സുന്ദരി മലമുകളില്‍ അത്ര സുന്ദരമല്ല ജീവിതം
text_fieldsകടുവയും പുലിയും മേയുന്ന കാട്ടില്‍ സമുദ്രനിരപ്പില്‍നിന്ന് 7526 അടി മുകളിലാണ് ദരോത്തി സീറ്റ്. ഹിമാലയന്‍ മലനിരകളുടെ കാഴ്ച വേണ്ടുവോളം ആസ്വദിക്കാവുന്ന ഇടം. അമിതാഭ് ബച്ചനും ഷാറൂഖ് ഖാനും ഉള്‍പ്പെടെയുള്ളവര്‍ സിനിമ ഷൂട്ടിങ്ങിനായി പലകുറി ഈ മല കയറിയിട്ടുണ്ട്.
മലയുടെ ഉച്ചിയില്‍ ഏതാനും കുടുംബങ്ങളുണ്ട്. സഞ്ചാരികളെ കോരിത്തരിപ്പിക്കുന്ന ദരോത്തി സീറ്റിന്‍െറ സൗന്ദര്യമൊന്നും പക്ഷേ, മലവാസികളുടെ ജീവിതത്തിനില്ല. ഒരു കുടം വെള്ളത്തിന് ആറു കി.മീ മലയിറങ്ങി വരണം. കുട്ടികളെ അയക്കാന്‍ അടുത്തൊന്നും സ്കൂളില്ല. രോഗം വന്നാല്‍, കുടിലില്‍ കിടന്നു നരകിക്കുകതന്നെ. ആശുപത്രി പോയിട്ട് ഒരു ക്ളിനിക്കുപോലും അടുത്തെങ്ങുമില്ല. നിലമ്പൂര്‍ കാടുകളിലെ ചോലനായ്ക്കരുടെയും മറ്റും ജീവിതവുമായി ചേര്‍ത്തുപറയാവുന്ന അവസ്ഥ.
ഇത് ദരോത്തി സീറ്റിന്‍െറ മാത്രം കാര്യമല്ല. ഇത്തരത്തില്‍ ആയിരക്കണക്കിന് ഗ്രാമങ്ങളുണ്ട് ഉത്തരാഖണ്ഡില്‍. എത്തിപ്പെടാന്‍ റോഡുകളോ, വൈദ്യുതിയോ, പൈപ്പ് വെള്ളമോ ഇല്ലാത്ത ഇവിടങ്ങളില്‍നിന്ന് ജനം കുടിയൊഴിഞ്ഞുപോവുകയാണ്. പൗരി ജില്ലയില്‍മാത്രം 336 ഗ്രാമങ്ങള്‍ ഇങ്ങനെ ആളൊഴിഞ്ഞ നിലയിലാണ്. ‘പ്രേത ഗ്രാമങ്ങള്‍’ എന്നാണ് ഈ ഗ്രാമങ്ങള്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. ആളൊഴിഞ്ഞ ഗ്രാമങ്ങളില്‍ പ്രേതഭവനങ്ങള്‍പോലെ കുറേ കെട്ടിടങ്ങള്‍മാത്രം. ദരോത്തി സീറ്റിലും അതുപോലെ മലമുകളിലെ ഗ്രാമങ്ങളിലും ഇപ്പോഴുമുള്ളവര്‍ മാറിപ്പോകാന്‍ ഇടമില്ലാത്തവര്‍ മാത്രമാണ്. 40കാരനായ ത്രിലോകും കുടുംബവും പൂര്‍വികരുടെ കാലം മുതലേ ദരോത്തി സീറ്റിലാണ് താമസം.
തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ത്രിലോകും ഭാര്യയും പറഞ്ഞതത്രയും മലമുകളിലെ ദുരിത ജീവിതത്തെക്കുറിച്ചാണ്.
