ഫെഡറലിസം: കേരള നിലപാടിന് അടിവരയിട്ട് മോദിയുടെ പരിഹാസം
text_fieldsതിരുവനന്തപുരം: ഫെഡറലിസം സംബന്ധിച്ച് കേരളം ഉയർത്തിയ പ്രശ്നം പ്രസക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ജി.എസ്.ടി, ധനകാര്യ കമീഷൻ വിഷയങ്ങളിൽ കേന്ദ്രത്തിന് നിഷേധാത്മക നിലപാടാണെന്ന ആക്ഷേപമായിരുന്നു കേരളത്തിന്. വ്യാഴാഴ്ച സർവകക്ഷി സംഘവുമായെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അപഹസിച്ച മോദിയുടെ നിലപാട് ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം ഞെരിച്ചു കൊല്ലുെന്നന്ന കേരള നിലപാടിന് അടിവരയിടുന്നതായി. രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞത് സി.പി.എമ്മിനും എൽ.ഡി.എഫിനും രാഷ്ട്രീയ നേട്ടമായി. ഒപ്പം നിന്ന യു.ഡി.എഫും രാഷ്ട്രീയ പങ്ക് പറ്റി, എന്നാൽ, ബി.ജെ.പി ഒറ്റപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് താലത്തിൽവെച്ച് നൽകിയ രാഷ്ട്രീയ വിഭവമായി പ്രധാനമന്ത്രിയുടെ പരിഹാസം. കക്ഷി രാഷ്ട്രീയ കണ്ണിലായിരുന്നു മോദിയുടെ പ്രതികരണം എന്ന വികാരമാണ് പൊതുസമൂഹത്തിൽ. അപമാനകരമായ നിലപാടുകളോട് കർക്കശമായി പ്രതികരിക്കുന്ന മുഖ്യമന്ത്രി സ്വീകരിച്ച സംയമനതന്ത്രവും ബി.ജെ.പിയെയും കേന്ദ്ര സർക്കാറിനെയും ഒറ്റപ്പെടുത്തുന്നതാണ്. ഇത് പ്രതിപക്ഷത്തിെൻറ ആയുധമാകുന്നതോടെ കേരളത്തിൽ വിയർക്കുക ബി.ജെ.പിയാവും. വർഷത്തിൽ ഏറെ സമയവും വിദേശ സന്ദർശനത്തിന് ചെലവഴിക്കുന്ന പ്രധാനമന്ത്രിയാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയെ പരിഹസിച്ചത്. ഇത് തിരിഞ്ഞുകുത്തുമെന്ന് ബി.ജെ.പി നേതാക്കൾക്ക് ആശങ്കയുണ്ട്.
ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രത്തിനെതിരായ നിലപാടിലേക്ക് ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ എത്തിക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു. ഒടുവിൽ ഡൽഹിയിൽ ‘ആപ്’ സർക്കാറിെൻറ സമരത്തിൽ പിന്തുണയുമായി ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർ ഒരുമിക്കുകയും ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിയ സമരത്തിന് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്കൊപ്പമെത്തി പിന്തുണ നൽകിയതിെൻറ പ്രതികാരമായും മോദിയുടെ നടപടി വ്യാഖ്യാനിക്കപ്പെടാം.
ഇതര സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തിയ അൽഫോൻസ് കണ്ണന്താനത്തെ കേരളത്തിെൻറ സർവകക്ഷിസംഘത്തിൽ ഉൾപ്പെടുത്തിയില്ലെന്ന പരിഭവവും നിലനിൽക്കില്ല. എ.എൻ. രാധാകൃഷ്ണൻ സംഘത്തിലുണ്ടായിരുന്ന നിലക്ക് സംസ്ഥാന ബി.ജെ.പിയുടെ അസ്ഥിത്വത്തെ തള്ളുന്ന കേന്ദ്ര നേതൃത്വത്തിെൻറ നിലപാടായി ഇത് ആക്ഷേപിക്കപ്പെടുമോയെന്ന ആശങ്കയും സംഘ്പരിവാർ നേതാക്കൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.