കള്ളവോട്ട്: സി.പി.എം പ്രത്യാക്രമണത്തിന്
text_fieldsതിരുവനന്തപുരം: കള്ളവോട്ട് ആരോപണത്തിൽ പ്രതിസ്ഥാനത്തുള്ള സി.പി.എം പ്രത്യാക്രമണ ത്തിനൊരുങ്ങുന്നു. കള്ളവോട്ട് വിഷയത്തിൽ തങ്ങളെ മാത്രം കുറ്റക്കാരാക്കുന്ന സാഹചര്യത്തിലാണ് പ്രതിേരാധത്തിൽനിന്ന് കടന്നാക്രമണത്തിലേക്ക് നേതൃത്വം ചുവടുമാറ്റിയത്. മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറുടെ നടപടികളിൽ സ്വാഭാവിക നീതിനിഷേധമുണ്ടെന്ന് ആരോപിച്ച് സി.പി.എം രംഗത്തെത്തിയത് അതിെൻറ ഭാഗമായാണ്. കള്ളവോട്ട് ആരോപണത്തിെൻറ കറ തങ്ങളുടെ മേൽ മാത്രമല്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. എൽ.ഡി.എഫ് ഭരണത്തണലിലാണ് സി.പി.എം കള്ളവോട്ട് ചെയ്തതെന്ന ആരോപണം ഉയർന്നിട്ടും മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.െഎ പോലും പ്രതിരോധിക്കാൻ തുനിയാത്തത് ശ്രദ്ധേയമാണ്. പ്രതിരോധവും പ്രത്യാക്രമണവുമായി സി.പി.എം ഒറ്റക്ക് മുന്നോട്ടുപോകേണ്ട അവസ്ഥയാണ്.
മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറുടെ നിഗമനവും ശിപാർശയും അനവധാനതയോടെ ആയിരുന്നെന്ന ആക്ഷേപമാണ് സി.പി.എം പൊതുസമൂഹത്തിന് മുന്നിൽ വെക്കുന്നത്. തങ്ങളുടെ പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്നുപേർ കള്ളവോട്ട് ചെയ്തെന്ന നിഗമനത്തിലെത്തിയത് വസ്തുനിഷ്ഠമായല്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാദിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറുടെ വാദങ്ങൾക്ക് ഇടയിലെ ‘വിടവുകൾ’ തങ്ങൾക്ക് അനുകൂലമായി ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൂടി ആരോപണത്തിെൻറ പുകമറയിൽ നിർത്തുകയെന്ന തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്വാധീനമുള്ള ശക്തികേന്ദ്രങ്ങളിൽ കള്ളവോട്ട് നടക്കാറുണ്ടെന്നും അത് സർവസാധാരണമാണെന്നും കൂടിയാണ് പാർട്ടി പറഞ്ഞുവെക്കുന്നത്.
കാസർകോട് മണ്ഡലത്തിലെ ഒരു ബൂത്തിൽ തങ്ങൾക്കെതിരെ ഉയർന്ന ആക്ഷേപത്തിൽ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും നിഗമനത്തിലെത്തുകയും ചെയ്ത മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറെയും സംശയ നിഴലിൽ നിർത്തുന്നു. മുസ്ലിം ലീഗിലേതുൾപ്പെടെ യു.ഡി.എഫ് അംഗങ്ങൾ ചെയ്ത കള്ളവോട്ടിെൻറ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ അതിൽ സമാന നടപടി എടുത്തില്ലെന്നാണ് ആക്ഷേപം. ഇല്ലാത്ത അധികാരമുപയോഗിച്ചാണ് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പഞ്ചായത്ത് അംഗത്തിനെതിരെ നടപടിക്ക് ശിപാർശ ചെയ്തതെന്ന ഗുരുതര ആരോപണവും സി.പി.എം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.