മലയിടുക്കിലെ അരുവികളൊക്കെ മഴക്കാലം കഴിയുന്നതോടെ വറ്റും. മുമ്പ് വര്‍ഷം മുഴുവന്‍ വെള്ളം തന്നിരുന്ന അരുവികള്‍ വറ്റുമ്പോള്‍ തൊണ്ട നനക്കാന്‍ വെള്ളമില്ലാത്ത നിലയെക്കുറിച്ച് അധികാരികളോട് പറഞ്ഞിട്ടും കേട്ട ഭാവമില്ളെന്ന് ത്രിലോക് പറഞ്ഞു. ദരോത്തി സീറ്റിലേക്ക് പൈപ്പ് വെള്ളം ചോദിച്ച് രാഷ്ട്രപതിക്കുവരെ കത്തെഴുതി. മറുപടിപോലും കിട്ടിയില്ല.
മലമുകളിലുള്ളവരെ ആര്‍ക്കും വേണ്ട. വോട്ടു ചോദിച്ചുപോലും സ്ഥാനാര്‍ഥികളോ, അവരുടെ ശിങ്കിടികളോ മലകയറാറില്ളെന്ന് ത്രിലോക് പറഞ്ഞു. കോണ്‍ഗ്രസും ബി.ജെ.പിയും മാറി മാറി ഭരിച്ചിട്ടും മലവാസികള്‍ക്കും ഒന്നും കിട്ടിയില്ളെന്ന് ത്രിലോക് പറഞ്ഞു. ഇക്കുറി വോട്ട് ആര്‍ക്കെന്ന് ചോദ്യത്തിന് മറുപടി പറഞ്ഞത് ത്രിലോകിന്‍െറ കുടുംബിനിയാണ്. പൈപ്പ് വെള്ളമത്തെിക്കാമെന്ന് വെറുതെ ഒരു ആശ്വാസ വാക്കെങ്കിലും പറയുന്ന പാര്‍ട്ടിക്ക് വോട്ട് നല്‍കാം.
നേതാക്കളാരും കയറിവരാത്ത മലമുകളില്‍ വെറുവാക്ക് പോലും ത്രിലോകിനും കുടുംബത്തിനും കിട്ടാക്കനിയാണ്. അവഗണനയുടെ മലമുകളിലെ ദുരിത ജീവിതം തുടരുന്ന ഗ്രാമീണരായ ലക്ഷങ്ങളുടെ പ്രതിനിധികളാണ് ത്രിലോകും കുടുംബവും. 2000ല്‍ യു.പിയില്‍നിന്ന് അടര്‍ത്തി മാറ്റി ഉത്തരാഖണ്ഡ് എന്ന കൊച്ചു സംസ്ഥാനം രൂപവത്കരിക്കുമ്പോള്‍ മലവാസികള്‍ ഏറെ സ്വപ്നം കണ്ടിരുന്നു. ലഖ്നോവില്‍നിന്ന് നോക്കിയാല്‍ തങ്ങളുടെ ദുരിതം കാണാത്തതിന്‍െറ പ്രശ്നമുണ്ടാകില്ളെന്ന് ഉത്തരാഖണ്ഡ് രൂപവത്കരണത്തിനുള്ള പോരാട്ടത്തില്‍ പങ്കാളിയായ ഉത്തരാഖണ്ഡ് ക്രാന്തിദള്‍ നേതാവ് പുഷ്പേഷ് ത്രിപാഠി പറഞ്ഞു.
എന്നാല്‍, അധികമൊന്നും അകലെയല്ലാത്ത ഡെറാഡൂണില്‍നിന്ന് ഭരണചക്രം തിരിക്കുന്നവരുടെ ദൃഷ്ടിയും മലമുകളിലേക്ക് എത്തുന്നില്ല. ഈ വിമര്‍ശനമാണ് മലമുകളിലെ മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ഥികളുള്ള ഉത്തരാഖണ്ഡ് ക്രാന്തിദള്‍ പ്രചാരണ യോഗങ്ങളില്‍ കാര്യമായി ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.