ടുശ്ശേരിയിൽ കുടുംബയോഗത്തിനിടെയാണ് വിവാദപരാമർശം ഉണ്ടാകുന്നത്.
റോഡ് വിഷയവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ച മന്ത്രി, കള്ളംപറഞ്ഞും മുതലക്കണ്ണീരൊഴുക്കിയുമാണ് യു.ഡി.എഫിെൻറ പ്രചാരണമെന്ന് പറയവെ, യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോളെ ഉദ്ദേശിച്ച് ‘പൂതന’മാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് പറഞ്ഞുവെന്നാണ് ആരോപണം.
മന്ത്രി ജി. സുധാകരനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കുത്തിയതോട് വില്ലേജ് ഓഫിസിലേക്ക് ശനിയാഴ്ച മാർച്ചും ഉപവാസസമരവും നടത്തി.
സ്ഥാനാർഥി ഷാനിമോൾ ഉസ്മാെൻറ നേതൃത്വത്തിൽ പ്രകടനമായി എത്തിയാണ് വില്ലേജ് ഓഫിസ് ഉപരോധിച്ചത്. ഇതിനിടെ ഡി.സി.സി പ്രസിഡൻറ് എം. ലിജുവിെൻറ പരാതിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ പരാമർശത്തെക്കുറിച്ച് അന്വേഷിക്കാൻ വരണാധികാരിയായ ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എതിരാളികൾക്ക് അടിക്കാൻ വടികൊടുക്കുന്ന രീതി തെരഞ്ഞെടുപ്പുകാലത്ത് ഒഴിവാക്കണമെന്ന അഭിപ്രായം സി.പി.എം നേതൃത്വത്തിനുള്ളതായി അറിയുന്നു. അറിയാതെപോലും നേതാക്കളുടെ വായിൽനിന്ന് അബദ്ധങ്ങൾ പുറത്തുവരരുതെന്ന നിർദേശമാണ് ലഭിച്ചിരിക്കുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ രമ്യ ഹരിദാസിെൻറ വിജയത്തിന് വഴിയൊരുക്കിയത് എൽ.ഡി.എഫ് കൺവീനർ കൂടിയായ മുതിർന്ന നേതാവ് വിജയരാഘവെൻറ പ്രസംഗത്തിലെ പരാമർശമാണെന്ന അഭിപ്രായം സി.പി.എമ്മിലുണ്ട്.
അതിെൻറ തനിയാവർത്തനമായി അരൂരിൽ ‘പൂതന’ പ്രയോഗം വഴിവെക്കുമോയെന്ന ആശങ്ക സി.പി.എമ്മിന് ഇല്ലാതില്ല. എന്ത് വിലകൊടുത്തും അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് അണികൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
മന്ത്രി ഷാനിമോളെ സഹോദരിയെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.