ഇ.പിയുടെ മകന്റെ വിവാദ റിസോർട്ട്: നഗരസഭ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരാതി മുക്കി
text_fieldsകോഴിക്കോട് : സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തിയ സ്ഥലമാണ് മൊറാഴ. അവിടെനിന്നാണ് ഇപ്പോൾ കേൾക്കുന്നത് എൽ.ഡി.എഫ് കണ്‍വീനറും സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി നേതാവുമായ ഇ.പി ജയരാജന്റെ മകന്റെ റിസോർട്ട് നിർമാണത്തിലെ ആരോപണമാണ്. മൊറാഴ ഉടുപ്പിലെ പത്ത് ഏക്കറിലെ കുന്നിടിച്ചാണ് ഇ.പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വകാര്യ കമ്പനി റിസോര്‍ട്ട് നിർമിച്ചത്.
10 ഏക്കര്‍ വിസ്തൃതിയില്‍ കുന്നിടിച്ച് ആയുര്‍വേദ റിസോര്‍ട്ടും ആശുപത്രിയും നിർമിക്കുന്നതിനെതിരെ ആദ്യം രംഗത്തുവന്നത് ശാസ്ത്രസാഹിത്യ പരിഷത്ത് ആയിരുന്നു. ഉടുപ്പ് കുന്നിനെ പൂര്‍ണമായും ഇല്ലാതാക്കിക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനത്തിലെ പാരിസ്ഥിതികാഘാതം പഠിക്കണമെന്ന് പരിഷത്ത് പരാതി നല്‍കി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് രണ്ട് വന്‍ കിണറുകളും രണ്ട് കുഴല്‍ക്കിണറുകളും റിസോര്‍ട്ടിന്റെ ഭാഗമായി നിർമിക്കുന്നുണ്ടെന്നും പരിഷത്ത് രേഖാമൂലം പരാതി നല്‍കി. എന്നാല്‍, ഇതില്‍ യാതൊരുവിധ നടപടിയും ഉണ്ടായില്ല.
വന്‍പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന നിര്‍മാണപ്രവര്‍ത്തനത്തിനെതിരെ പരിഷത്ത് പരാതി നല്‍കിയിട്ടും പാർട്ടി കണ്ടതായി നടിച്ചില്ല. ജയരാജന്റെ മകനൊപ്പം വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട് നിർമിക്കുന്നതെന്ന് പാർട്ടി പത്രത്തിലെ ലേഖകർക്കുപ്പെടെ അറിയാമായിരുന്നു. പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയാണ് നിർമാണത്തിന് അനുമതി നല്‍കിയത്.
30 കോടി രൂപ മുതല്‍മുടക്കില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോര്‍ട്ട് നിര്‍മിച്ചത്. ജയ്സണും വ്യവസായിയായ കളത്തില്‍ പാറയില്‍ രമേഷ് കുമാറും ചേര്‍ന്നാണ് കമ്പനി രൂപീകരിക്കുന്നതെന്നാണ് ആരോപണം. ജയരാജൻ നിഷേധിക്കുമ്പോഴും മകന്‍ ചെയര്‍മാനും രമേഷ് കുമാര്‍ മാനേജിംഗ് ഡയറക്ടറുമായ കമ്പനിയാണിത്. കണ്ണൂരിലെ പ്രമുഖവ്യവസായ ഗ്രൂപ്പിന്റെ പ്രതിനിധി ഉൾപ്പെടെ വന്‍ വ്യവസായികളടക്കം ഏഴുപേരാണ് കമ്പനി ഡയറക്ടര്‍മാര്‍.
2016 ഒക്ടോബർ 27 നാണ് പ്രതിപക്ഷം പോലുമില്ലാത്ത ആന്തൂര്‍ നഗരസഭ ബില്‍ഡിങ് പെര്‍മിറ്റിന് അനുമതി നൽകിയത്. നഗരസഭ രൂപീകരിച്ച് ഒരാഴ്ചക്കകമാണ് റിസോര്‍ട്ട് നിർമാണത്തിനുള്ള അനുമതി നൽകി. രാഷ്ട്രീയ സ്വാധീനത്താൽ നഗരസഭ കണ്ണടച്ചതിനാലാണ് നിർമാണം നടന്നത്.2014ലാണ് അരോളിയിൽ ഇ.പി ജയരാജന്റെ വീടിന് തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്.
ഇ. പി ജയരാജന്റെ മകൻ ജയ്സണാണ് കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. തലശ്ശേരിയിലെ കെട്ടിട നിർമാണക്കരാറുകാരനാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി.കണ്ണൂരിൽ നിന്നുള്ള പല സി.പി.എം നേതാക്കളുടെയും മക്കൾ വിവാദത്തിൽപ്പെട്ടപ്പോൾ നിശബ്ദം വ്യവസായിത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇ.പിയുടെ മകനെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.